
കോഴിക്കോട്: ഗുണനിലവാര പരിശോധന സംവിധാനമില്ലാത്തതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള കാർഷികോത്പന്ന കയറ്റുമതി പ്രതിസന്ധിയിൽ. മുംബയ്, ചെന്നൈ, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിലെ ലാബുകളിലേക്ക് അയക്കുന്ന സാംപിളുകളുടെ പരിശോധന ഫലം പലകാരണങ്ങളാൽ വൈകുന്നതുമൂലം സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങൾ ദിവസങ്ങളോളം വിമാനത്താവളത്തിൽ കെട്ടികിടക്കുകയാണ്.
കരിപ്പൂർ വിമാനത്താവളത്തിൽ ലാബ് സൗകര്യം വേണമെന്ന ആവശ്യം ഏറെക്കാലമായി ശക്തമാണെങ്കിലും ഇതുവരെ നടപ്പിലാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഉത്പന്നങ്ങൾ സൂക്ഷിക്കാനുള്ള കോൾഡ് സ്റ്റോറേജ് ഹൗസും സ്ഥാപിച്ചിട്ടില്ല. പായ്ക്കിംഗ് സെന്ററുകളുടെ അപര്യാപ്തതയും കോഴിക്കോടിന് തിരിച്ചടിയാണ്. നിലവിൽ രണ്ട് പായ്ക്കിംഗ് സെന്ററുകൾ മാത്രമാണ് ഉള്ളത്.
മൂന്ന് സംസ്ഥാനങ്ങൾക്ക് ആശ്രയം
കേരള എക്സ്പോർട്ടേഴ്സ് ഫോറത്തിന്റെ കണക്ക് പ്രകാരം കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള കാർഷികോത്പന്നങ്ങളാണ് കോഴിക്കോട് വഴി കയറ്റുമതി നടത്തുന്നത്. തമിഴ്നാട്ടിലെ ഊട്ടി, നീലഗിരി, കർണാടകയിലെ കുടക്, മൈസൂർ ജില്ലകളിൽ നിന്നുള്ള സാധനങ്ങൾ കോഴിക്കോട്ടേക്കാണ് വരുന്നത്. കേരളത്തിൽ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഉത്പന്നങ്ങളാണ് കയറ്റുമതിയ്ക്കായി എത്തുന്നത്. വലിയ വിമാന സർവീസ് ഇല്ലാത്തതിനാൽ കാർഷികോത്പന്നങ്ങൾ കയറ്റാൻ പലപ്പോഴും സ്ഥലം തികയാത്ത പ്രശ്നവുമുണ്ട്.
2025-26 സാമ്പത്തിക വർഷത്തിലെ രണ്ടാംപാദത്തിലെ കാർഷികോത്പന്നങ്ങളുടെ കയറ്റുമതി
കോഴിക്കോട്- 9170.43 ടൺ
കൊച്ചി- 9309.6 ടൺ
തിരുവനന്തപുരം- 5194.42 ടൺ
കണ്ണൂർ- 1157 ടൺ
സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി
കോഴിക്കോട്- 986.80 മെട്രിക് ടൺ
കൊച്ചി- 1101.66 മെട്രിക് ടൺ
തിരുവനന്തപുരം- 63.14 മെട്രിക് ടൺ
കണ്ണൂർ- 96.96 മെട്രിക് ടൺ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |