
ഗുഡ്ഗാവ്: ഫരീദാബാദിൽ 17 വയസുകാരിക്ക് നേരെ ബൈക്ക് യാത്രികൻ വെടിയുതിർത്തു. ബല്ലബ്ഗഡിലെ ശ്യാം കോളനിയിലെ തെരുവിൽ ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി കോച്ചിംഗ് ക്ലാസിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്.
ബൈക്കിൽ കാത്തിരുന്ന അക്രമി നടന്നുവന്ന പെൺകുട്ടിക്ക് നേരെയിറങ്ങിച്ചെന്ന് വെടിയുതിർക്കുകയായിരുന്നു. നാടൻ പിസ്റ്റളുപയോഗിച്ച് രണ്ട് പ്രാവശ്യം ഇയാൾ വെടിയുതിർത്തു. സംഭവസ്ഥലത്തുണ്ടായിരുന്നവർ അക്രമിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും അയാൾ ഉടൻ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. ജതിൻ എന്ന യുവാവാണ് പ്രതിയെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ പൊലീസ് തിരിച്ചറിഞ്ഞു.
'ആരോ പടക്കം പൊട്ടിച്ചതാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് വലിയ അലർച്ച കേട്ടാണ് പലരും വീടിന് പുറത്തിറങ്ങിയത്. ഞങ്ങളെല്ലാം ചേർന്ന് അക്രമിയെ പിടികൂടാൻ ശ്രമിച്ചച്ചെങ്കിലും അയാൾ രക്ഷപ്പെട്ടു. ബഹളത്തിനിടയിൽ അയാൾ കൈയിലുണ്ടായിരുന്ന തോക്ക് റോഡിൽ ഉപേക്ഷിച്ചിരുന്നു' പ്രദേശവാസി പറഞ്ഞു. വെടിയേറ്റ പെൺകുട്ടിയെ ഉടൻ തന്നെ സർവ്വോദയ ആശുപത്രിയിൽ എത്തിച്ചു. ഹാൻഡ് കർച്ചീഫ് ഉപയോഗിച്ച് രക്തം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് പെൺകുട്ടി അബോധാവസ്ഥയിലായെന്നും ആശുപത്രിയിൽ എത്തിച്ചവർ പറഞ്ഞു.
ആക്രമണത്തിനുപയോഗിച്ച തോക്ക് പൊലീസ് കസ്‌റ്റഡിയിലെടുത്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി സ്ഥിരമായി തങ്ങളെ പിൻതുടരാറുണ്ടുന്ന് പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.
കൊല്ലണമെന്ന ഉദ്ദേശത്തിൽ തന്നെയാണ് അക്രമി വെടിയുതിർത്തതെന്നും ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് സബ് ഇൻസ്‌പെക്‌ടർ യെശ്പാൽ പ്രതികരിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ പ്രണയനൈരാശ്യമാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ, പ്രതിക്കെതിരെ പരാതി നൽകാൻ പെൺകുട്ടിയുടെ കുടുംബം തയ്യാറായില്ല, ലൈസൻസില്ലാതെ തോക്ക് കൈവശം വച്ചതിനും അതുപയോഗിച്ച് ആക്രമണം നടത്തിയതിനും പൊലീസ് ഇയാൾക്ക് എതിരെ കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |