
മൂന്നരവർഷം മുമ്പ് തൊടുപുഴയ്ക്കടുത്ത് ചീനിക്കുഴിയിൽ മകനെയും മരുമകളെയും രണ്ട് പേരക്കുട്ടികളെയും വീടിനുള്ളിൽ പൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ, കേട്ടുകേൾവിയില്ലാത്ത കൊടുംക്രൂരത ചെയ്ത പ്രതിക്ക് കഴിഞ്ഞദിവസം തൊടുപുഴ ഒന്നാം അഡിഷണൽ സെഷൻസ് കോടതി തൂക്കുകയർ വിധിച്ചു. പ്രതി ആലിയക്കുന്നേൽ ഹമീദിനെയാണ് (82) വധശിക്ഷയ്ക്ക് വിധിച്ചത്. കൊലക്കുറ്റത്തിന് വധശിക്ഷയും നാലുലക്ഷം രൂപ പിഴയും വീട് കത്തിച്ചതിന് 10 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതിക്ക് പരമാവധി ശിക്ഷ വിധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മുട്ടം ജില്ലാ ജയിലിലുള്ള പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
സമാനതകളില്ലാത്ത ക്രൂരത
തൊടുപുഴ ഉടുമ്പന്നൂർ ചീനിക്കുഴിയിൽ 2022 മാർച്ച് 19ന് ശനിയാഴ്ച പുലർച്ചെ 12.30നായിരുന്നു സമാനതകളില്ലാത്ത കൊടുംക്രൂരത അരങ്ങേറിയത്. പ്രതിയുടെ മകൻ ചീനിക്കുഴി ആലിയകുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു- 45), ഭാര്യ ഷീബ (40), മക്കളായ മെഹ്‌റിൻ (16), അസ്ന (13) എന്നിവരാണ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം വീട്ടിലെ ടാങ്കിലെ വെള്ളം മുഴുവൻ ഒഴുക്കി വിട്ടു. സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മേട്ടോറിന്റെ വൈദ്യുതിയും വിച്ഛേദിച്ചു. തുടർന്ന് കിടപ്പുമുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടിയ ശേഷം രണ്ട് പെട്രോൾ കുപ്പികൾ തീകൊളുത്തി ജനൽ വഴി അകത്തേക്ക് എറിഞ്ഞു.
തീ ആളിക്കത്തിയതോടെ നിലവിളിച്ച് എഴുന്നേറ്റ ഫൈസലും കുടുംബവും മുറിയോട് ചേർന്ന ശുചിമുറിയിൽ കയറി തീകെടുത്താൻ ശ്രമിച്ചെങ്കിലും വെള്ളമുണ്ടായിരുന്നില്ല. പ്രതികാര ദാഹിയായി നിന്ന ഹമീദിനെ ഓടിയെത്തിയ അയൽവാസി രാഹുൽ തള്ളി വീഴ്ത്തിയെങ്കിലും അയാൾ പുറത്തിറങ്ങി വീണ്ടും ജനലിലൂടെ പെട്രോൾ കുപ്പികൾ എറിഞ്ഞു. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഉറക്കമുണർന്ന് ഓടിയെത്തിയ അയൽവാസികൾക്ക് അകത്തേക്ക് കടക്കാനായില്ല. വിദ്യാർത്ഥികളായ മെഹ്റിന്റെയും അസ്നയുടെയും കത്തിക്കരിഞ്ഞ പുസ്തകങ്ങളും കൊലുസും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ദുരന്തസ്ഥലത്തെ കരൾ നുറുക്കുന്ന കാഴ്ചയായിരുന്നു. ഹമീദിനെ പൊലീസ് സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
നിർണായക സാക്ഷിമൊഴികൾക്കും സാഹചര്യത്തെളിവുകൾക്കും പുറമെ പ്രതി കുറ്റം സമ്മതിക്കുക കൂടി ചെയ്‌തോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. എം. സുനിൽ മഹേശ്വരൻ പിള്ളയാണ് ഹാജരായത്.
'ജയിലിൽ പോയാൽ മട്ടൻ കിട്ടുമല്ലോ"
'ജയിലിൽ പോയാൽ പോലും ആഴ്ചയിൽ ഒരിക്കൽ മട്ടൻ കിട്ടും, പക്ഷേ വീട്ടിൽ എനിക്ക് കിട്ടില്ല" കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ് ഹമീദ് സമീപത്തെ ചായക്കടയിലിരുന്ന് പറഞ്ഞ വാചകങ്ങളാണിത്. കോടതി വിധിച്ച വധശിക്ഷയൊന്നും ഒരു രീതിയിലും തന്നെ ബാധിക്കില്ലെന്ന് തെളിയിക്കുന്നതായിരുന്നു അന്ന് പ്രതി നടത്തിയ പ്രസ്താവന. 20 വർഷത്തോളമായി മറ്റൊരു സ്ത്രീയോടൊപ്പം ഇടുക്കി കരിമ്പനിൽ താമസിക്കുകയായിരുന്ന ഹമീദ് 2019ലാണ് നാട്ടിലെത്തിയത്. ആദ്യ ഭാര്യ അഞ്ചുവർഷം മുമ്പാണ് മരിച്ചത്. ആരോടും അധികം അടുപ്പം സൂക്ഷിക്കാത്ത പരുക്കനായിരുന്നു ഇയാൾ. വല്ലപ്പോഴും ബീഡി വാങ്ങാനോ പള്ളിയിൽ പോകാനോ മാത്രമാണ് വീടിന് പുറത്തിറങ്ങിയിരുന്നത്. പരമ്പരാഗതമായി സ്വത്തുള്ള കുടുംബമാണ് ഇവരുടേത്. ചീനിക്കുഴിയിൽ മെഹ്‌റിൻ സ്റ്റോഴ്‌സെന്ന പേരിൽ പച്ചക്കറി പലചരക്ക് കട നടത്തുന്ന മകൻ മുഹമ്മദ് ഫൈസലിന്, കൊലപാതകം നടന്ന വീടുൾപ്പെടുന്ന 58 സെന്റ് പുരയിടം വർഷങ്ങൾക്ക് മുമ്പ് ഹമീദ് ഇഷ്ടദാനം നൽകിയതാണ്. ഇതുകൂടാതെ 60 സെന്റ് സ്ഥലവും ഹമീദിന്റെ പേരിലുണ്ട്. ആറുലക്ഷം രൂപയോളം ബാങ്കിലുമുണ്ട്. ഫൈസലിന് സ്ഥലം നൽകുമ്പോൾ മരണം വരെ ഹമീദിന് വസ്തുവിന്റെ ആദായമെടുക്കാനും ഒപ്പം ചെലവിന് നൽകാനും തയ്യാറാകണമെന്ന് നിബന്ധനയുണ്ടായിരുന്നു. മൂന്ന് നേരം മീനും ഇറച്ചിയുമടങ്ങുന്ന സുഭിഷമായ ഭക്ഷണം നൽകുന്നില്ലെന്ന് ആരോപിച്ച് ഹമീദ് എന്നും വഴക്കിടുമായിരുന്നു. മകന്റെ കൈയിൽ നിന്ന് സ്വത്ത് തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹമീദ് തൊടുപുഴ മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ജീവിതച്ചെലവിന് പണം ആവശ്യപ്പെട്ട് കുടുംബകോടതിയിലും ഇയാൾ കേസ് നൽകിയിരുന്നു. സ്ഥലം തിരികെ നൽകിയില്ലെങ്കിൽ പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തുമെന്ന് ഹമീദ് ഭീഷണിപ്പെടുത്തിയതായി ഫൈസൽ 2022 ഫെബ്രുവരി 25ന് കരിമണ്ണൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനുശേഷം ഫൈസലും ഭാര്യയും രണ്ട് മക്കളും വീടിന്റെ ഒറ്റമുറിയിലായിരുന്നു താമസിച്ചിരുന്നത്. മാത്രമല്ല വീട്ടിൽ നിരന്തരമായുണ്ടാകുന്ന തർക്കങ്ങൾക്കും വഴക്കിനുമിടയിൽ എല്ലാവരെയും ഇല്ലാതാക്കുമെന്ന് ഹമീദ് ആവർത്തിച്ച് പറയാറുണ്ടായിരുന്നു. മരണം ഉറപ്പാക്കിയ വൈരാഗ്യ ബുദ്ധിയായിരുന്നു പൊലീസിനോട് സംഭവം വിവരിക്കുമ്പോഴും ഹമീദിന്റെ മുഖത്ത്. സ്വത്ത് വീതം വച്ച് നൽകിയിട്ടും മകൻ തന്നെ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഹമീദ് പൊലീസിന് നൽകിയിരുന്ന മൊഴി. തനിക്ക് കൃത്യമായി ഭക്ഷണം നൽകുന്നില്ലെന്നും ഉപദ്രവിക്കുമായിരുന്നെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കൊച്ചുമക്കളടക്കം മോശമായിട്ടാണ് പെരുമാറിയിരുന്നത്. സംഭവ ദിവസം രാവിലെ മകൻ ഫൈസൽ തല്ലിയതായും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. പിന്നാലെ രാത്രിയെത്തി ഹമീദ് കൃത്യം നടത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |