
വർക്കല: ചോര വാർന്ന് റെയിൽവേ ട്രാക്കിലെ മെറ്റലിൽ കമിഴ്ന്നു കിടക്കുകയായിരുന്നു. ചെറിയൊരു ഞരക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ഇരുകൈകളുംകൊണ്ട് വാരിയെടുത്തു.സഹായത്തിന് ഭർത്താവ് അപ്പുവും ഒപ്പമുണ്ടായിരുന്നു.
കെ.കെ. എക്സ് പ്രസിൽ നിന്ന് നരാധമൻ തള്ളിവീഴ്ത്തിയ ശ്രീകുട്ടിയെ കണ്ടെത്തിയ ഷീജയുടെ വാക്കുകൾ.
ഷീജയ്ക്കു വന്ന ഒരു ഫോൺ കോളാണ് ജീവൻ രക്ഷിക്കാൻ നിമിത്തമായത്. തൃശൂർ മറ്റത്തൂർ സി.എച്ച്.സിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സാണ് അയന്തി പുണർതം വീട്ടിൽ ഷീജ. കേരള എക്സ് പ്രസിൽ ഉണ്ടായിരുന്ന റെയിൽവേ ജീവനക്കാരൻ കൂടിയായ സുഹൃത്താണ് ഷീജയുടെ വീടിനടുത്തായി ഒരു പെൺകുട്ടി തെറിച്ചു വീണെന്ന് അറിയിച്ചത്. ഉടൻ തന്നെ ഭർത്താവിനെയും കൂട്ടി ട്രാക്കിലേക്ക് ഓടുകയായിരുന്നു. സമീപവാസികളെയും വിളിച്ച് അറിയിച്ചു.
പാലത്തിന് സമീപം പൊന്തക്കാട്ടിലും റെയിൽവേ പാളത്തിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊട്ടുപിന്നാലെ മെമു ട്രെയിൻ കൊണ്ടു നിറുത്തി. എഞ്ചിൻ ക്യാബിനിൽ കയറി പൊന്തക്കാടുള്ള ഭാഗത്തേക്ക് ടോർച്ച് തെളിച്ചു പരിശോധന നടത്താൻ ലോക്കോ പൈലറ്റ് നിർദേശിച്ചു. മറുഭാഗം അദ്ദേഹവും നിരീക്ഷിച്ചു. മെമു സാവധാനം മുന്നോട്ടു നീങ്ങി. നാനൂറ് മീറ്ററോളം പോയപ്പോൾ ട്രെയിനിന്റെ വെളിച്ചത്തിൽതന്നെ അതു കണ്ടു. രണ്ടു ട്രാക്കുകൾക്ക് ഇടയിലായി ചോര വാർന്ന ശരീരം. മെമു നിറുത്തി ലോക്കാേ പൈലറ്റ് അടക്കം അവിടേക്ക് ഓടി. വാരി എടുക്കുന്നതിനിടെയാണ് ലോക്കോപൈലറ്റ് ആ വിവരം വെളിപ്പെടുത്തിയത്. ആരോ ചവിട്ടി വീഴ്ത്തിയതാണ്. അത് വല്ലാത്തൊരു ആഘാതമായി. ഷീജയും സ്ഥിരമായി ട്രെയിനിലാണ് ജോലി സ്ഥലത്തേക്ക് പോകുന്നതും അവധിക്ക് വരുന്നതും. തലേദിവസമാണ് തൃശൂരിൽ നിന്നെത്തിയത്.
ടൈൽസ് വർക്കാണ് ഭർത്താവ് അപ്പുവിന്.
വാഹനം വരാത്ത പ്രദേശം;
മെമുവിൽ കൊണ്ടുപോയി
റോഡില്ലാത്ത പൊന്തക്കാട് നിറഞ്ഞ വിജന പ്രദേശമായതിനാൽ ആംബുലൻസിനോ മറ്റു വാഹനങ്ങൾക്കോ എത്താൻ കഴിയുമായിരുന്നില്ല. ഇക്കാര്യം വർക്കല സ്റ്റേഷൻ മാസ്റ്റർ ജയദേവനെ അറിയച്ചു.തുടർന്ന് പൊലീസ് ലോക്കോ പൈലറ്റിന്റെ സഹായത്തോടെ വർക്കല സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അവിടെനിന്ന് എസ്. എൻ.മെഡിക്കൽ മിഷൻ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കാേളേജിലേക്കും കൊണ്ടുപോയി.
രക്തക്കറ പറ്റിയ മെറ്റൽ
ശേഖരിച്ച് പൊലീസ്
റെയിൽവേ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയ്ക്ക് 3.30ഓടെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. രക്തക്കറപൂരണ്ട മെറ്റലുകൾ ശേഖരിക്കുകയും പരിസര വാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അയന്തിയിൽ 181/18-20നമ്പർ പോസ്റ്റിന് സമീപം റെയിൽവേ ട്രാക്കുകളുടെ മദ്ധ്യഭാഗത്തായാണ് കണ്ടെത്തിയതെന്ന് നാട്ടുകാർ മൊഴി നൽകി.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |