
തിരുവനന്തപുരം: മാസങ്ങളായി കുത്തനെ ഉയർന്നിരുന്ന സവാള വില കുറഞ്ഞു. ഇന്നലെ മൊത്തവ്യാപാര വിപണിയിൽ കിലോയ്‌ക്ക് 22 മുതൽ 28 രൂപ വരെയായിരുന്നു വില. സാധാരണ സെപ്‌തംബർ - ഡിസംബർ കാലയളവിൽ സവാളവില വർദ്ധിക്കാറുണ്ട്. എന്നാൽ, ഇത്തവണ കുറയുകയാണ് ചെയ്‌തത്.
കാലവർഷത്തിൽ കൃഷിക്ക് നാശം വന്നതോടെ സവാള കിലോയ്‌ക്ക് 100 രൂപ വരെ ഉയർന്നിരുന്നു. ഓണക്കാലത്തും 60ന് മുകളിൽ വിലയുണ്ടായിരുന്നു. ആഭ്യന്തര വിപണിയിൽ ഇന്ത്യൻ സവാളയുടെ ഡിമാൻഡ് കുറഞ്ഞതും കയറ്റുമതിയിൽ വൻ ഇടിവ് സംഭവിച്ചതുമാണ് വില കുറയാനുള്ള കാരണം. സവാള മാത്രമല്ല മറ്റ് പല പച്ചക്കറികൾക്കും വില കുറഞ്ഞിട്ടുണ്ട്.
പച്ചക്കറി ലഭ്യത വർദ്ധിച്ചതും വിപണി ഇടപെടലുമാണ് വിലകുറയാൻ കാരണം. നീണ്ടനാളുകൾക്ക് ശേഷം പച്ചക്കറികൾക്ക് വില കുറയുന്നത് കേരളത്തിലെ ജനങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. കഴിഞ്ഞ മാസം 300 രൂപയ്‌ക്ക് മുകളിൽ വിലയുണ്ടായിരുന്ന വെളുത്തുള്ളിയുടെ വില 100 രൂപയ്‌ക്ക് താഴെയായി. എന്നാൽ, ബീൻസ്, പയർ, ക്യാരറ്റ് തുടങ്ങിയവയുടെ വില മുമ്പത്തെക്കാളും കൂടിയിട്ടുണ്ട്. ഇന്നലെ 60 രൂപയായിരുന്നു പയറിന്റെ വില. നേരത്തേ 45 ആയിരുന്നു. ബീൻസ് 50ൽ നിന്ന് 70ലെത്തി. 40 രൂപയായിരുന്ന ക്യാരറ്റ് ഇപ്പോൾ 55 ആയി.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |