
തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിലുണ്ടായ പ്രശ്നം താൽക്കാലികമായി പരിഹരിച്ചതിനുശേഷമുളള ആദ്യ ഇടതുമുന്നണി യോഗം ഇന്ന് നടക്കും. നാലുമണിക്ക് എകെജി സെന്ററിലാണ് യോഗം. മന്ത്രിസഭാ ഉപസമിതി രൂപീകരണമടക്കമുളള കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വിശദീകരിക്കും. ഏകപക്ഷീയമായി കരാർ ഒപ്പിട്ടത് ചോദ്യം ചെയ്യാൻ ആർജെഡി, സിപിഐ നേതൃയോഗങ്ങളും ഇന്ന് നടക്കും.
പിഎം ശ്രീയിൽ നിന്ന് പിന്നോട്ട് പോകാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതോടെയാണ് സിപിഐയിലുണ്ടായ പ്രതിഷേധങ്ങൾക്ക് പരിഹാരമായത്. പിഎം ശ്രീ കരാർ ഒപ്പിടുന്നതിന് മുൻപ് മുന്നണിയെ വിശ്വാസത്തിലെടുത്തില്ലെന്ന പൊതുവികാരം സിപിഐ മുൻപ് പ്രകടിപ്പിച്ചിരുന്നു.
യോഗത്തിൽ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്തുന്നതിലെ ആശങ്കയും ഉന്നയിച്ചേക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും കരാർ ഒപ്പിട്ടതിലെ ആശയക്കുഴപ്പം നേതൃത്വം വിശദീകരിക്കും. സിപിഐയുമായി നടന്ന തർക്കം തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഗുണം ചെയ്തില്ലെന്ന വിലയിരുത്തലും പാർട്ടി ഘടകങ്ങൾക്കുണ്ട്. സംസ്ഥാന നേതൃത്വത്തെ മറികടന്ന് പാർട്ടി ജനറൽ സെക്രട്ടറിയെടുത്ത സമീപനമാണ് പിഎം ശ്രീയിൽ പ്രശ്നപരിഹാരത്തിന് വഴിയൊരുക്കിയത് എന്ന ചർച്ചയും സജീവമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പാർട്ടി തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ഉണ്ടാകും.
അതേസമയം, പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭായോഗ തീരുമാനം ചീഫ് സെക്രട്ടറി കേന്ദ്രത്തെ ഇന്ന് അറിയിച്ചേക്കും. കത്തിന്റെ കരട് തയ്യാറാക്കിയെങ്കിലും മുഖ്യമന്ത്രി ഫയൽ കണ്ടില്ലെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അനുമതി നേടിയതിന് ശേഷമായിരിക്കും ചീഫ് സെക്രട്ടറി കത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറുക. എന്നാൽ പിഎം ശ്രീയിൽ നിന്ന് കേരളം പിൻമാറരുതെന്നാണ് കേന്ദ്രം അറിയിച്ചത്.കരാറിൽ ഉറച്ചുനിൽക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാനും അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |