
വില വർദ്ധനയിൽ ഉപഭോഗം കുറഞ്ഞു
കൊച്ചി: റെക്കാഡുകൾ പുതുക്കി വില കുതിച്ചതോടെ ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ സ്വർണ വിൽപ്പന 16 ശതമാനം ഇടിഞ്ഞ് 209.4 ടണ്ണായി. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകളനുസരിച്ച് ഇന്ത്യയിൽ സ്വർണാഭരണങ്ങളുടെ ഉപഭോഗത്തിൽ 31 ശതമാനം ഇടിവാണുണ്ടായത്. എന്നാൽ നിക്ഷേപമെന്ന നിലയിൽ സ്വർണ നാണയങ്ങളും ബാറുകളും വാങ്ങുന്നതിൽ 20 ശതമാനം വർദ്ധനയുണ്ടായി. ഇക്കാലയളവിൽ സ്വർണ വിലയിൽ 23 ശതമാനം വർദ്ധനയുണ്ട്.
നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്നതിൽ 91.6 ടണ്ണിന്റെ വർദ്ധനയാണുണ്ടായത്. സ്വർണത്തിന്റെ നിക്ഷേപ മൂല്യം 74 ശതമാനം ഉയർന്ന് 88,970 കോടി രൂപയായി. വിലയിലുണ്ടായ വർദ്ധന അംഗീകരിച്ച് ദീർഘ കാല ആസ്തിയായി ഉപഭോക്താക്കൾ സ്വർണം വാങ്ങുകയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ(ഡബ്‌ള്യു. ജി.സി) ഇന്ത്യ സി.ഇ.ഒ സച്ചിൻ ജെയിൻ പറഞ്ഞു. ആഗോള തലത്തിൽ സ്വർണ ഉപഭോഗം മുൻവർഷത്തേക്കാൾ മൂന്ന് ശതമാനം ഉയർന്ന് 1,313 ടണ്ണിലെത്തി.
പഴയ സ്വർണം മാറ്റാൻ തിരക്ക്
വില കുത്തനെ ഉയർന്നുവെങ്കിലും സ്വർണം വിറ്റ് പണം വാങ്ങുന്നവരുടെ എണ്ണം കുറയുകയാണെന്ന് ഡബ്‌ള്യു.ജി.സി പറയുന്നു. പഴയ സ്വർണം മാറ്റി പുതിയ ആഭരണങ്ങൾ വാങ്ങാനാണ് ഉപഭോക്താക്കൾക്ക് താത്പര്യം. സ്വർണാഭരണങ്ങൾ പുതുക്കി വാങ്ങുന്നതിൽ സെപ്തംബർ പാദത്തിൽ 40 ശതമാനം വർദ്ധനയുണ്ടായെന്ന് ജുവലറികൾ പറയുന്നു.
ഇറക്കുമതിയിലും ഇടിവ്
ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ സ്വർണ ഇറക്കുമതി 37 ശതമാനം ഇടിഞ്ഞ് 194.6 ടണ്ണിലെത്തി. സ്വർണം റീസൈക്കിൾ ചെയ്യുന്നതിൽ ഏഴ് ശതമാനം കുറവുണ്ടായി. സ്വർണം വാങ്ങുന്നതിന് അശുഭ സമയമായി കണക്കാക്കുന്ന ശ്രാദ്ധ കാലം സെപ്തംബറിൽ വിൽപ്പന കുറയാൻ കാരണമായെന്നും വ്യാപാരികൾ പറയുന്നു. ഉത്സവ, വിവാഹ സീസൺ തുടങ്ങിയതോടെ വിൽപ്പനയിൽ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ. നടപ്പുവർഷം മൊത്തം ഉപഭോഗം 700 ടണ്ണിലെത്തുമെന്നും വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു.
ജനുവരി -സെപ്‌തംബർ കാലയളവിലെ സ്വർണ ഉപഭോഗം
462.4 ടൺ
ആഭരണ വിൽപ്പന 31 ശതമാനം ഇടിഞ്ഞ് 117.7 ടണ്ണിലെത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |