
ബംഗളൂരു: ധർമ്മസ്ഥലയിൽ മൃതദേഹം മറവു ചെയ്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കർണാടകയിലെ ആക്ടിവിസ്റ്റുകൾ. ജൂലായിലാണ് മുൻ ശുചീകരണ തൊഴിലാളി സിഎൻ ചിന്നയ്യയ തെറ്റിദ്ധരിപ്പിക്കുന്ന പരാതി നൽകി അന്വേഷണ സംഘത്തെ കുഴപ്പിച്ചത്. പിന്നീട് ഇയൾക്കെതിരെ കള്ളസാക്ഷ്യം നൽകിയതിന് എസ് ഐ ടി സംഘം അറസ്റ്റ് ചെയ്തിരുന്നു.
ചിന്നയ്യക്ക് നേരത്തെ പിന്തുണ നൽകിയിരുന്ന ആക്ടിവിസ്റ്റുകളാണ് നിലവിൽ ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. കൂടാതെ, ആക്ടിവിസ്റ്റുകൾക്കെതിരെ ഒക്ടോബർ 24ന് അന്വേഷണ സംഘം അയച്ച നോട്ടീസിനെയും ഇവർ ചോദ്യം ചെയ്തു.
1992നും 2014നും ഇടയിൽ നൂറോളം പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം താൻ കുഴിച്ചിട്ടുവെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാണ് കേസ് അന്വേഷിച്ചത്. ചിന്നയ്യയുടെ മൊഴി അടിസ്ഥാനമാക്കി മണ്ണുമാന്തിയുള്ള തെരച്ചിൽ നടത്തിയെങ്കിലും ഇയാളുടെ വാദത്തെ ശരിവയ്ക്കുന്ന അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല.
പൊലീസ് അയച്ച നോട്ടീസ് തങ്ങൾക്ക് നേരിട്ട് നൽകിയില്ലെന്നും മറ്റ് മാർഗങ്ങളിലൂടെ മാത്രമാണ് അയച്ചതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. തങ്ങൾ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അതിനാൽ, അറസ്റ്റോ മറ്റ് നടപടികളോ നേരിടേണ്ടി വരരുതെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തിന്റെ നടപടികൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും നടപടിക്രമങ്ങൾ തെറ്റാണെന്നും ചൂണ്ടിക്കാട്ടി എഫ്ഐആറും അനുബന്ധ നടപടികളും റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |