
പ്രണയം ആണ് പ്രദീപ് രംഗനാഥന്സിനിമയോട്. പ്രദീപിന്റെ സിനിമകൾ എല്ലാം പ്രണയിക്കുന്നു. ആ പ്രണയം പ്രേക്ഷകർ നെഞ്ചേറ്റുന്നു. തമിഴകത്ത് 'ലവിംഗ് സ്റ്റാർ "എന്ന വിലാസം സമ്മാനിച്ച് 'ഡ്യൂഡ് "എന്ന സിനിമ 100 കോടിയുടെ ഹാട്രിക്കിൽ പ്രദീപ് രംഗനാഥനെ എത്തിച്ചതാണ് പുതിയ കാഴ്ച.
വമ്പൻ പ്രതീക്ഷകളുമായി എത്തുന്ന സൂപ്പർ താര സിനിമകൾ പോലും കാര്യമായ ചലനമുണ്ടാക്കാതെ പോകുമ്പോഴാണ് യാതൊരു പരിചയവുമില്ലാതെ പ്രദീപ് രംഗനാഥൻ എന്ന ചെറുപ്പക്കാരന്റെ കടന്നുവരവ്.
നായക കേന്ദ്രീകൃതമായ ചുറ്റുപാടിൽ നിന്ന് മാറി പ്രണയവും സൗഹൃദവും ബ്രേക്കപ്പും ഇത്തിരി കുടുംബ ബന്ധവും ചേരുന്നതാണ് പ്രദീപ് രംഗനാഥന്റെ സിനിമകൾ. ഹാട്രിക് നൂറുകോടി നേടുന്ന ആദ്യ ഇന്ത്യൻ നടൻ എന്ന അപൂർവ നേട്ടവും പ്രദീപ് രംഗനാഥന് സ്വന്തം.
തുടക്കം സംവിധാനം
സിനിമാ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിൽ ആണ് ജനിച്ചതെങ്കിലും പ്രദീപിന്റെ സ്വപ്നത്തിന് അതൊന്നും തടസമായില്ല. സിനിമയിൽ എത്തണമെന്ന ആഗ്രഹവും ഒപ്പം കഴിവും ആത്മവിശ്വാസവുമാണ് വിജയത്തിന്റെ താക്കോൽ. കോളേജ് പഠന കാലത്ത് വാട്സ് ആപ്പ് കാതൽ, കോളേജ് ഡയറീസ് എന്നീഹ്രസ്വ ചിത്രങ്ങൾ ചെയ്താണ് കരിയർ തുടങ്ങുന്നത്. അത് ഗംഭീര തുടക്കമായി . 2019ൽ കോമാളി എന്ന ചിത്രത്തിന് രചനയും സംവിധാനം നിർവഹിച്ച് സിനിമയിൽ എത്തി. ജയം രവിയും കാജൽ അഗർവാളും പ്രധാന വേഷങ്ങളിലെത്തിയ ഈ സിനിമ മികച്ച വിജയം നേടിയപ്പോൾ, ക്ലൈമാക്സിൽ മിന്നി മറഞ്ഞ പ്രദീപിന്റെ അതിഥി വേഷവും ശ്രദ്ധ നേടി.
ലവ് സിനിമ
വർഷം 2022 . പ്രദീപിന്റെ ജീവിതത്തിലെ നിർണായക ഘട്ടം. സംവിധാനത്തിനൊപ്പം ആദ്യമായി, നായകനായും എത്തിയ 'ലവ് ടുഡേ"യുടെ 100 കോടി തിളക്കം തമിഴിൽ മാത്രം ഒതുങ്ങി നിന്നില്ല.
ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം പ്രതീക്ഷകളെ മറികടന്ന് വൻ വിജയമായി മാറി. കൗമാരപ്രണയത്തിന്റെ പുതിയ ഭാഷ സംസാരിച്ച ലൗ ടുഡേയിലൂടെ പ്രദീപ് രംഗനാഥനും ശ്രദ്ധിക്കപ്പെട്ടു. കാഴ്ചയിൽ ധനുഷിന്റെ രൂപം. ആ രൂപത്തിൽ തന്നെ തമിഴ് ഛായ. ലൗ ടുഡേ മുതൽ മലയാളിയും പ്രദീപിനെ ചേർത്തു പിടിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഡ്രാഗൺ പ്രദീപ് രംഗനാഥന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി. അശ്വന്ത് മാരിമുത്തു സംവിധാനം ചെയ്ത ചിത്രത്തിൽ കഥയുടെ രൂപകൽപ്പനയിൽ പ്രദീപിന്റെ പങ്ക് നിർണായകമായിരുന്നു. ശക്തമായ പ്രണയ കഥയിലൂടെയും ഹൃദയസ്പർശിയായ പ്രകടനത്തിലൂടെയും ഡ്രാഗൺ 150 കോടിയിലധികം നേടി. ഇപ്പോൾഹാ ട്രിക് സമ്മാനിച്ച് ഡ്യൂഡ് കേരളത്തിലും തരംഗം തീർക്കുന്നു. കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബബന്ധവും സൗഹൃദവും എല്ലാം കോർത്തിണക്കി ദീപാവലി റിലീസായി എത്തിയ ഡ്യൂഡ് ആറു ദിവസത്തിനകം ആഗോള തലത്തിൽ 100 കോടി നേടി. അഗൻ എന്ന കഥാപാത്രമായി പ്രദീപും കുറൽ എന്ന നായികയായി മമിത ബൈജുവും മത്സരിച്ച് അഭിനയിച്ചു.
പ്രതിഫലം 15 കോടി
വർഷങ്ങളുടെ പരിചയം ഇല്ലെങ്കിലും ചുരുങ്ങിയ കാലത്തിനിടെ തമിഴ് സിനിമാലോകത്ത് പ്രദീപ് രംഗനാഥൻ സൃഷ്ടിച്ച ചലനം വലുതാണ്. നായകനായി എത്തിയ ആദ്യ ചിത്രത്തിൽ പ്രതിഫലം 70 ലക്ഷം ആയിരുന്നു. ഇപ്പോൾ 15 കോടി . പ്രതിനായകനെ കീഴ്പ്പെടുത്തുന്ന ലക്ഷണങ്ങളൊന്നും കാണിക്കാത്തവരാണ് പ്രദീപിന്റെ നായകൻമാർ. സിനിമയുടെ പതിവ് ചേരുവകളെ ഇല്ലാത്താക്കി പ്രദീപിന്റെ സിനിമകൾ. പുതു തലമുറയുടെ ഇഷ്ടം മനസിലാക്കി പ്രണയത്തിനും ജീവതത്തിനും പ്രാധാന്യം നൽകാൻ ശ്രദ്ധിച്ചു. തന്റെ സിനിമയിലൂടെ പ്രേക്ഷകരുടെ മനസ് തിരിച്ചറിഞ്ഞ് യാത്ര തുടരുന്നു. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ലവ് ഇൻഷുറൻസ് കമ്പനി ആണ് അടുത്ത റിലീസ്. വീണ്ടും 100 കോടി തന്നെ കോളിവുഡ് പ്രതീക്ഷിക്കുന്നു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |