
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലോട്ടറി വിൽപനക്കാരുടെ വേഷത്തിൽ ഭീക്ഷാടന സംഘങ്ങൾ സജീവമാകുന്നതായി റിപ്പോർട്ട്. പാർക്കിംഗ് കേന്ദ്രങ്ങളിൽ നിലയിറപ്പിക്കുന്ന ഇവർ ആദ്യം ലോട്ടറി വിൽക്കാനെന്ന പേരിൽ സമീപിക്കുകയും പിന്നീട് പ്രാരാബ്ദങ്ങൾ പറഞ്ഞ് പണം വാങ്ങുകയും ചെയ്യുന്നെന്നാണ് വിവരം. ചിലർ ലഗേജിൽ നിന്ന് മോഷണം വരെ നടത്തുന്നുണ്ടെന്ന പരാതിയുമുണ്ട്. വിമാനത്തിന്റെ പാർക്കിംഗ് കേന്ദ്രങ്ങളിൽ കറങ്ങുന്ന ഇവർ ടെർമിനലിന് സമീപമുള്ള സ്ഥലത്തേക്ക് എത്തുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു.
അടുത്തിടെ ദുബായിൽ നിന്ന് വിമാനമിറങ്ങിയ കൊല്ലം സ്വദേശിയായ യാത്രക്കാരിയെ ഒരു സ്ത്രീ ലോട്ടറി വിൽപനയ്ക്കായി സമീപിച്ചു. ലോട്ടറി വേണ്ടെന്ന് പറഞ്ഞതോടെ ബുദ്ധിമുട്ടുകൾ പറഞ്ഞ് പണത്തിനായി സമീപിച്ചു. യാത്രക്കാരന്റെ സുഹൃത്ത് പണം നൽകിയതോടെ ലഗേജ് കാറിലേക്ക് കയറ്റി പരിസരത്ത് നിന്ന് പോയി. എന്നാൽ കുറച്ച് സമയത്തിന് ശേഷം ബാഗ് പരിശോധിച്ചപ്പോൾ ലക്ഷങ്ങൾ വിലയുള്ള പുതിയ ടാബ്‌ലെറ്റ് നഷ്ടമായെന്ന് കാര്യം യാത്രക്കാരി മനസിലാക്കുന്നത്. ഉടൻ തന്നെ സിഐഎസ്എഫിനെയും ടെർമിനൽ മാനേജരെയും സമീപിച്ചു. എല്ലാ വിശദാംശങ്ങളും ഫോട്ടോകളും സഹിതം പരാതി പോർട്ടലിലും പൊലീസ് എയ്ഡ് പോസ്റ്റിലും പരാതി നൽകാൻ അവർ ഉപദേശിക്കുകയായിരുന്നു.
എന്നാൽ പരാതി നൽകിയതുകൊണ്ട് കാര്യമില്ലെന്ന് മനസിലാക്കിയ യാത്രക്കാരി വിമാനത്താവളത്തിന് സമീപം സ്വന്തമായി തിരച്ചിൽ നടത്തി. 45 മിനിറ്റിന് ശേഷം കാണാതായ ടാബ്‌ലെറ്റുമായി പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്കിടയിൽ സ്ത്രീ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. മറ്റൊരു വിമാനത്താവളത്തിലും ഇത്തരമൊകു സുരക്ഷാ പ്രശ്നം നേരിട്ടില്ലെന്ന് യാത്രക്കാരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ലോട്ടറി ടിക്കറ്റ് വിൽപ്പനയുടെ മറവിൽ വിമാനത്താവള പരിസരത്ത് നിരവധി വ്യക്തികൾ യാചനയിൽ ഏർപ്പെടുന്നുണ്ടെന്ന് എറണാകുളം റൂറൽ പൊലീസ് സ്ഥിരീകരിച്ചു. ഇവരിൽ കൂടുതലും സ്ത്രീകളാണ്. യാത്രക്കാരിയുടെ ബാഗിൽ നിന്നും ടാബ്‌ലെറ്റ് മോഷ്ടിച്ച സ്ത്രീ കൊല്ലം സ്വദേശിനിയായ രേണുകയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ചവറ പൊലീസ് സ്റ്റേഷനിൽ ഉൾപ്പടെ ഇവരുടെ പേരിൽ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഇപ്പോൾ ഒളിവിലാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
വിമാനത്താവളത്തിലെ ഈ പ്രശ്നത്തിൽ പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, വിമാനത്താവളത്തിന്റെ സുരക്ഷ സിഐഎസ്എഫിന്റെ കീഴിലാണെന്നും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനുശേഷം മാത്രമേ പൊലീസ് ഇടപെടുകയുള്ളൂവെന്നും നെടുമ്പാശ്ശേരി ഇൻസ്‌പെക്ടർ രാജേഷ് പറഞ്ഞു. ഭീക്ഷാടനത്തെക്കുറിച്ചോ ലോട്ടറി ടിക്കറ്റ് വിൽക്കുന്നതിനെക്കുറിച്ചോ ഔദ്യോഗിക പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചെയ്താൽ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിഷയം ലോക്കൽ പൊലീസിന്റെ അധികാരപരിധിയിൽ വരുന്നതാണെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. 'കൊച്ചിയിലെ വിമാനത്താവള സുരക്ഷ സിഐഎസ്എഫ് കൈകാര്യം ചെയ്യുമ്പോൾ, പാർക്കിംഗ് സ്ഥലങ്ങൾ ഉൾപ്പെടെയുള്ള വിമാനത്താവളത്തിന് പുറത്തുള്ള സ്ഥലങ്ങൾ ലോക്കൽ പൊലീസാണ് നിയന്ത്രിക്കുന്നത്. വിമാനത്താവളത്തിനുള്ളിലെ കാര്യങ്ങൾക്ക് സിഐഎസ്എഫാണ് ഉത്തരവാദിയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |