
അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പേടിപ്പിക്കുന്ന അന്തരീക്ഷത്തിലാണ് കേരളം. രോഗം ബാധിച്ചാൽ മരിക്കുമെന്ന് പ്രഖ്യാപിച്ചിടത്ത് നിന്ന് 2024-25 വർഷങ്ങളിൽ എട്ട് കുട്ടികളെ ജീവിതത്തിലേക്ക് മടക്കിയെത്തിച്ച ചികിത്സാ സംഘത്തെ നയിച്ചത് ഡോ. അബ്ദുൽ റൗഫാണ്.
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൺസൾട്ടന്റ് പീഡിയാട്രിക് ഇന്റൻസിവിസ്റ്റാണ് ഡോ.അബ്ദുൽ റൗഫ് . തായ്ലൻഡിൽ നടക്കുന്ന പതിനാലാമത് വേൾഡ് സൊസൈറ്റി ഫോർ പീഡിയാട്രിക് കോൺഫറൻസിൽ അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച പ്രബന്ധം അവതരിപ്പിക്കാനെത്തിയ ഡോക്ടർ കേരള കൗമുദിയോട് സംസാരിക്കുന്നു.
കണക്കുകളല്ല, പ്രധാനം പ്രതിരോധം
രോഗമെത്ര, രോഗികളെത്ര, മരണമെത്ര എന്നകാര്യത്തിൽ കൃത്യമായ കണക്ക് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല. കൃത്യമായ ചികിത്സ കിട്ടിയാൽ പേടിക്കേണ്ടതില്ല. ഇക്കാര്യത്തിൽ രോഗികളും കുടുംബവും സമൂഹവും ആരോഗ്യവകുപ്പും സർക്കാരുമെല്ലാം ഒരുപോലെ ഉണർന്ന് പ്രവർത്തിക്കണം.
കെട്ടിക്കിടക്കുന്ന വെള്ളവും ക്ലോറിനേറ്റ് ചെയ്യാത്ത കുളങ്ങളുമാണ് പ്രധാന വില്ലൻ. മാദ്ധ്യമങ്ങളിലൂടെയും ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും രോഗത്തെയും അത് പിടിപെടാനുള്ള സാഹചര്യങ്ങളെയും കുറിച്ച് ഒരു വർഷം മുഴുവൻ പ്രചാരണം നടത്തിയെങ്കിലും മലയാളി വേണ്ടത്ര ഗൗരവത്തോടെ കണ്ടിട്ടില്ല.
കഴിഞ്ഞ വർഷം കൂടുതൽ കേസുകൾ ജൂൺ, ജൂലായ് മാസങ്ങളിലായിരുന്നു. ഇത്തവണ ആഗസ്റ്റ് അവസാനത്തോടെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ആദ്യം റിപ്പോർട്ട് ചെയ്തത് 2016ൽ
2016ലാണ് കേരളത്തിൽ ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് ഓരോ വർഷവും കേസുകൾ വരുന്നു. കഴിഞ്ഞ വർഷം 38 കേസുകൾ റിപ്പോർട്ട് ചെയ്തു. എട്ട് പേർ മരിച്ചു. മാരക രോഗമായിരുന്നിട്ടും ശേഷിക്കുന്നവരുടെ ജീവൻ രക്ഷിച്ചത് ആരോഗ്യ മേഖലയുടെ വലിയ നേട്ടമാണ്. രോഗത്തെക്കുറിച്ച് ആരോഗ്യപ്രവർത്തകർക്ക് അവബോധം ലഭിച്ചതും ഫലപ്രദമായ മരുന്ന് ലഭ്യമാക്കിയതുമാണ് ഇതിനു കാരണം.
അമീബയ്‌ക്ക് ജനിതക വ്യതിയാനം
സമീപകാലത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരെ നിരീക്ഷിച്ചാൽ പ്രകടമായ വ്യത്യാസം കാണാം. മലിനജലത്തിൽ മുങ്ങിക്കുളിച്ച് ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുകയും വൈകാതെ മൂർച്ഛിക്കുകയും ചെയ്യുന്നതായിരുന്നു കഴിഞ്ഞ വർഷത്തെ പൊതു രീതി. നെഗ്ലേറിയ ഫൗളേരിയ അമീബകളിൽ നിന്നുണ്ടാകുന്ന രോഗബാധയായിരുന്നു ഇത്. ഈ വർഷം കൂടുതൽ കേസുകളിലും രണ്ടാഴ്ചയോളം കഴിഞ്ഞാണ് രോഗ ലക്ഷണങ്ങൾ പ്രകടമായതും പിന്നീട് മൂർച്ഛിച്ചതും. ശരീരത്തിൽ പ്രവേശിച്ച് കൂടുതൽ ദിവസങ്ങൾ നിശബ്ദമായിരുന്ന ശേഷം സജീവമാകുന്നത് അക്കാന്തമീബ, ബാലമൂത്തിയ മാൺഡ്രിലാരിസ് തുടങ്ങിയ അമീബകളുടെ പ്രത്യേകതയാണ്. പ്രതിരോധക്കുറവുള്ള ആളുകളെയാണ് അക്കാന്തമീബ എന്ന അമീബ ബാധിക്കാറ്. ഇത്തവണ ആരോഗ്യമുള്ളവരെയും ഇതു ബാധിച്ചു. അമീബയ്‌ക്കുണ്ടായ ജനിതക വ്യതിയാനമാണോ ഇതിന് കാരണമെന്നതിൽ കൂടുതൽ പഠനം വേണം.
പ്രതിരോധം ശുചീകരണം
നീന്തൽക്കുളങ്ങൾ ശുചീകരണ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ക്ലോറിനേറ്റ് ചെയ്യണം. അത് കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. പൊതുകുളങ്ങൾ സാദ്ധ്യമായ രീതിയിൽ ശുചീകരിക്കാൻ ചെയ്യാൻ ആരോഗ്യ, തദ്ദേശ വകുപ്പ് അധികൃതർ ശ്രദ്ധിക്കണം. കുളിക്കാൻ പോകുന്നവരും ശ്രദ്ധിക്കേണ്ടതാണ്. ഒഴുക്ക് തീരെയില്ലാത്ത, കെട്ടിക്കിടക്കുന്ന, ആഴം കുറഞ്ഞ സ്ഥലങ്ങളിൽ കുളിക്കരുത്. മലിനപ്പെട്ടിരിക്കാം എന്ന് സംശയിക്കുന്ന സ്ഥലങ്ങളിൽ ചാടിയും മുങ്ങാംകുഴിയിട്ടും കുളിക്കരുത്. നീന്തുകയാണെങ്കിൽ തല ഉയർത്തിപ്പിടിച്ച് മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കണം. മുങ്ങിയേ പറ്റൂ എന്നാണെങ്കിൽ നോസ് ക്ലിപ് ഉപയോഗിച്ച് നീന്തുക. അമീബ കലർന്ന വെള്ളം വായിലൂടെ ഉള്ളിൽ കടന്നാൽ കുഴപ്പമില്ല. ചാടിക്കുളിക്കുമ്പോൾ മൂക്കിലൂടെ അതിശക്ത മർദ്ദത്തോടെ വെള്ളം പ്രവേശിക്കും. വ്യക്തി ശുചിത്വം മാത്രമല്ല, സമൂഹവും ഭരണകൂടങ്ങളും കൂടെ നിന്നാലെ ശരിയായ പ്രതിരോധ പ്രവർത്തനം സാദ്ധ്യമാവൂ. ഒറ്റക്കെട്ടായി സാക്ഷരകേരളം ഉണർന്നു പ്രവർത്തിച്ചാൽ തീരാവുന്നതേയുള്ളൂ അമീബിക് മസ്തിഷ്‌ക ജ്വരമെന്ന ഭീതി.
കെട്ടിക്കിടക്കുന്ന വെള്ളത്തെ ശ്രദ്ധിക്കണം
കെട്ടിക്കിടക്കുന്നതോ ഒഴുക്കു കുറഞ്ഞതോ ആയ വെള്ളത്തിൽ മുങ്ങിക്കുളിക്കുകയോ ചാടിക്കുളിക്കുകയോ ചെയ്യുമ്പോൾ മൂക്കിലെ അരിപ്പ പോലുള്ള ക്രിബ്രിഫോം പ്ലേറ്റ് വഴി അമീബ നേരെ തലച്ചോറിൽ എത്തും. നേരിട്ട് തലച്ചോറിനെ ബാധിക്കുന്നതു കൊണ്ടാണ് ആദ്യകാലത്ത് ഇത് ബ്രെയിൻ ഈറ്റിംഗ് അമീബ എന്ന് അറിയിപ്പെട്ടിരുന്നത്.
കെട്ടിക്കിടക്കുന്ന ഏതു വെള്ളത്തിലും അമീബ ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. നീന്തൽക്കുളങ്ങളുടെയും കൃത്രിമമായി കെട്ടി നിറുത്തിയിരിക്കുന്ന വെള്ളത്തിലും കായലുകളുടെയും പ്രതലങ്ങളിൽ ഇത്തരം അമീബ കാണപ്പെടാവുന്നതാണ്. അത്തരം ജല സ്രോതസുകളെ ക്ലോറിനേഷൻ ചെയ്യുന്നത് തുടരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |