
പുഷ്കർ: ലോകത്തിലെ ഏറ്റവും വലിയ കന്നുകാലിച്ചന്തയായ രാജസ്ഥാനിലെ പുഷ്കർ മേളയ്ക്ക് ഇന്നലെ വിരാമം. കർഷകനായ വികാസ് കുമാറിന്റെ കുബേർ എന്ന പോത്താണ് മേളയിലെ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്. കുബേറിനും ഉടമ വികാസ് കുമാറിനും രാജസ്ഥാൻ സർക്കാർ പ്രത്യേക ബഹുമതി നൽകുമെന്ന് അറിയിച്ചു.
പുഷ്കർ മേളയിൽ ശനിയാഴ്ചയായിരുന്നു കുബേർ എത്തിയത്. ആദ്യത്തെ ദിവസം തന്നെ വ്യാപാരികൾ 11 കോടി രൂപ കുബേറിന് വില പറഞ്ഞു. പിന്നാലെ തിങ്കളാഴ്ച ആന്ധ്രാപ്രദേശിൽ നിന്നുള്ള വ്യാപാരികൾ ലേലം 21 കോടി രൂപയായി ഉയർത്തി. എന്നിട്ടും വികാസ് കുബേറിനെ വിൽക്കാൻ തയ്യാറായില്ല. കുബേർ തനിക്ക് വരുമാന മാർഗം മാത്രമല്ലെന്നാണ് വികാസ് പറയുന്നത്. തന്റെ അഭിമാനത്തിന്റെ ഭാഗം കൂടിയാണ്. അതേസമയം, കുബേറിനെ വിൽക്കുന്നതിനുപകരം മികച്ച നിലവാരമുള്ള ബീജം തയാറാക്കി കർഷകർക്ക് ന്യായമായ വിലയ്ക്ക് ലഭ്യമാക്കാനായി ബീജ ബാങ്കിൽ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് പ്രതിമാസം ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടാക്കും. മറ്റു കർഷകർക്ക് ഇതേ ഇനത്തിൽപ്പെട്ട പോത്തുകളെ ലഭിക്കാൻ ഇത് സഹായിക്കുകയും ചെയ്യും. ഇതിനകം തന്നെ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ബീജത്തിനായി ആവശ്യക്കാര്‍ വരുന്നുണ്ടെന്നും വികാസ് പറഞ്ഞു
മൂന്നര വയസ്സ് പ്രായമുള്ള കുബേറിന് 5.5 അടി ഉയരമുണ്ട്. നേരത്തെ കുബേറിന്റെ മാതാവ് 23.5 ലിറ്റർ പാൽ ഉത്പാദിപ്പിച്ച് മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല മത്സരത്തിൽ വിജയിച്ചിരുന്നു. കുബേറിന് പയർ, കടല, പാൽ, തൈര്,നെയ്യ് എന്നിവയാണ് കൊടുക്കുന്നതെന്നും വികാസ് പറഞ്ഞു. ഹരിയാനയിലെ ഏറ്റവും പ്രശസ്തമായ മുറാ കാളയായ യുവരാജിന്റെ വേർപെടലിന് തൊട്ടുപിന്നാലെയാണ് കുബേറിന്റെ മൂല്യം ഉയർന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |