
ഇന്നത്തെ യുജനങ്ങൾ പഴയ തലമുറയിലെ പോലെ മരിക്കും വരെ ജോലി ചെയ്യാൻ തയ്യാറല്ല. സ്വരം നന്നാകുമ്പോൾ പാട്ടു നിർത്തണമെന്നതു പോലെ പൂർണ ആരോഗ്യത്തോടെ ജോലി അവസാനിപ്പിച്ച് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനാണ് ജെൻസിക്ക് താത്പര്യം. ഏർളി റിട്ടയർമെന്റാണ് അവരുടെ സ്വപ്‌നം. 20 വയസിൽ ജോലിക്ക് കേറി 40-50 വയസിൽ റിട്ടയർ ചെയ്യണമെന്നാണ് ആഗ്രഹം. എന്നാൽ ഇതിനായി സമ്പാദിക്കുന്നവരുടെ എണ്ണം ചുരുക്കമാണ്. ഏർളി റിട്ടയർമെന്റിന് അതി ദാരിദ്ര്യത്തിൽ ജീവിക്കേണ്ട കാര്യമില്ല. എത്ര നേരത്തെ മുന്നോരുക്കം തുടങ്ങുന്നോ അത്രയും കുറച്ചു പണം സമ്പാദിച്ചാൽ മതി. ഇപ്പോൾ 20 വയസുള്ള ഒരാൾക്ക് റിട്ടയർമെന്റ് ഫണ്ട് സ്വരുക്കൂട്ടാൻ 30 വർഷം ലഭിക്കും. മാസം തോറും തുച്‌ഛമായ തുക മാറ്റിവെച്ചാൽ 50 വയസിൽ റിട്ടയർ ചെയ്യാനുള്ള വരുമാനം നേടാം.
മാസം 500 രൂപ വീതം പ്രതിവർഷം 20 ശതമാനം ലാഭം ലഭിക്കുന്ന മേഖലയിൽ നിക്ഷേപിച്ചാൽ 30 വർഷത്തിന് ശേഷം ഒരു കോടി രൂപയിലധികം നേടാം. 15 ശതമാനം ലാഭമുള്ളയിടത്തിലാണ് നിക്ഷേപമെങ്കിൽ 33.98 ലക്ഷവും 12 ശതമാനം ലാഭത്തിൽ നിക്ഷേപിച്ചാൽ 17.36 ലക്ഷവും എട്ടു ശതമാനം ലാഭമെങ്കിൽ 7.47 ലക്ഷം രൂപയും ലഭിക്കും.
ചെറിയ നിക്ഷേപം വലിയ റിട്ടേൺ
മാസം 5000 രൂപവീതം പ്രതിവർഷം 20 ശതമാനം ലാഭത്തിൽ 30 വർഷത്തേക്ക് മുടക്കിയാൽ അൻപത് വർഷത്തിന് ശേഷം ലഭിക്കുന്നത് 10.92 കോടി രൂപയാണ്. പ്രതിവർഷം 20 ശതമാനം ലാഭം തുടർച്ചയായി ലഭിക്കുന്ന മേഖലകളില്ല. എന്നാൽ ഓഹരിയിൽ നിക്ഷേപിച്ചാൽ നഷ്ടസാദ്ധ്യതയ്ക്ക് വിധേയമായി 30 വർഷം കൊണ്ട് ഇതിന്റെ ഇരട്ടി ലാഭം നേടാനാകും. അതിനായി ശ്രദ്ധയോടെ ഇറങ്ങുകയും ക്ഷമയോടെ തുടരുകയും വേണം.
മികച്ച മ്യൂച്വൽ ഫണ്ടുകൾ നിരവധി
20 വർഷമായി 12-15 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകുന്ന നിരവധി മ്യൂച്വൽ ഫണ്ടുകളുണ്ട്. ചില വർഷങ്ങളിൽ ഇവയുടെ ലാഭ നിരക്ക് കുറഞ്ഞേക്കാമെങ്കിലും മറ്റുവർഷങ്ങളിൽ വലിയ നേട്ടങ്ങളും നിക്ഷേപകർക്ക് ലഭിച്ചിട്ടുണ്ട്. നിക്ഷേപ മാർഗം ഏതായാലും ചിട്ടയായി ദീർഘകാലത്തേക്കുള്ള നിക്ഷേപമാണ് റിട്ടയർമെന്റ് ജീവിതം ആഹ്ലാദകരമാക്കാൻ വേണ്ടത്. ജോലി നേടി സെറ്റിലായാൽ ചെറിയ ഒരു തുക റിട്ടയർമെന്റിന് മാറ്റിവെക്കുക. 50 വയസിൽ വലിയ തുക സമാഹരിക്കാവുന്ന രീതിയിലാണ് നിക്ഷേപം നടത്തേണ്ടത്. ഈ തുക പെൻഷൻ പ്ലാനിൽ നിക്ഷേപിച്ച് മാസാമാസം പെൻഷന്‍ നേടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |