
കൊച്ചി: ആയുർവേദത്തെ ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിച്ച് സംസ്ഥാനത്തെ സമ്പൂർണ ആരോഗ്യ ടൂറിസം (ഹോളിസ്റ്റിക് വെൽനസ്) കേന്ദ്രമായി മാറ്റുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. ടൂറിസത്തിന് പിന്നാലെ ആയുർവേദ ചികിത്സയിലും കേരളത്തെ മുൻനിരയിലെത്തിക്കാൻ നടപടികൾ ഊർജിതമാക്കിയെന്ന് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സി.ഐ.ഐ) സംഘടിപ്പിച്ച ആഗോള ആയുർവേദ ഉച്ചകോടിയും കേരള ഹെൽത്ത് ടൂറിസം 2025ന്റെയും ഉദ്ഘാടനം നിർവഹിക്കവേ അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ആയുർവേദ വിപണി നിലവിലെ 15,000 കോടിയിൽ നിന്ന് 2031ൽ 60,000 കോടി രൂപയാകുമെന്ന് ആയുർവേദ സമ്മിറ്റ് ചെയർമാനും ധാത്രി ആയുർവേദ എം.ഡിയുമായ ഡോ. സജികുമാർ അറിയിച്ചു. 2047ൽ അഞ്ചുലക്ഷം കോടി രൂപയാകുമെന്നാണ് പ്രതീക്ഷ.
കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ്‌റാവു ജാദവ് ഓൺലൈനിൽ പങ്കെടുത്തു. സി.ഐ.ഐ കേരള ചെയർമാൻ വി.കെ.സി റസാഖ്, കോട്ടയ്‌ക്കൽ ആര്യവൈദ്യശാല ട്രസ്റ്റി പി.എം. വാരിയർ, മെഡിക്കൽ ട്രസ്റ്റ് ഹോസ്‌പിറ്റൽ എം.ഡി. ഡോ.പി.വി. ലൂയിസ്, സി.ഐ.ഐയുടെ ദക്ഷിണമേഖല ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ്, ആസ്റ്റർ മെഡിസിറ്റി സി.ഇ.ഒയും സി.ഐ.ഐ ആരോഗ്യസമിതിയുടെ സഹകൺവീനറുമായ നളന്ദ ജയദേവ് എന്നിവർ പങ്കെടുത്തു. ഉച്ചകോടിയിൽ 16 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |