
വാഷിംഗ്ടൺ: ട്രംപിന്റെ ഭീഷണിയും അധിക്ഷേപവും വിലപ്പോയില്ല. അമേരിക്കൻ ജനതയുടെ ഹൃദയത്തിലേറി ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനിയുടെ തേരോട്ടം. ന്യൂയോർക്ക് നഗര മേയറായി ജനുവരി ഒന്നിനു ചുമതലയേൽക്കും.
ട്രംപിന്റെ തീവ്ര കുടിയേറ്റ, തീരുവ നയത്തിനേറ്റ തിരിച്ചടിയായി തിരിഞ്ഞെടുപ്പ് ഫലം. അമേരിക്കയിൽ ട്രംപ് വിരുദ്ധ വികാരം ശക്തമാകുന്നതിന്റെ സൂചനയായും വിലയിരുത്തുന്നു.
91 ശതമാനം ഫലം പുറത്തുവന്നപ്പോൾ 50.4 ശതമാനം വോട്ട് നേടിയാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ യുവനക്ഷത്രം ജയിച്ചുകയറിയത്. ഇടതുപക്ഷ ആശയക്കാരനാണ് മംദാനി. 'കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ" എന്നാണ് ട്രംപ് ആക്ഷേപിച്ചിരുന്നത്. മംദാനി ജയിച്ചാൽ ന്യൂയോർക്ക് സിറ്റിക്കുള്ള ഫെഡറൽ ധനസഹായം തടയുമെന്നായിരുന്നു ഭീഷണി.
പാർട്ടിയുമായി ഇടഞ്ഞ് സ്വതന്ത്രനായി മത്സരിച്ച ഡെമോക്രാറ്റിക് നേതാവ് മാരിയോ ക്വോമോ 41.6 ശതമാനം വോട്ടുമായി രണ്ടാമതെത്തി. ക്വോമോയ്ക്കായിരുന്നു ട്രംപിന്റെ പിന്തുണ. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെ കർട്ടിസ് സ്ലീവ വെറും 7.1 ശതമാനം വോട്ടിൽ ചുരുങ്ങി.
യു.എസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിൽ ആദ്യമായാണ് മുസ്ലിം മേയർ വരുന്നത്. സലാം ബോംബെ, മൺസൂൺ വെഡ്ഡിംഗ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായിക മീര നായരുടെ മകനാണ്. പിതാവ് മഹ്‌മൂദ് മംദാനി ഇന്ത്യൻ വേരുകളുള്ള ഉഗാണ്ടൻ അക്കാഡമിക് വിദഗ്ദ്ധനാണ്. സിറിയൻ കലാകാരി റാമ ഡുവാജിയാണ് മംദാനിയുടെ ഭാര്യ.
പ്രസംഗത്തിൽ നെഹ്റു
' നാം പഴയതിൽ നിന്ന് പുതിയതിലേക്ക് ചുവടുവയ്ക്കുമ്പോൾ, അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ശബ്ദം കണ്ടെത്തുന്നു... ഇന്ന് രാത്രി, നമ്മൾ പഴയതിൽ നിന്ന് പുതിയതിലേക്ക് ചുവടുവച്ചിരിക്കുന്നു..." 1947 ആഗസ്റ്റ് 14ന് നെഹ്‌റു നടത്തിയ ചരിത്ര പ്രസംഗത്തിലെ വരികൾ ഉദ്ധരിച്ചായിരുന്നു മംദാനിയുടെ വിജയ പ്രസംഗം.
മംദാനി വിജയ
ഫോർമുല
1 സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തും, സിറ്റി ബസുകളിൽ സൗജന്യ യാത്ര, ശിശു ക്ഷേമ പദ്ധതി, ഭവന പ്രതിസന്ധി പരിഹരിക്കൽ തുടങ്ങി വാഗ്ദാനങ്ങൾ
2 അദ്ധ്വാനിക്കുന്ന ജനതയ്ക്ക് വേണ്ടി നിലകൊള്ളുന്ന തന്നെ തടയാൻ സമ്പന്നർ ശ്രമിക്കുന്നതിന്റെ തെളിവാണ് രാഷ്ട്രീയ ആക്രമണമെന്ന പ്രചാരണം
3 ട്രംപിന്റെകുടിയേറ്റ വിരുദ്ധ നയങ്ങളെ തുറന്നെതിർത്തു. കഴുത്തറുപ്പൻ തീരുവനയം യു.എസിൽ വിലക്കയറ്റം വരുത്തിവച്ചെന്നും പ്രചാരണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |