
വാഷിംഗ്ടൺ : യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ് വൈറ്റ് ഹൗസ്. ലോക പ്രശസ്തമായ വൈറ്റ് ഹൗസിനും ഒരു പ്രേതക്കഥ പറയാനുണ്ട്. മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ പ്രേതത്തെ പറ്റിയുള്ള കഥയാണത്. 1865ൽ ലിങ്കൺ കൊല്ലപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ പ്രേതം വൈറ്റ് ഹൗസിൽ അലയുന്നുണ്ടെന്നാണ് കഥ. നെതർലൻഡ്സിലെ വിൽഹെൽമിന രാജ്ഞി, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ, യു.എസ് മുൻ പ്രസിഡന്റ് തിയഡോർ റൂസ്‌വെൽറ്റ്, മുൻ പ്രഥമ വനിതകളായ ഗ്രേസ് കൂളിഡ്ജ്, എലനോർ റൂസ്‌വെൽറ്റ്, ലേഡി ബേർഡ് ജോൺസൺ തുടങ്ങിയവർ ലിങ്കണിന്റെ പ്രേതത്തെ വൈറ്റ് ഹൗസിൽ കണ്ടെന്ന് അവകാശപ്പെട്ടിട്ടുണ്ട്. 1980കളുടെ അവസാനത്തിലാണ് ലിങ്കണിന്റെ പ്രേതത്തെ കണ്ടതായുള്ള അവസാന റിപ്പോർട്ട് പ്രചരിച്ചത്. അന്ന് ലിങ്കൺ ചാരു കസേരയിൽ ഇരിക്കുന്നത് ഒരു വൈറ്റ് ഹൗസ് ജീവനക്കാരൻ കണ്ടത്രെ. 1862ൽ വൈറ്റ് ഹൗസിൽ വച്ച് ടൈഫോയ്ഡ് ബാധിച്ച് മരിച്ച ലിങ്കണിന്റെ 11 വയസുകാരൻ മകൻ വില്ലിയുടെ പ്രേതത്തെയും കണ്ടതായി അവകാശവാദങ്ങൾ ഉയർന്നിട്ടുണ്ട്.
യു.എസിലെ എക്കാലത്തെയും ജനപ്രിയ പ്രസിഡന്റുമാരിൽ ഒരാളാണ് ലിങ്കൺ. 16ാമത്തെ പ്രസിഡന്റായിരുന്ന അദ്ദേഹമാണ് അമേരിക്കയിലെ അടിമത്ത സമ്പ്രദായത്തിന് അന്ത്യംകുറിച്ചത്. വാഷിംഗ്‌ടൺ ഡി.സിയിൽ ഫോർഡ് തിയേറ്ററിൽ വച്ച് ലിങ്കണെ കോൺഫെഡറേറ്റ് അനുകാലിയായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാൾ വെടിവച്ചു കൊല്ലുകയായിരുന്നു. യു.എസിന്റെ ചരിത്രത്തിൽ വധിക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് ലിങ്കൺ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |