
മെൽബൺ: അഭിഷേക് ശർമ്മയുടെ ഒറ്റയാൾ പോരാട്ടവും അവസാന നിമിഷം ജസ്‌പ്രീത് ബുംറയുടെ മിന്നൽ പ്രകടനവും ഇന്ത്യയ്‌ക്ക് തുണയായില്ല. ഓസ്‌ട്രേലിയൻ പരമ്പരയിലെ രണ്ടാം ട്വന്റി20യിൽ ആതിഥേയർക്ക് വിജയം നാല് വിക്കറ്റിന്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസീസ് ക്യാപ്‌റ്റൻ മിച്ച് മാർഷിന് ഒട്ടും തെറ്റിയില്ല. ഇന്ത്യൻ ബാറ്റിംഗ് നിര ആദ്യ 50 റൺസ് നേടും മുൻപുതന്നെ തകർന്നടിഞ്ഞു. ക്യാപ്‌റ്റൻ സൂര്യയും മലയാളി താരം സഞ്ജു സാംസണുമടക്കം ഒൻപത് താരങ്ങൾ മത്സരത്തിൽ രണ്ടക്കം കാണാതെ മടങ്ങി. 18.4 ഓവറിൽ ഇന്ത്യ 125 റൺസിന് ഓൾഔട്ടായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 13.2 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം കണ്ടു. 112ന് മൂന്ന് എന്ന നിലയിൽ നിന്ന് അവസാന നിമിഷം മൂന്ന് വിക്കറ്റുകൾ പെട്ടെന്ന് നഷ്‌ടമായെങ്കിലും കൂടുതൽ തകർച്ചയുണ്ടാകാതെ ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടു. ഓസ്‌ട്രേലിയയ്‌ക്കായി ക്യാപ്റ്റൻ മിച്ചൽ മാർഷ് 46 റൺസ് നേടി. ബുംറ, കുൽദീപ്, വരുൺ ചക്രവർത്തി എന്നിവർ ഇന്ത്യക്കായി രണ്ട് വീതം വിക്കറ്റുകൾ നേടി.
നേരത്തെ ഓസ്‌ട്രേലിയൻ ബൗളിംഗ്‌നിരയെ ഭയക്കാതെ ബാറ്റ് ചെയ്‌ത അഭിഷേക് ശർമ്മ 37 പന്തിൽ 68 റൺസ് നേടി ഇന്ത്യയുടെ മാനം കാത്തു. എട്ട് ഫോറും രണ്ട് സിക്‌സറുമടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്‌സ്. ഏഴാമനായ ഹർഷിത് റാണയാണ് അഭിഷേകിന് പിന്തുണ കൊടുത്തത് (33 പന്തിൽ 35). ഇരുവരും ചേർന്ന് 56 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഹർഷിത് മടങ്ങിയത്. മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയ ഹേസൽവുഡ്, രണ്ട് വീതം വിക്കറ്റുകൾ നേടിയ സേവിയർ ബാർലറ്റ്, നഥാൻ എല്ലിസ് എന്നിവരും ഇന്ത്യയെ തകർത്തു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ നിലവിൽ ഓസ്‌ട്രേലിയ 1-0ന് മുന്നിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |