
തിരുവനന്തപുരം: 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് കുട്ടികളുടെ സിനിമയ്ക്കുള്ള അവാർഡ് പ്രഖ്യാപിച്ചിരുന്നില്ല. പുരസ്‌കാരത്തിനായി സമർപ്പിക്കപ്പെട്ട സിനിമയ്ക്ക് നിലവാരമില്ലായിരുന്നെന്ന ജൂറിയുടെ വിലയിരുത്തലിനെ തുടർന്നാണിത്. ഇതേത്തുടർന്ന് മികച്ച ബാലതാരം (ആൺ) മികച്ച ബാലതാരം (പെൺ) എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരം നൽകേണ്ടെന്ന് ജൂറി തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ ജൂറിയുടെ വിലയിരുത്തലിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ ജൂറി ചെയർമാൻ പ്രകാശ് രാജിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് 'സ്‌കൂൾ ചലേ ഹം' എന്ന കുട്ടികളുടെ ചിത്രത്തിന്റെ സംവിധായകൻ ശ്രീകാന്ത് ഇ.ജി.
ഞങ്ങളുടെ 'സ്‌കൂൾ ചലേ ഹം' അടക്കം ചുരുങ്ങിയത് അഞ്ച് സിനിമകൾ എങ്കിലും ഈ വർഷം അവർഡിനായി സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ശ്രീകാന്ത് പറയുന്നു. അതിൽ നിന്നും ഒന്നിനുപോലും ഒരു പ്രോത്സാഹന സമ്മാനം പോലും നൽകാതെ, ഇതുപോലുള്ള ആഹ്വാനങ്ങൾ മാത്രം നടത്തുമ്പോൾ കുട്ടികളുടെ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്ന അവസാന വ്യക്തിയെയും നിങ്ങൾ തന്നെ ഇല്ലാതാക്കുകയാണെന്ന് ശ്രീകാന്ത് ഫേസ്ബുക്കിൽ കുറിച്ചു. ഒരു ചെറിയ അവാർഡിൽ പ്രതീക്ഷയർപ്പിച്ച സിനിമാ പ്രവർത്തകരുടെ ആത്മാഭിമാനത്തേയല്ലേ സാർ നിങ്ങൾ തുരങ്കം വച്ചതെന്നും അദ്ദേഹം ചോദിച്ചു.
ശ്രീകാന്ത് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്
ചലച്ചിത്ര അക്കാദമിക്കും ജൂറി ചെയർമാനും ഒരു തുറന്ന കത്ത്
കേരള ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കുമ്പോൾ കൂടുതൽ ആകാംക്ഷയോടെ, അല്പം പ്രതീക്ഷയോടെ ചാനലിൽ മന്ത്രിയുടെ വാക്കുകൾകേട്ടിരിക്കുകയായിരുന്നു ഞങ്ങളും പിന്നെ ഒരു കൂട്ടം കുട്ടികളും. ഈ വർഷത്തെ അവാർഡിന് ഞങ്ങളുടെ 'സ്‌കൂൾ ചലേ ഹം' എന്ന കുട്ടികളുടെ സിനിമയും ഉണ്ടായിരുന്നു. മന്ത്രി അവാർഡ് പ്രഖ്യാപിച്ച് കഴിഞ്ഞപ്പോൾ അതിൽ കുട്ടികളുടെ സിനിമയ്ക്കുള്ള അവാർഡ് ഇല്ലായിരുന്നു, ആദ്യം കരുതിയത് പറയാൻ വിട്ടുപോയതാകാം എന്നാണ്, പിന്നീട് ജൂറി ചെയർമാൻ വിശദീകരണവുമായി വന്നു. മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള അവാർഡ് ഈ വർഷം ഇല്ലത്രെ! മികച്ച ബാല താരങ്ങളും ഇല്ല. കൂടാതെ ജൂറി ചെയർമാൻ മുഴുവൻ സിനിമാക്കാരോടും എഴുത്തുകാരോടും കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാക്കാനായി ആഹ്വാനം ചെയ്യുകയും ചെയ്തു. ജൂറി പറഞ്ഞത് അവാർഡിനായി സമർപ്പിക്കപ്പെട്ട കുട്ടികളുടെ സിനിമകളിൽ കൂടുതലും പറയുന്നത് മുതിർന്നവരുടെ കഥകൾ ആണ് എന്നുള്ളതാണ്. ഒരു കാര്യം ഞങ്ങൾക്ക് ഉറപ്പിച്ചു പറയാനാകും, 'സ്‌കൂൾ ചലേ ഹം' ൽ ഞങ്ങൾ പറഞ്ഞത് കുട്ടികളുടെ മാത്രം കഥയാണ്. ഇതിൽ 80% സമയവും സ്‌ക്രീനിൽ കുട്ടികൾ തന്നെയാണ് ഉള്ളത്.
എന്റെ അറിവിൽ ഞങ്ങളുടെ 'സ്‌കൂൾ ചലേ ഹം' അടക്കം ചുരുങ്ങിയത് അഞ്ച് സിനിമകൾ എങ്കിലും ഈ വർഷം അവർഡിനായി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. അതിൽ നിന്നും ഒന്നിനുപോലും ഒരു പ്രോത്സാഹന സമ്മാനംപോലും നൽകാതെ, ഇതുപോലുള്ള ആഹ്വാനങ്ങൾ മാത്രം നടത്തുമ്പോൾ കുട്ടികളുടെ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്ന അവസാന വ്യക്തിയെയും നിങ്ങൾ തന്നെ ഇല്ലാതാക്കുകയാണ് സർ. താങ്കൾ എന്താണ് കരുതുന്നത്, ബാക്കി സിനിമകളോടൊപ്പം ഓടിയെത്താനും മാത്രംകോടികൾ മുടക്കിയാണ് ഇവിടെ കുട്ടികളുടെ സിനിമകൾ ഉണ്ടാക്കുന്നത് എന്നാണോ?
കണ്ണൂർ ജില്ലയിലെ മൊറാഴ എന്ന ഒരു ഗ്രാമവും കമ്മാരൻ മാസ്റ്റർ മെമ്മൊറിയൽ സ്‌കൂളും ഞങ്ങളുടെ കൂടെ ആത്മാർഥമായി നിന്നത് കൊണ്ട് മാത്രം സംഭവിച്ച ഒരു സിനിമയാണ് 'സ്‌കൂൾ ചലേ ഹം'. ഇതിൽ വാണിജ്യ സിനിമകളിൽ കണ്ടുവരുന്ന പളപളപ്പ് കണ്ടില്ലെന്ന് വരും പക്ഷേ ജീവിതം പറയുന്നുണ്ട് സർ, ഒരിക്കലും ഒരു തിയറ്ററും ഒടിടി ഭീമന്മാരും ഈ സിനിമകൾ ഏറ്റെടുത്തെന്നു വരില്ല. കാരണം ഇതിൽ അഭിനയിക്കുന്നത് താരങ്ങൾ അല്ല, വളരേ സാധാരണക്കാരായ കുട്ടികൾ ആണ്. ഇതുപോലുള്ള സിനിമകളെ നിങ്ങളൊക്കെ പരിഗണിച്ചില്ലെങ്കിൽ പിന്നെവേറെ ആര് പരിഗണിക്കാനാണ് സർ, എന്നിട്ട് മഹത്തായ കുട്ടികളുടെ സിനിമകൾ ഈ നാട്ടിൽ ഉണ്ടാകുന്നില്ല എന്ന് പരാതി പറയരുത് സർ.
ഇത് തന്നെയാകും അവാർഡിന് സബ്മിറ്റ് ചെയ്ത മറ്റ് കുട്ടികളുടെ സിനിമകളുടെയും അവസ്ഥ. ഈ ഒരു ചെറിയ അവാർഡിൽ പ്രതീക്ഷയർപ്പിച്ച സിനിമ പ്രവർത്തകരുടെ ആത്മാഭിമാനത്തേയല്ലേ സാർ നിങ്ങൾ തുരങ്കം വച്ചത്? ജനപ്രിയ താരങ്ങൾക്കും സിനിമകൾക്കും അവാർഡിനു പുറമെ ഒന്നും രണ്ടും സ്‌പെഷ്യൽ മെൻഷനും കൊടുത്ത് തുല്ല്യത ഉറപ്പ് വരുത്തിയപ്പോൾചോദിക്കാനും പറയാനും ആരും വരില്ലെന്നു കരുതി കുട്ടികളുടെ സിനിമകളെ തഴഞ്ഞത് തീർത്തുംമോശമായിപോയി സർ, കഴിഞ്ഞ വർഷവും മികച്ച കുട്ടികളൂടെ സിനിമയ്ക്ക് അവാർഡ് കൊടുത്തില്ല എന്നാണ് അറിഞ്ഞത്. എങ്കിൽ ഈയൊരു വിഭാഗം തന്നെ അവാർഡിൽ നിന്നും ഒഴിവാക്കി ആ പണം ബാക്കിയുള്ള സ്‌പെഷ്യൽ മെൻഷനുകൾക്ക് ഉപയോഗിക്കുന്നതാകും സർ നല്ലത്.
എന്ന് ഒരുപാട് വിഷമത്തോടെ,
കുട്ടികളുടേത് മാത്രമായ ഒരു സിനിമ സംവിധാനം ചെയ്ത
ശ്രീകാന്ത് ഇ ജി
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |