
തന്റെ മോർഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രചരിപ്പിച്ചത് തമിഴ്നാട് സ്വദേശിയായ 20 കാരിയാണെന്നും ഇവർക്ക് എതിരെ പരാതി നൽകി എന്നും നടി അനുപമ പരമേശ്വരൻ.
പെൺകുട്ടിയുടെ പ്രായവും ഭാവിയും കണക്കിലെടുത്ത് പേര് വെളിപ്പെടുത്തില്ല. എന്നാൽ ചെയ്ത കുറ്റത്തിന് നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിനാൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അനുപമ പരമേശ്വരൻ വ്യക്തമാക്കി.
''കുറച്ച് ദിവസങ്ങൾക്കുമുൻപ് ഒരു ഇൻസ്റ്റഗ്രാം പ്രൊഫൈൽ എന്നെ കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ മോശവും തെറ്റായതുമായ ഉള്ളടക്കം പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. എന്റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്തുകൊണ്ടാണ് വ്യാജ പ്രചാരണങ്ങൾ നടത്തിയത്. ഓൺ ലൈനിൽ ഇത്തരം ആസൂത്രിത അതിക്രമങ്ങൾ നേരിടേണ്ടിവരുന്നത് വളരെ വേദനാജനകമാണ്. വിദ്വേഷം പ്രചരിപ്പിക്കുക എന്ന ഏക ഉദ്ദേശ്യത്തോടെ ഇതേ വ്യക്തി ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമാക്കി.
ഉടൻതന്നെ കേരള സൈബർ ക്രൈം പൊലീസിന് പരാതി നൽകി. സൈബർ പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ അക്കൗണ്ടുകൾക്ക് പിന്നിലുള്ള വ്യക്തി തമിഴ്നാട്ടിൽ നിന്നുള്ള 20 വയസുള്ള പെൺകുട്ടിയാണെന്ന് അറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. പ്രതി കുറ്റത്തിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരും. സൈബർ ആക്രമണം ശിക്ഷാർഹമായ കുറ്റം ആണ്."" അനുപമ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |