
ചെന്നൈ: ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം, അണ്ണാ ഡി.എം.കെ. നേതാവ് കെ.എ. സെങ്കോട്ടയ്യൻ, അമ്മാ മക്കൾ മുന്നേറ്റ കഴകം പ്രസിഡന്റ് ടി.ടി.വി.ദിനകരൻ എന്നിവർ പ്രഖ്യാപിച്ചു. തേവർ സമുദായത്തിന്റെ ആത്മീയ നേതാവു കൂടിയായ
മുത്തുരാമലിംഗ തേവരുടെ ജയന്തിദിനമായ ഇന്നലെ പശുമ്പോളിലെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് പ്രഖ്യാപനം. മൂന്നു പേരും തമിഴ്നാട്ടിലെ പ്രബലമായ തേവർ സമുദായ അംഗങ്ങളാണ്.
അണ്ണാ ഡി.എം.കെയിലെ ഭിന്നിച്ച എല്ലാ ശക്തികളെയും ഒന്നിപ്പിക്കാൻ നല്ല ഉദ്ദേശ്യത്തോടെയും പ്രതീക്ഷയോടെയുമാണ് ഞങ്ങൾ ഒത്തുകൂടിയത്, തമിഴ്നാട്ടിൽ എം.ജി.ആറിന്റെയും ജയലളിതയുടെയും സർക്കാർ സ്ഥാപിക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞയെടുത്തു. നിലവിലുള്ള ഡി.എം.കെ സർക്കാരിനെ വീട്ടിലേക്ക് അയയ്ക്കുന്ന തരത്തിലായിരിക്കും ഞങ്ങളുടെ ഏകീകരണം.
തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. വഞ്ചനയെ പരാജയപ്പെടുത്തി തമിഴ്നാട്ടിൽ ജയലളിതയുടെ മികച്ച ഭരണം തിരികെ കൊണ്ടുവരും. അണ്ണാ ഡി.എം.കെയിൽ നിന്നും പുറത്താക്കപ്പെട്ടവരാണ് ഒ.പി.എസും ദിനകരനും. അണ്ണാ ഡി.എം.കെ വിട്ട ഒ. പനീർസെൽവം, ശശികല, ടി.ടി.വി ദിനകരൻ എന്നിവരെ 10 ദിവസത്തിനകം തിരിച്ചെത്തിക്കണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിക്ക് അന്ത്യശാസനം നൽകിയതനെ തുടർന്ന് സെങ്കോട്ടയ്യനെ പാർട്ടിയുടെ സ്ഥാനങ്ങളിൽ നിന്നെല്ലാം നീക്കി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി സെപ്തംബർ 6ന് നീക്കിയിരുന്നു.
ഇന്നലെ റോഡ് ഷോയുമായിട്ടാണ് ഒ.പി.എസ് പശുമ്പോളിലെത്തിയത്.
തേവർ സമുദായ നേതാക്കളുടെ സംയുക്ത പ്രസ്താവന ഡി.എം.കെയ്ക്ക് എതിരെയാണെങ്കിലും അണ്ണാ ഡി.എം.കെ നേതാവ് എടപ്പാടിക്കുള്ള മുന്നറിയിപ്പ് കൂടിയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |