
കോഴിക്കോട് താമരശ്ശേരിയിലുള്ള കോഴിയറവ് മാലിന്യ പ്ളാന്റായ ഫ്രഷ് കട്ട് ഉയർത്തുന്ന മാലിന്യ പ്രശ്നം സംഘർഷത്തിലെത്തിയിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം ഇനിയുമായിട്ടില്ല. കഴിഞ്ഞ മാസം 21ന് സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസുകാർക്കും നാട്ടുകാർക്കും പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ഒരു സംഘം ആളുകൾ പ്ളാന്റിന് തീയിട്ടു. അഞ്ഞൂറിലധികം ആളുകളുടെ പേരിൽ പൊലീസ് കേസെടുത്തു. സമരസമിതി പ്രവർത്തകരും സമരത്തിൽ പങ്കെടുത്തവരുമെല്ലാം ഇതിൽപ്പെടും. ഇരുപതിലധികം പേരെ പിടികൂടി. സമരസമിതി പ്രവർത്തകരിൽ പ്രധാനികൾ ഒളിവിലാണ്. ഇവരെ പിടികൂടാൻ പൊലീസ് സ്ത്രീകൾ മാത്രമുള്ള വീടുകളിൽ നടത്തുന്ന പരിശോധന വിവാദമായിട്ടുണ്ട്. കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പ്ളാന്റ് പ്രവർത്തനത്തിന് ചില മാനദണ്ഡങ്ങളുണ്ടാക്കിയെങ്കിലും ജനങ്ങൾ ഉന്നയിക്കുന്ന പ്രധാന പ്രശ്നത്തിന് പരിഹാരമായിട്ടില്ല.
ജില്ലയിൽ ഫ്രഷ് കട്ട് മാത്രമാണ് കോഴിയറവ് മാലിന്യം ശേഖരിക്കുന്നത്. മാലിന്യ പ്രശ്നത്തിന് പ്രധാന കാരണവും ഇതുതന്നെയാണ്. മറ്റ് പ്ളാന്റുകൾക്കും അനുമതി നൽകണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. പ്ളാന്റ് മാറ്റി സ്ഥാപിക്കണമെന്നതും അംഗീകരിക്കപ്പെട്ടിട്ടില്ല. വിവിധ രാഷ്ട്രീയ കക്ഷികളും സന്നദ്ധ സംഘടനകളും പരിസ്ഥിതി, സാംസ്കാരിക പ്രവർത്തകരുമെല്ലാം സമരത്തിന് പിന്തുണ നൽകിയിരിക്കുകയാണ്. കമ്പനി നിയമവിധേയമായാണ് പ്രവർത്തിക്കുന്നതെന്ന വാദമാണ് അധികൃതർ ഉയർത്തുന്നത്. പഞ്ചായത്ത് ഭരണസമിതി അനുമതി നൽകാതിരുന്നിട്ടും ഉന്നത സ്വാധീനം ഉപയോഗിച്ചാണ് സെക്രട്ടറിയെക്കൊണ്ട് അനുമതി വാങ്ങിയതത്രെ. മാനദണ്ഡങ്ങൾക്ക് വിധേയമായി കമ്പനിക്ക് പ്രവർത്തിക്കാമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. കളക്ടറുടെ യോഗത്തിൽ മുസ്ലീം ലീഗ് ഇതിൽ കടുത്ത എതിർപ്പും രേഖപ്പെടുത്തി.
ജീവിക്കാനാവാത്ത സ്ഥിതി
ഈ പ്ലാന്റ് മൂലം പ്രദേശത്തെ ആളുകൾ നേരിടുന്ന പ്രശ്നങ്ങളും നിരവധിയാണ്. ഇരുതുള്ളി പുഴയിലേക്ക് മാലിന്യം തള്ളിവിടുന്നുവെന്നാണ് പ്രധാന ആക്ഷേപം. ദുർഗന്ധത്തിന് പുറമെ പുഴവെള്ളത്തിൽ കുളിക്കുന്നവരുടെ ശരീരത്തിൽ ചൊറിച്ചിലുണ്ടാകുന്ന സ്ഥിതിയുമുണ്ട്. പ്രദേശത്തു നിലനിൽക്കുന്ന ദുർഗന്ധത്തെ തുടർന്ന് അടുത്ത ബന്ധുക്കൾ പോലും വീട്ടിൽലേക്ക് വരാൻ മടിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. യുവതീയുവാക്കൾക്ക് വിവാഹാലോചനകൾ പോലും ഇതേച്ചൊല്ലി മുടങ്ങുന്നുവെന്നുവത്രെ. പൊലീസ് റെയ്ഡിനെ തുടർന്ന് സ്കൂളിൽ ഹാജർ നില കുറഞ്ഞു. ഇത്രയും ഗുരുതരമായ പ്രശ്നങ്ങളുണ്ടായിട്ടും പരിഹാരത്തിന് സജീവമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പ്രശ്ന പരിഹാരത്തിനായി കഴിഞ്ഞ ദിവസം മുതൽ അനിശ്ചിതകാല നിരാഹാരം തുടങ്ങിയിട്ടുണ്ട്.
അഞ്ച് വർഷത്തിലധികമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഫാക്ടറിക്കു മുമ്പിൽ കുടിൽ കെട്ടിയും സമരം നടത്തിയിരുന്നു. നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് പ്ലാന്റ് പ്രവർത്തിച്ചതെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ പറയുന്നു. കഴിഞ്ഞ മാർച്ച് 31ന് പഞ്ചായത്ത് നൽകിയ പ്രവർത്തനാനുമതി അവസാനിക്കുന്ന പ്ലാന്റ് അവിടെനിന്ന് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും സമരം നടത്തി. ഹൈക്കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് അനുകൂലവിധി സമ്പാദിച്ചാണ് പ്രവർത്തനമെന്നും ആക്ഷേപമുയർന്നു. ഇതിന് പൊല്യൂഷൻ കൺട്രോൾ ബോർഡ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ടെന്നും ഭാരവാഹികൾ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ പ്ലാന്റിലേക്ക് പുതിയ കോഴിമാലിന്യം മാത്രമേ കൊണ്ടുപോകൂ എന്നും താലൂക്ക് അടിസ്ഥാനത്തിൽ സോണുകളായി തിരിച്ച് കണ്ടെയ്നർ ഫ്രീസർ സ്ഥാപിക്കുമെന്നും ധാരണയായിരുന്നു. എന്നാൽ അതൊന്നും പ്രാവർത്തികമായില്ല. അഞ്ചുവർഷത്തോളമായി അനുരഞ്ജന ചർച്ചകളിലെ ധാരണകളും നടപ്പായില്ല. ഇപ്പോൾ കളക്ടറുണ്ടാക്കിയ ധാരണകളിലും തങ്ങൾക്ക് വിശ്വാസമില്ലെന്ന് സമരക്കാർ പറയുന്നു.
കോടതിയെയും തെറ്റിദ്ധരിപ്പിച്ചു?
ദിനംപ്രതി 20- 23 ടൺ മാലിന്യമാണ് പ്ലാന്റിൽ സംസ്കരിക്കുന്നതെന്നാണ് കമ്പനി അധികൃതർ പറഞ്ഞിരുന്നത്. 30 ടൺ വരെ സംസ്കരിക്കാൻ അനുമതിയുണ്ടെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജില്ലയിൽ മറ്റെവിടെയെങ്കിലും പ്ലാന്റ് അനുവദിക്കുന്നതിനെതിരെ കമ്പനി വിധി സമ്പാദിച്ചത്. എന്നാൽ ദിവസം 90 ടൺ മാലിന്യം ഇവിടെ സംസ്കരിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 150 ടണ്ണോളം കോഴിമാലിന്യം ഇവിടെ സംസ്കരിക്കുന്നുണ്ടെന്നാണ് നിഗമനമെന്നും സമരസമിതി ഭാരവാഹികൾ പറയുന്നു.
പ്ലാന്റിനെതിരെ പരാതിപ്പെട്ടാൽ മാനേജ്മെന്റിനെ സംരക്ഷിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഉദ്യോഗസ്ഥരെടുക്കുന്നതത്രെ. കഴിഞ്ഞ വർഷം നിയമലംഘനത്തിന് പൊല്യൂഷൻ കൺട്രോൾ ബോർഡ് ഫ്രഷ് കട്ടിന് 36 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇതിൽ അഞ്ചു ലക്ഷമാണ് ഈടാക്കിയത്. ബാക്കി തുക ഉന്നതതലത്തിൽ സ്വാധീനിച്ച് ഒത്തുതീർപ്പാക്കിയെന്നും ആക്ഷേപമുണ്ടായിരുന്നു. കമ്പനിക്കുള്ള പൊല്യൂഷൻ കൺട്രോൾ ബോഡിന്റെ ലൈസൻസ് കാലാവധി 2024 ഓക്ടോബർ 31 അവസാനിച്ചു. ഇത് പിന്നീട് നീട്ടിക്കൊടുത്തു. നിയമപ്രശ്നങ്ങളെ തുടർന്ന് ഈയിടെ പൂട്ടിയെങ്കിലും താത്കാലിക അനുമതി വാങ്ങി വീണ്ടും പ്രവർത്തനം തുടങ്ങിയെന്നാണ് വിവരം. സമരക്കാരുടെ വീടുകളിൽ പൊലീസ് റെയ്ഡും നടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വീണ്ടും പുതിയ ധാരണകൾ
പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ സമരക്കാരെ പ്രതിനിധീകരിച്ചു യോഗത്തിൽ പങ്കെടുക്കാനുള്ളവരെ നിശ്ചയിച്ചു നൽകാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് ജില്ല കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണിത്. രാഷ്ട്രീയ പാർട്ടികൾ വിവിധ നിബന്ധനകൾ മുന്നോട്ടുവച്ചു.
പ്ലാന്റിൽ മാലിന്യം സംഭരിച്ചുവെയ്ക്കുന്നത് കർശനമായും ഒഴിവാക്കുക, പൂർണമായും ശീതികരിച്ച വാഹനങ്ങളിൽ മാത്രം മാലിന്യം കൊണ്ടുവരിക, ദുർഗന്ധം അനുഭവപ്പെടുന്നത് കുറയ്ക്കാൻ പെർഫ്യൂം സംവിധാനം ഉറപ്പുവരുക്കുക, യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി, നിരപരാധികളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുക, അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ മുന്നോട്ടുവച്ചു. എന്നാൽ കമ്പനി പറയുന്ന ഉറപ്പുകളും ധാരണകളുമൊന്നും പാലിച്ചിട്ടില്ലെന്നാണ് സമരസമിതി പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |