
തിരുവനന്തപുരം: കോവളം ബീച്ചില്‍ തെരുവ് വിളക്കുകളും,സി.സി ടിവിയും സ്ഥാപിക്കുന്നതിനായി 1.19 കോടി രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് അനുമതിയായി.കോവളത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് നിരവധിത്തവണ കേരളകൗമുദി വാര്‍ത്ത നല്‍കിയിരുന്നു.കോവളം ബീച്ചിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള രണ്ട് പദ്ധതികള്‍ക്കായാണ് 1.19 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്.
പദ്ധതിപ്രകാരം പുതിയ തെരുവുവിളക്കുകളും നിരീക്ഷണത്തിനായി സി.സി ടിവി സംവിധാനവും സ്ഥാപിക്കും.പദ്ധതിക്കുവേണ്ട റിപ്പോര്‍ട്ടും പ്രൊപ്പോസലും തയ്യാറാക്കിയ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ലിമിറ്റഡ് തന്നെയാണ് രണ്ട് പദ്ധതികളും നടപ്പാക്കുന്നത്.ആദ്യ പദ്ധതിപ്രകാരം 80,59,022 രൂപ ചെലവില്‍ നിലവിലുള്ള തെരുവുവിളക്കുകള്‍ നീക്കംചെയ്ത് അഞ്ച് മാസത്തിനുള്ളില്‍ പുതിയവ സ്ഥാപിക്കും.രണ്ടാമത്തെ പദ്ധതിപ്രകാരം കെല്‍ട്രോണ്‍ ലിമിറ്റഡ് നിലവിലുള്ള സി.സി ടിവി സംവിധാനങ്ങള്‍ നീക്കം ചെയ്ത് ബീച്ച് പരിസരത്ത് 38,08,410 രൂപ ചെലവില്‍ പുതിയ ഔട്ട്ഡോര്‍ നിരീക്ഷണ സംവിധാനം സ്ഥാപിച്ച് കമ്മീഷന്‍ ചെയ്യും.മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന ഈ പദ്ധതിക്ക് രണ്ട് വര്‍ഷത്തെ സമഗ്ര വാര്‍ഷിക പരിപാലനവുമുണ്ട്.
സഞ്ചാരികള്‍ എത്തി തുടങ്ങി
വിനോദ സഞ്ചാര സീസണ് തുടക്കം കുറിച്ച് വിദേശ വിനോദ സഞ്ചാരികള്‍ കോവളത്ത് എത്തി തുടങ്ങി. റഷ്യന്‍ സഞ്ചാരികളാണ് ഇവിടെ കൂടുതലായും എത്തിയത്.ആയൂര്‍വേദ ചികിത്സയും തീരകാഴ്ചകളും തേടിയാണ് ഇവര്‍ എത്തിയത്.അടുത്ത മാസത്തോടെ ക്രിസ്തുമസ്,ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി കൂടുതല്‍ വിദേശികള്‍ എത്തുന്നതോടെ തീരം തിരക്കിലമരും.
വികസനം ഇനിയും വേണം
കോവളത്ത് പ്രഖ്യാപിച്ച വികസന പദ്ധതികള്‍ അടുത്ത ഘട്ടത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.അടിസ്ഥാന സൗകര്യ വികസനം,നടപ്പാതകള്‍ പുനര്‍നിര്‍മ്മാണം,സൗന്ദര്യവത്കരണങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ കൂടി നടപ്പിലായാല്‍ കൂടുതല്‍ സഞ്ചാരികള്‍ കോവളത്തേക്ക് എത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |