
ഇടുക്കി: കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികൾ പങ്കുവയ്ക്കുന്ന ട്രാവൽ വ്ളോഗുകൾ ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരം വീഡിയോകൾക്ക് കയ്യടിയും പ്രോത്സാഹനവും ലഭിക്കാറുമുണ്ട്. എന്നാലിപ്പോൾ മൂന്നാർ സന്ദർശിച്ച മുംബയ് സ്വദേശിനി പങ്കുവച്ച വീഡിയോയിൽ നിരവധി വിമർശനങ്ങളാണുയരുന്നത്. മൂന്നാർ സന്ദർശനത്തിനിടെ ഓൺലൈൻ ടാക്‌സിയിൽ യാത്ര ചെയ്തപ്പോൾ ടാക്‌സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം ജാൻവി എന്ന യുവതി പങ്കുവച്ചതാണ് ചർച്ചയാവുന്നത്. മുംബയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് യുവതി.
ഓൺലൈനായി ബുക്ക് ചെയ്ത ടാക്‌സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമായിരുന്നു ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. എന്നാൽ ഇതിനിടെ മൂന്നാറിൽ ഓൺലൈൻ ടാക്‌സിക്ക് നിരോധനമുണ്ടെന്നും ഇതുസംബന്ധിച്ച് കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഒരുസംഘം തടഞ്ഞു. പ്രദേശത്തെ ടാക്‌സിയിൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ എന്നായിരുന്നു ഇവരുടെ നിലപാട്. തുടർന്ന് യുവതി പൊലീസിന്റെ സഹായം തേടി. എന്നാൽ സ്ഥലത്തെത്തിയ പൊലീസും ഇതേ നിലപാടാണ് സ്വീകരിച്ചതെന്ന് യുവതി വീഡിയോയിൽ പറഞ്ഞു. ഇതോടെ മറ്റൊരു ടാക്‌സിയിൽ യാത്ര ചെയ്യേണ്ടി വന്നുവെന്നും സന്ദർശനം അവസാനിപ്പിച്ച് മടങ്ങിയെന്നും ജാൻവി വീഡിയോയിൽ വെളിപ്പെടുത്തി.
'സ്വന്തം ഇഷ്ടപ്രകാരമുള്ള ഗതാഗത രീതി തിരഞ്ഞെടുക്കാൻ എല്ലാവർക്കും ഭരണഘടനാപരമായ അവകാശമുണ്ട്. യൂണിയൻ ടാക്‌സി ഡ്രൈവർമാർ ഓൺലൈൻ ടാക്‌സി നിരക്കിനേക്കാൾ മൂന്നിരട്ടി തുകയാണ് ആവശ്യപ്പെട്ടത്. അനുഭവം ഓൺലൈനിൽ വെളിപ്പെടുത്തിയപ്പോൾ സമാനമായ ദുരനുഭവം നേരിട്ടതായി പല സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കുവച്ചു. കേരളത്തിന്റെ സൗന്ദര്യവും ആതിഥ്യമര്യാദയും പ്രശംസനീയമാണ്. കേരളത്തെ വളരെ ഇഷ്ടമായിരുന്നു. എന്നാൽ സുരക്ഷിത്വം തോന്നാത്ത സ്ഥലം സന്ദർശിക്കാൻ എനിക്കിനി കഴിയില്ല'- എന്നും യുവതി വീഡിയോയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |