
ഖാർത്തൂം: ആഭ്യന്തര യുദ്ധത്തിൽ അമരുന്ന വടക്കേ ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സാഹചര്യം അതിരൂക്ഷം. നോർത്ത് ദാർഫൂർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അൽ-ഫാഷിറിൽ ആറ് ദിവസത്തിനിടെ 2,500ലേറെ പേരെ അർദ്ധ സൈനിക വിഭാഗമായ ആർ.എസ്.എഫ് (റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്) കൂട്ടക്കൊല ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളെയും ഗോത്ര വർഗക്കാരെയുമാണ് ആർ.എസ്.എഫ് ലക്ഷ്യമിടുന്നത്. സൈന്യത്തെ തുരത്തി അൽ-ഫാഷിറിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് പിന്നാലെയാണിത്.
തങ്ങളെ എതിർക്കുന്നവരെ ആർ.എസ്.എഫ് അതിക്രൂരമായി വെടിവച്ചു വീഴ്ത്തുകയാണെന്ന് യു.എൻ (ഐക്യരാഷ്ട്ര സംഘടന) ചൂണ്ടിക്കാട്ടുന്നു. ആർ.എസ്.എഫ് അംഗങ്ങൾ സ്ത്രീകളും കുട്ടികളും അടക്കം നിരപരാധികളായ മനുഷ്യരെ തെരുവിൽ നിരത്തി നിറുത്തിയ ശേഷം വെടിവച്ചു കൊല്ലുകയാണെന്ന് അൽ-ഫാഷിറിൽ നിന്ന് രക്ഷപ്പെട്ടവർ അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. നഗരത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നവരെ തട്ടിക്കൊണ്ടുപോകുന്നുണ്ട്. കൂട്ടക്കൊലകളുടെ ഭയപ്പെടുത്തുന്ന വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
2023 ഏപ്രിൽ മുതലാണ് രാജ്യത്ത് സൈന്യവുമായി ആർ.എസ്.എഫിന്റെ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. 2021 ഒക്ടോബറിൽ സൈന്യം സുഡാന്റെ അധികാരം പിടിച്ചെടുത്തിരുന്നു. സൈനിക അട്ടിമറിക്ക് പിന്നാലെ അധികാരത്തിന്റെ പേരിൽ സൈന്യത്തിനും ആർ.എസ്.എഫിനുമിടെയിൽ വിള്ളൽ വീഴുകയും യുദ്ധത്തിൽ കലാശിക്കുകയുമായിരുന്നു.
അധികാരത്തിനായി
ആർ.എസ്.എഫ് അൽ-ഫാഷിർ പിടിച്ചെടുത്തത് - ഒക്ടോബർ 26
അന്ന് മുതൽ കൊല ചെയ്യപ്പെട്ട സാധാരണക്കാർ - 2,500 ലേറെ
അൽ-ഫാഷിർ പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട നിലയിൽ
സുഡാന്റെ മൂന്നിൽ ഒന്ന് പ്രദേശം ആർ.എസ്.എഫ് നിയന്ത്രണത്തിൽ. ഇവിടെ ആർ.എസ്.എഫ് മേധാവി ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയുടെ നേതൃത്വത്തിൽ പ്രത്യേക സർക്കാരിനെയും സ്ഥാപിച്ചു
ബാക്കി പ്രദേശങ്ങൾ, സൈനിക മേധാവി ജനറൽ അബ്ദേൽ ഫത്താ അൽ ബർഹാൻ ചെയർമാനായുള്ള കൗൺസിലിന്റെ കീഴിൽ. കമാൽ ഇഡ്രിസ് പ്രധാനമന്ത്രി. ഈ സർക്കാരാണ് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്
ആഭ്യന്തര യുദ്ധം ഇതുവരെ
( 2023 ഏപ്രിൽ 15 മുതൽ)
1,50,000 - കൊല്ലപ്പെട്ടവർ (ഇതിലും കൂടുതലെന്ന് നിഗമനം)
5,22,000 - കുഞ്ഞുങ്ങൾ പട്ടിണി മൂലം മരിച്ചു
8,856,000 - രാജ്യത്തിനുള്ളിൽ അഭയാർത്ഥികളായി
ആശുപത്രിയിലും കൂട്ടക്കൊല
അൽ-ഫാഷിറിൽ പ്രവർത്തിച്ചിരുന്ന അവസാന ആശുപത്രിയായ സൗദി മറ്റേർണിറ്റി ഹോസ്‌പിറ്റലിൽ ഡോക്ടർമാരും രോഗികളും കൂട്ടിരിപ്പുകാരും അടക്കം 500ഓളം പേരെ കൂട്ടക്കൊല ചെയ്തു. നാല് ഡോക്ടർമാരെ അടക്കം ബന്ദികളുമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |