കണ്ണൂർ: മ്യൂണിക് ഒളിമ്പിക്സിൽ ഇന്ത്യയെ വെങ്കല മെഡൽ ജേതാക്കളാക്കുന്നതിൽ മാനുവലിന്റെ ഗോൾകീപ്പിംഗ് മികവ് നിർണായക പങ്ക് വഹിച്ചിരുന്നു. അന്ന് 21ാം വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
ഇന്ത്യൻ ഹോക്കിയുടെ സുവർണദശയുടെ അവസാനകാലത്ത് ഗോൾമുഖത്തെ കടുവ എന്നായിരുന്നു മാനുവൽ ഫെഡറിക് ആരാധകർക്കും കളിക്കാർക്കുമിടയിൽ അറിയപ്പെട്ടിരുന്നത്. പതിനാറ് ദേശീയ ചാമ്പ്യൻഷിപ്പുകൾ ടൈബ്രേക്കറിൽ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമാണ്.
1973 ഹോളണ്ട് ലോക കപ്പിലും 1978 അർജന്റീന ലോകകപ്പിലും ഇന്ത്യൻ ഗോൾ മുഖത്ത് മാനുവലായിരുന്നു. ഹോളണ്ടിൽ രണ്ടാംസ്ഥാനമായിരുന്നു. 1978ൽ ആറാം സ്ഥാനത്തായി. എട്ടു രാജ്യാന്തര വിജയങ്ങളാണ് മാനുവൽ ഫ്രെഡറികിന്റെ അക്കൗണ്ടിലുള്ളത്.
ദേശീയതലത്തിൽ ഒട്ടനവധി കിരീടനേട്ടങ്ങളിൽ പങ്കാളിയായി . ആർമി സർവീസ് കോർ ടീമിനായി 21 ദേശീയ കിരീടനേട്ടങ്ങളിൽ പങ്കാളിയായി. ബംഗളൂരു എച്ച്.എ.എല്ലിനായി ഏഴും യു.പിക്കും കർണാടകക്കും വേണ്ടി ഓരോ കിരീടങ്ങളും നേടി. ക്ളബ്ബ് തലത്തിൽ മോഹൻബഗാനും വേണ്ടിയും കിരീടമണിഞ്ഞു. ഇംഗ്ലണ്ട്, ഈജിപ്ത്, പാകിസ്ഥാൻ, ഹോളണ്ട്, പൂർവജർമനി, പശ്ചിമ ജർമനി, മലേഷ്യ എന്നീ രാജ്യങ്ങളിൽ പരമ്പരകൾ കളിച്ചിട്ടുണ്ട്.
1978ലെ ബ്യൂണസ് ഐറിസ് ലോകകപ്പിലാണ് അവസാനമായി ഇന്ത്യൻ കുപ്പായമണിഞ്ഞത്. ബംഗളൂരുവിൽ ബി.എം.സി, എച്ച്.എ.എൽ ടീമുകൾക്ക് വേണ്ടിയായിരുന്നു ക്ളബ്ബ് തലത്തിൽ കളിച്ചത്. കളിയിൽ നിന്ന് വിരമിച്ച ശേഷം 18 വർഷം എച്ച്.എ.എല്ലിന്റെ പരിശീലകനായ മാനുവൽ ഫ്രെഡറിക്സ് ടീമിനെ എം.സി.സി ടൂർണമെന്റിലും രണ്ടു തവണ ഓൾ ഇന്ത്യ പബ്ലിക് സെക്ടർ ടൂർണമെന്റിലും മൂന്നുതവണ ലീഗിലും ജേതാക്കളാക്കി. സർവീസിൽ നിന്നും വിരമിച്ചത് ബംഗളൂരു ആർമി കോറിൽ നിന്നായിരുന്നു. ഒടുവിൽ ബംഗളൂരുവിലെ വിവിധ സ്‌കൂളുകളിലും കോളജുകളിലും പരിശീലകനായും സേവനമനുഷ്ഠിച്ചിരുന്നു.
വീട് നിർമ്മിച്ചുനൽകി കേരളം
ബംഗളൂരുവിൽ വാടക വീട്ടിൽ കഴിഞ്ഞിരുന്ന മാനുവൽ ഫ്രെഡറിക്കിന് കണ്ണൂർ പയ്യാമ്പലത്ത് കേരള സർക്കാർ വീടു നിർമ്മിച്ചു നൽകിയിരുന്നു. പയ്യാമ്പലം പള്ളിയാംമൂലയിൽ കടലോരത്ത് ഉമ്മൻചാണ്ടി സർക്കാർ പതിച്ചുനൽകിയ അഞ്ച് സെന്റ് ഭൂമിയിൽ 38 ലക്ഷം രൂപ ചെലവഴിച്ച് 1610 ചതുരശ്ര അടിയിലാണ് പിണറായി സർക്കാർ വീട് നിർമ്മിച്ചത്. ഇരുനിലകളിലായി മൂന്ന് മുറികളോടു കൂടി ആധുനിക സൗകര്യമുള്ള വീടാണ് 2019ൽ നിർമ്മിച്ചുനൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |