
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയയ്ക്കാൻ വൈകുന്നതിൽ സി.പി.ഐയ്ക്ക് അതൃപ്തി. പദ്ധതിയിൽ ഒപ്പുവച്ചതിന് സി.പി.എം നേതൃത്വവുമായി ഇടയുകയും മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുമെന്ന കടുത്ത തീരുമാനമെടുക്കുകയും ചെയ്ത സി.പി.ഐയെ അനുനയിപ്പിക്കാൻ വച്ച പ്രധാന ഉപാധിയായിരുന്നു കേന്ദ്രത്തിനുള്ള കത്ത്. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം സി.പി.ഐ ഉന്നയിക്കുമെന്ന് കരുതിയെങ്കിലും ഉന്നയിച്ചില്ല.
പദ്ധതി നടത്തിപ്പിനെക്കുറിച്ച് പഠിക്കാൻ ഉപസമിതിയെ നിയോഗിക്കാനും സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനുമായിരുന്നു രണ്ട് പാർട്ടികളും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായത്. എന്നാൽ ഇത്ര ദിവസമായിട്ടും കേന്ദ്രത്തിന് കത്ത് അയയ്ക്കാതിരിക്കുകയും സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ആദ്യ ഗഡുവായ 92.41 കോടി കേന്ദ്രം അനുവദിക്കകുയും ചെയ്തതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടെന്ന തോന്നൽ സി.പി.ഐയിൽ ഉടലെടുത്തത്. പി.എംശ്രീ വിഷയത്തിൽ ഉറച്ച നിലപാട് സ്വീകരിക്കുകയും ഏകപക്ഷീയമായി പദ്ധതി ഒപ്പു വച്ച സർക്കാരിനെ പിന്തിരിപ്പിക്കുകയും ചെയ്തത് തങ്ങളുടെ രാഷ്ട്രീയ വിജയമായിട്ടാണ് ചൊവ്വാഴ്ചയിലെ സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗം വിലയിരുത്തിയത്.
എന്നാൽ അഡ്വക്കേറ്ര് ജനറലിന്റെ നിയമോപദേശം കിട്ടിയാലുടൻ കേന്ദ്രത്തിന് കത്തയയ്ക്കുമെന്നാണ് മന്ത്രി വി.ശിവൻകുട്ടി വിശദമാക്കിയത്. ഇക്കാര്യത്തിൽ സി.പി.ഐയ്ക്ക് വിഷമമുള്ളതായി തോന്നുന്നില്ലെന്നും ഏതെങ്കിലും ഒരു പാർട്ടിയുടെ മാത്രം പ്രശ്നമല്ലല്ലോ ഇതെന്നുമായിരുന്നു പ്രതികരണം.
കത്ത് അയയ്ക്കാത്തത് മന്ത്രിസഭ ചർച്ച ചെയ്തില്ല
പി.എം-ശ്രീ പദ്ധതിയിൽ കേന്ദ്രഹസർക്കാരുമായി ഒപ്പിട്ട ധാരണാപത്രത്തിൽ നിന്ന് പിൻവാങ്ങുന്നതായി കേന്ദ്രത്തിന് കത്ത് നൽകാനുള്ള തീരുമാനം നടപ്പാക്കാത്തത് മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചയിലെ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും ഇതുവരെ കത്ത് അയച്ചിരുന്നില്ല.
വിവാദങ്ങളും ആശങ്കകളും കണക്കിലെടുത്ത് മന്ത്രിസഭ ഉപസമിതി റിപ്പോർട്ട് ലഭിക്കുന്നതു വരെ പദ്ധതി നടപ്പാക്കുന്ന കാര്യങ്ങളുമായി മുന്നോട്ടു പോകില്ലെന്ന് കേന്ദ്ര സർക്കാരിനെ കത്ത് മുഖേന അറിയിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നത്. പദ്ധതിയിൽ ഒപ്പിട്ട് ഒരാഴ്ച കഴിയുന്നതിനു മുൻപ് എസ്എസ്കെ പദ്ധതിയിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ ആദ്യ ഗഡു തുകയും കേരളത്തിനു ലഭിച്ചു. കേന്ദ്രത്തിനു ഒരാഴ്ച കഴിഞ്ഞിട്ടും കത്തയയ്ക്കാത്ത നിലപാടിൽ സിപിഐ മന്ത്രിമാർ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് അറിയിക്കുമെന്ന പ്രചാരണം ശക്തമായിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. നിയമോപദേശം തേടുന്നതിന്റെ ഭാഗമായാണ് കത്തയയ്ക്കുന്നത് വൈകുന്നതെന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. നിയമോപദേശം ലഭിക്കുന്ന മുറയ്ക്കു തുടർനടപടി സ്വീകരിക്കും. സിപിഐ മന്ത്രിമാർ എതിർപ്പ് ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫണ്ടിന് ഏതറ്റം വരെയും പോകും: ശിവൻകുട്ടി
അർഹമായ കേന്ദ്രഫണ്ട് നേടിയെടുക്കാൻ ഏതറ്റം വരെയും പോകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്പെഷ്യൽ സ്കൂൾ എഡ്യൂക്കേറ്റേർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സമഗ്ര ശിക്ഷാ ഫണ്ട് കേന്ദ്രം ഉടൻ അനുവദിക്കുമെന്ന് കരുതുന്നു. ഇക്കാര്യം സുപ്രീംകോടതിയിൽ കേന്ദ്രം ഉറപ്പ് നൽകി എന്നാണ് മനസ്സിലാക്കുന്നത്.
രണ്ടു വർഷത്തിനു ശേഷം സമഗ്ര ശിക്ഷ കേരള വിഹിതത്തിലെ ആദ്യ ഗഡു ലഭിച്ചിരിക്കുകയാണ്. ഇത് വിദ്യാഭ്യാസ അവകാശനിയമപ്രകാരം കുഞ്ഞുങ്ങൾക്ക് അർഹതപ്പെട്ടതാണ്. 2023-24 മുതലുള്ള 1158 കോടി കേന്ദ്രം നൽകാനുണ്ട്. 2023-24ൽ 188.58, 2024-25 ൽ 513.14, 2025-26 ൽ 456.1കോടി എന്നിങ്ങനെയാണ് കുടിശ്ശിക. 45 ലക്ഷം കുട്ടികളെ നേരിട്ട് ബാധിക്കുന്ന വിഷയം കേരളത്തിൽ
പ്രതിഫലിക്കാത്തത് കേന്ദ്രവിഹിതത്തിന്റെ ഭാരം സംസ്ഥാനം പേറുന്നത് കൊണ്ടാണ്.
4000 സ്പെഷ്യൽ എഡ്യൂക്കേറ്റർ വേണം
ഒന്ന് മുതൽ അഞ്ചാംക്ലാസ് വരെ പത്ത് കുട്ടികൾക്ക് ഒരു സ്പെഷ്യൽ എഡ്യൂക്കേറ്റർ, അഞ്ചു മുതൽ എല്ലാ ക്ലാസുകളിലും 15 കുട്ടികൾക്ക് ഒരാൾ എന്നതാണ് റീഹാബിലിറ്റേഷൻ കൗൺസിലിന്റെ ശുപാർശ. കേരളത്തിൽ ഒരു സ്പെഷ്യൽ സ്കൂളിൽ ഇത്രയും കുട്ടികൾ ഇല്ല. അതുകൊണ്ട് ഒരുകൂട്ടം സ്കൂളുകളെ ഒരു യൂണിറ്റായി പരിഗണിക്കും. 4000 സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവനമാണ് വേണ്ടിവരിക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |