
തിരുവനന്തപുരം: കേരളത്തിലെ നവോത്ഥാന നായകരുടെയും സാമൂഹ്യ പരിഷ്കർത്താക്കളുടെയും പേരിൽ 120 കോടിയുടെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് രൂപം നൽകാൻ കേന്ദ്രം. തൈക്കാട് അയ്യാഗുരുസ്വാമികൾ, മഹാത്മാ അയ്യങ്കാളി, അയ്യാ വൈകുണ്ഠസ്വാമികൾ, പണ്ഡിറ്റ് കെ.പി.കറുപ്പൻ, കവാരിക്കുളം കണ്ടൻ കുമാരൻ, ശുഭാനന്ദ ഗുരുദേവൻ, കുമാര ഗുരുദേവൻ തുടങ്ങിയവരുടെ പേരിലാണ് പദ്ധതി തയ്യാറാക്കുന്നത്.
പ്രധാനമന്ത്റി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്റി അമിത് ഷാ എന്നിവരടക്കമുള്ളവരുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തത്. അവശ,പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച മഹാത്മാക്കളുടെ ജീവിത ദർശനങ്ങൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമാക്കുന്നത്. അവർ പ്രവർത്തിച്ച രംഗങ്ങളിൽ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പഠന കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ, ക്ഷേമപ്രവർത്തന കേന്ദ്രങ്ങൾ, നൈപുണ്യവികസന തൊഴിൽ പരിശീലന സ്ഥാപനങ്ങൾ തുടങ്ങിയവ ആരംഭിക്കും.
മഹാത്മാക്കളുടെ ജന്മസ്ഥലവും പ്രവർത്തന കേന്ദ്രങ്ങളും സമാധിയിടങ്ങളും പ്രധാന സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച സ്ഥലങ്ങളും പരിരക്ഷിക്കുന്നതിന് സഹായങ്ങൾ നൽകും. ജീവിത ചരിത്രവും ആശയദർശനങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
27ഓളം കൈത്തൊഴിലുകൾ ചെയ്യുന്നവർക്കുവേണ്ടി വിശ്വകർമ്മയോജന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. വിശ്വകർമ്മ വില്ലേജുകളുണ്ടാക്കി കല്ലിലും മണ്ണിലും തടിയിലും ലോഹത്തിലും മുളയിലും മറ്റും കൈത്തൊഴിൽ ചെയ്യുന്നവർക്കുവേണ്ടി പ്രോജക്ടുകൾ നടപ്പാക്കും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുവേണ്ടി കൂടുതൽ പദ്ധതികൾ കേന്ദ്ര സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പിന്നാക്കം നിൽക്കുന്ന ജനസമൂഹങ്ങളുടെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹാരത്തിനുമായി കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ഒരു സബ് കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. കമ്മിറ്റിയുടെ രണ്ട് മാസത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സാമൂഹ്യ സാമുദായിക സംഘടനാ നേതാക്കളുമായി രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തി.ഈ പദ്ധതിയുടെ പ്രഖ്യാപനം കേന്ദ്ര സർക്കാർ വൈകാതെ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |