
അധോലോകം വാണരുളുന്ന മണ്ഡലമെന്ന കുപ്രസിദ്ധിയുള്ള ബീഹാറിലെ മൊക്കാമ പതിവുപോലെ തിരഞ്ഞെടുപ്പ് കാലത്തെ അക്രമത്തിന്റെ പേരിൽ വീണ്ടും ചർച്ചയാകുന്നു. ജൻ സുരാജ് പാർട്ടി നേതാവ് ദുലാർ ചന്ദ് യാദവ് (76) പ്രചാരണത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടതോടെ മണ്ഡലത്തിൽ സംഘർഷാവസ്ഥയാണ്. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദിന്റെ ഭരണകാലത്ത് കാട്ടുഭരണമായിരുന്നുവെന്ന എൻ.ഡി.എ ആരോപണം തിരിച്ചുപ്രയോഗിക്കാൻ മഹാസംഖ്യത്തിന് വഴി തുറന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സമയം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ പതിവായ മണ്ഡലത്തിൽ, അധോലോക പശ്‌ചാത്തലമുള്ള അനന്ത് സിംഗും(ജെ.ഡി.യു) എതിർഗാംങ്ങിനെ നയിക്കുന്ന സൂരജ്ഭൻ സിംഗിന്റെ ഭാര്യ വീണ ദേവിയുമാണ് (ആർ.ജെ.ഡി) പ്രധാന സ്ഥാനാർത്ഥികൾ. ദാദ എന്ന് വിളിപ്പേരുള്ള സൂരജ് ഭൻ സിംഗ് അയോഗ്യനായതിനാലാണ് ഭാര്യയെ മത്സരിപ്പിക്കുന്നത്. അനന്ത് സിംഗിന്റെ ഭാര്യയും എംപിയുമായ നീലം ദേവിയെ പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് നേതാവായ ദുലാർ ചന്ദ് 'വിശ്വസിക്കാൻ കൊള്ളാത്തവൾ" എന്ന് വിളിച്ചത് വിവാദമായിരുന്നു. പാർട്ടി സ്ഥാനാർത്ഥി പ്രിയദർശി പിയൂഷിനായി പ്രചാരണം നടത്തുമ്പോഴാണ് അക്രമികൾ വെടിവച്ചത്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. മൊകാമയിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ വൻ പൊലീസ് സന്നാഹമുണ്ട്. ആർ.ജെ.ഡി സ്ഥാനാർത്ഥി വീണാ ദേവിയുടെ കാർ ചിലർ തകർത്തു. പാർട്ടികൾ പ്രചാരണം നിറുത്തിവച്ചിരിക്കുകയാണ്. ജെ.ഡി.യു സ്ഥാനാർത്ഥി അനന്ത് സിംഗിന്റെ ആളുകളാണ് കൊലപാതകത്തിനും അക്രമത്തിനും പിന്നിലെന്ന് ആർ.ജെ.ഡി ആരോപിക്കുന്നു. അനന്ത് സിംഗിനും മറ്റ് അഞ്ച് പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദുലാർ ചന്ദിന്റെ മരണം എൻ.ഡി.എയുടെ 'കാട്ടുഭരണം" ആരോപണത്തെ പ്രതിരോധിക്കാൻ ആർ.ജെ.ഡിക്ക് വീണുകിട്ടിയ ആയുധമായി. തിരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം ഇതുന്നയിക്കുന്നു. ദുലാർ തങ്ങളുടെ നേതാവല്ലെന്നും പ്രചാരണത്തിനെത്തിയതാണെന്നും ജൻസുരാജ് നേതാവ് പ്രശാന്ത് കിഷോർ പറഞ്ഞു.
നേരത്തെ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ അനുയായിയായിരുന്ന ദുലാറിന്റെ ഗുണ്ടാ പശ്‌ചാത്തലം ചൂണ്ടിക്കാട്ടിയാണ് എൻ.ഡി.എ ആരോപണത്തെ നേരിടുന്നത്. കൈയിലിരിപ്പിന്റെ ഫലമാണ് ദുലാറിന് നേരിടേണ്ടി വന്നതെന്നും അവർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |