
കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ എന്ന സി.പി.ഐ ഇന്ത്യയിലെ ചെറിയ പാർട്ടികളിലൊന്നാണെങ്കിലും അതിന്റെ കെട്ടുറപ്പിന് കരുത്തുണ്ട്. വെറുതെ കുലുക്കി തറയിലിടാൻ ശ്രമിച്ചാൽ കുലുങ്ങുന്ന പാർട്ടിയല്ലിത്. ജനപ്രതിനിധികളുടെ എണ്ണം കുറവാണെങ്കിലും നയങ്ങളിലും നിലപാടുകളിലും ഉറപ്പുള്ളവരാണ്. ആ പാർട്ടിയിൽ നിന്ന് ആര് പോയാലും അതിലേക്ക് ആര് വന്നാലും നിലപാട് ഒന്നു തന്നെ. അതുകൊണ്ടാണ് പി.എം ശ്രീയിൽ പോലും വല്യേട്ടനെ മുട്ടുകുത്തിച്ചത്. ദൃഢമായ വേരുകളും കാതലുള്ള തടിയും ചേർന്നതാണ് പാർട്ടിയുടെ ശരീരം. ആ മരത്തിൽ നിന്ന് ഇലകൾ കൊഴിഞ്ഞാലും ശിഖരങ്ങൾ അടർന്നാലും തളിർത്ത് നിരവധിയാളുകൾക്ക് തണലായി നിൽക്കും. സി.പി.എമ്മിനെപ്പോലെ കേഡർ സംവിധാനമാണ് സി.പി.ഐയ്ക്കും. പത്തനംതിട്ട സി.പി.ഐയ്ക്ക് വളക്കൂറുള്ള മണ്ണാണ്. ജില്ലയിൽ ഒരു എം.എൽ.എയും രണ്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങളും നിരവധി ഗ്രാമപഞ്ചായത്ത് അംഗങ്ങളുമുണ്ട്. രാജി പി. രാജപ്പനൊപ്പം ശ്രീനാദേവി കുഞ്ഞമ്മയായിരുന്നു ജില്ലാ പഞ്ചായത്തിലെ സി.പി.ഐ പ്രതിനിധികൾ. പാർട്ടി നേതൃത്വത്തോട് പൊട്ടിത്തെറിച്ച് ശ്രീനാദേവി ജില്ലാ പഞ്ചായത്ത് അംഗത്വവും എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗത്വവും ഒഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ശ്രീനാദേവിയുടെ രാജി പാർട്ടിയിലോ പൊതു സമൂഹത്തിലോ വലിയ ചലനമുണ്ടാക്കിയില്ല. ഈ യുവ നേതാവിന് പാർട്ടി അംഗത്വം പുതുക്കി നൽകിയിരുന്നില്ല. പാർട്ടി നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ചാണ് ശ്രീന പുറത്തുപാേയത്. നേതൃത്വത്തിൽ അഴിമതി പിടിമുറുക്കുന്നുവെന്ന് ശ്രീനാദേവി ആരോപണമുന്നയിച്ചിരുന്നു. കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് രേഖകൾ സഹിതം ശ്രീനാദേവി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയപ്പോൾ അന്വേഷണ കമ്മിഷനെ വച്ചു. അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. ജയൻ അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്നായിരുന്നു പ്രധാന ആരോപണം. പാർട്ടി നിയോഗിച്ച അന്വേഷണ സമിതിയുടെ ശുപാർശയെ തുടർന്ന് എ.പിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. താൻ സ്വന്തമായിട്ട് സ്വത്ത് സമ്പാദിച്ചു കൂട്ടിയിട്ടില്ലെന്നും മകൻ വിദേശത്ത് പോയി തൊഴിൽ ചെയ്തുണ്ടാക്കുന്ന സമ്പത്തിന് താനുമായി എന്തുബന്ധമെന്നുമായിരുന്നു എ. പിയുടെ മറുപടി. അതിൽ ന്യായമുണ്ടെന്ന് പ്രത്യക്ഷത്തിൽ തോന്നാം. പല പാർട്ടി നേതാക്കളും തുടക്കത്തിൽ സാധുക്കളായിരിക്കും. അവരുടെ തലമുറ പാർട്ടി പ്രവർത്തകരാകണമെന്നില്ല. ബിസിനസ് നടത്തിയും ഉയർന്ന ശമ്പളമുള്ള തൊഴിൽ ചെയ്തും അവർ സമ്പത്തുണ്ടാക്കും. ആഢംബര വീടുകൾ വച്ചെന്നിരിക്കും. അതുമായി പാർട്ടി നേതാക്കളെ ബന്ധപ്പെടുത്തിയാൽ പിണറായി വിജയന് സി.പി.എമ്മിൽ നിൽക്കാൻ അർഹതയുണ്ടാകില്ല. അതേ അവസ്ഥയാണ് എ. പി.ജയന്റേതും.
എ.പിയുടെ പാർട്ടിസ്ഥാനം തെറിച്ചിട്ടും ശ്രീനാദേവിക്ക് പാർട്ടിയിൽ അംഗത്വം തിരിച്ചു കിട്ടുകയോ മതിയായ പരിഗണന ലഭിക്കുകയോ ഉണ്ടായില്ല. എ.പിക്കെതിരെ ശ്രീനാദേവിയെ ഇറക്കിവിട്ടവർ, കാര്യം കഴിഞ്ഞപ്പോൾ ശ്രീനയെ തഴഞ്ഞു. കഴിഞ്ഞ ജില്ലാ സമ്മേളനത്തോടെ എ.പി ജയൻ ജില്ലാ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട് പാർട്ടി നേതൃത്വത്തിലേക്ക് ഉയർന്നിട്ടും ശ്രീനാദേവിയെ പാർട്ടി അവഗണിച്ചു. അർഹതപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും നൽകിയില്ല. പാർട്ടി ജില്ലാ സെക്രട്ടറിക്കെതിരെ നേതൃത്വത്തിന് പരാതി നൽകിയ ശേഷം അതു മാദ്ധ്യമങ്ങൾക്ക് നൽകിയെന്നതാണ് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചത്.
പാർട്ടിക്കു വേണ്ടെങ്കിൽ
ശ്രീനയ്ക്കും വേണ്ട
തന്റെ ആവലാതികൾക്ക് പാർട്ടി നേതൃത്വത്തിൽ നിന്ന് പരിഹാരമുണ്ടായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ശ്രീനാദേവി കഴിഞ്ഞ ദിവസം സി.പി.ഐ ബന്ധം ഉപേക്ഷിച്ചത്. ഫെയ്സ് ബുക്ക് കുറിപ്പിലൂടെ അത് വെളിപ്പെടുത്തുകയും ചെയ്തു. എഴുത്തും പ്രഭാഷണവും കഥയും കവിതയും വശമുള്ള ശ്രീനാദേവിയെപ്പോലുള്ളവരെ പുരോഗമന ഇടതുപ്രസ്ഥാനങ്ങൾക്കു വേണ്ടെങ്കിൽ അവർ മറ്റേതെങ്കിലും പാർട്ടിയിൽ കയറും. പറവകൾ ഒരു മരത്തിൽ നിന്ന് അടുത്ത മരത്തിലേക്ക് ചേക്കേറുന്നതുപോലെയാണ് ഇക്കാലത്തെ പാർട്ടി മാറ്റങ്ങൾ. വിശ്വസിച്ച ആദർശവും നയങ്ങളും നിലപാടുകളും അധികാരക്കാറ്റിനൊപ്പം ആടിയുലയും. ഇന്ന് കോൺഗ്രസിൽ കാണുന്നവർ നാളെ സി.പി.എമ്മിലും മറ്റന്നാൾ ബി.ജെ.പിയിലും കാണും. ഇത്രയും നാൾ വിശ്വസിച്ച കമ്മ്യൂണിസ്റ്റ് ആദർശത്തിൽ നിന്ന് നേർ എതിരാളിയായ കോൺഗ്രസിലേക്കോ അതിനേക്കാളും ശത്രുവായ ബി.ജെ.പിയിലേക്കോ ശ്രീനാദേവി പോയെന്നിരിക്കും. രാഷ്ട്രീയം ഇങ്ങനെയാണ്. വിവാദ കോലാഹലങ്ങളും അധികാര രാഷ്ട്രീയവും അഴിമതിക്കണക്കുകളും അവസരവാദവും നിറഞ്ഞ കലുഷിതമായ മേഖലയാണ് രാഷ്ട്രീയം. വികസനവും പുരോഗമനവും മുന്നേറ്റവും ആർക്കും കാണണ്ട, കേൾക്കണ്ട. വ്യക്തിഹത്യയും പാര വപ്പുമാണ് ഇന്നത്തെ രാഷ്ട്രീയത്തെ മുന്നോട്ടു നയിക്കുന്നത്.
യുവതലമുറയും വനിതകളും പാർട്ടികളിൽ തഴയപ്പെടുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് വരികയാണ്. തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും. പുതിയ ആശയങ്ങൾ അവതരിപ്പിക്കാനും നടപ്പാക്കാനും കെൽപ്പുള്ള യുവജനതയ്ക്ക് സീറ്റുകൾ നൽകാതെ അവരെ പണിയാളുകളായി നിലനിറുത്തുകയാണ് പാർട്ടികളിലെ മേലാളൻമാർ. ശ്രീനാദേവിയെപ്പോലുള്ളവർ ഏതു പാർട്ടിയിൽ ചെന്നാലും അവസരങ്ങൾ നിഷേധിക്കപ്പെടും. പാർട്ടിയിലെ പദവികളിലിരുത്തി ബഹുമാനം തരും. പക്ഷെ, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് തരുമോ എന്ന് കണ്ടറിയണം. എല്ലാ പാർട്ടികളിലുമുണ്ട് ശ്രീനാ ദേവി കുഞ്ഞമ്മമാർ. നേതൃത്വത്തെ വിമർശിക്കണമോ ഒപ്പം നിൽക്കണോ എന്നു തീരുമാനിക്കേണ്ടത് അവരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |