
തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് ചവിട്ടിയെറിഞ്ഞ് അക്രമിയുടെ കണ്ണില്ലാത്ത ക്രൂരത. ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം പേയാട് സ്വദേശി സോനു (19) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ വെള്ളറട പനച്ചമൂട് സ്വദേശി സുരേഷ് കുമാറിനെ ആർ.പി.എഫ് കൊച്ചുവേളി സ്റ്റേഷനിൽ നിന്ന് പിടികൂടി. സോനുവിന്റെ സുഹൃത്തായ പെൺകുട്ടിയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചെങ്കിലും മറ്റു യാത്രക്കാർ എത്തിയതോടെ ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ഇന്നലെ രാത്രി 8.30ന് ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്‌രസ് വർക്കല അയന്തി പാലത്തിനു സമീപം എത്തിയപ്പോഴായിരുന്നു സംഭവം. യുവതികൾ ആലുവയിൽ നിന്നും സുരേഷ് കോട്ടയത്തു നിന്നുമാണ് ട്രെയിനിൽ കയറിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ കയറിയതുമുതൽ അപമര്യാദയായി പെരുമാറിയിരുന്നു.
വർക്കല സ്റ്റോപ്പിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോൾ ജനറൽ കമ്പാർട്ടുമെന്റിലുണ്ടായിരുന്ന സോനുവും സുഹൃത്തായ യുവതിയും ടോയ്ലെറ്റിലേക്ക് പോയി. സോനുവിനെ വാതിലിന് സമീപം നിറുത്തി യുവതി ടോയ്ലെറ്റിൽ കയറി. ഇവർ പുറത്തിറങ്ങിയപ്പോൾ യാതൊരു പ്രകോപനവുമില്ലാതെ പ്രതി സോനുവിന്റെ മുതുകിൽ ചവിട്ടി തള്ളിയിടുകയായിരുന്നു.
ബഹളം വച്ച പെൺകുട്ടിക്കുനേരെ തിരിഞ്ഞ പ്രതി, കൈയിൽ കടന്നുപിടിച്ച് വലിച്ച് പുറത്തേക്ക് തള്ളാൻ ശ്രമിച്ചെങ്കിലും യുവതി കമ്പാർട്ട്മെന്റിലെ കമ്പിയിൽ പിടിച്ച് തൂങ്ങികിടന്നു. മറ്റു യാത്രക്കാർ എത്തിയപ്പോൾ പ്രതി ഓടിരക്ഷപ്പെട്ടു. യാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്.
വീണത് കുറ്റിക്കാട്ടിൽ
പൊലീസ് നടത്തിയ തെരച്ചിലിൽ അയന്തി പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തി. തുടർന്ന് കൊല്ലം ഭാഗത്തേക്ക് പോയ മെമു ട്രെയിനിൽ കയറ്റി വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി മോശമായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റി. ആന്തരിക രക്തസ്രാവമുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രതിയെ രാത്രി വൈകി ഫോർട്ട് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചു. താനല്ല കൃത്യം ചെയ്തതെന്നും ബംഗാളിയാണ് പെൺകുട്ടിയെ ചിവിട്ടി ഇട്ടതെന്നും സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |