
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോൾ, ജമ്മു കാശ്മീരിൽ പാക് ഭീകര സംഘടനകൾ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ജമ്മു കാശ്മീരിനെ ലക്ഷ്യമിട്ടുള്ള പാകിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങൾ ആശങ്കപ്പെടുത്തുംവിധം വർദ്ധിച്ചതായായാണ് റിപ്പോർട്ട്. ലഷ്‌കറെ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നീ സംഘടനങ്ങൾ വീണ്ടും മേഖലയിൽ സജീവമാകുന്നു. സെപ്തംബർ മുതൽ ഭീകര സംഘടനകൾ വീണ്ടും നുഴഞ്ഞുകയറ്റവും രഹസ്യാന്വേഷണവും സാധനങ്ങൾ അതിർത്തി കടത്തുന്നതും തുടങ്ങി. ലഷ്‌കറെ ത്വയ്ബയുടെയും ജെയ്‌ഷെ മുഹമ്മദിന്റെയും ഒന്നിലധികം യൂണിറ്റുകൾ നിയന്ത്രണരേഖ കടന്ന് എത്തിയിട്ടുണ്ട്. പാകിസ്ഥാൻ സ്‌പെഷ്യൻ സർവീസസ് ഗ്രൂപ്പിന്റെയും ഐ.എസ്.ഐയുടെയും സഹായത്തോടെയാണ് ഇവരുടെ നുഴഞ്ഞുകയറ്റം.
ഭീകരവാദിയായ ഷംഷേറിന്റെ നേതൃത്വത്തിലുള്ള ലഷ്‌കറെ ത്വയ്ബ യൂണിറ്റ് നിയന്ത്രണരേഖയിലെ ദുർബല മേഖലകൾ കണ്ടെത്താനായി ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തിയിട്ടുണ്ടെന്നും ഇത് വരും ആഴ്ചകളിൽ ആക്രമണം നടക്കാനുള്ള സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ എസ്.എസ്.ജി സൈനികരും ഭീകരരും അടങ്ങിയ പാകിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീമുകളെ പാക്കധീന കാശ്മീരിൽ വിന്യസിച്ചിട്ടുണ്ടെന്നും ഇന്റലിജൻസ് സംശയിക്കുന്നു.
കഴിഞ്ഞ മാസം പാക് അധീന കാശ്മീരിൽ ജമാ അത്തെ ഇസ്ലാമിയുടെയും ഹിസ്ബുൾ മുജാഹിദ്ദീനിന്റെയും ഐ.എസ്.ഐയുടെയും മുതിർന്ന അംഗങ്ങൾ പങ്കെടുത്ത ഉന്നതതല യോഗങ്ങൾ നടന്നിരുന്നു. സജീവമല്ലാത്ത ഭീകര സെല്ലുകളെ പുനരുജ്ജീവിപ്പിക്കാനും മുൻ കമാൻഡോകൾക്ക് സ്‌റ്റൈപൻഡ് നൽകാനും ഓപ്പേറേഷൻ സിന്ദൂറിനിടെയുണ്ടായ നഷ്ടങ്ങൾക്ക് പ്രതികാരം ചെയ്യാനും ഈ യോഗങ്ങളിൽ പദ്ധതി തയ്യാറാക്കിയതാണ് രഹസ്യവിവരം. ഇന്ത്യൻ സുരക്ഷാസേനയ്ക്കും രാഷ്ടീയ പ്രവർത്തകർക്കും എതിരെ ആക്രമണം ശക്തമാക്കാൻ ഭീകരവാദ ഗ്രൂപ്പുകൾക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.
ജമ്മു കാശ്മീർ പൊതുവെ ശാന്തമായിരിക്കുകയും ടൂറിസം ഉൾപ്പെടെ സാധാരണ നിലയിലേക്കെത്തുകയും ചെയ്യുന്നതിനിടെയാണ് പുതിയ നീക്കങ്ങൾ. ജമ്മു കാശ്മീർ പുരോഗതിയിലേക്ക് നീങ്ങുന്നത് തടസ്സപ്പെടുത്താനാണ് പാക് പിന്തുണയുള്ള ഭീകര സംഘടനകളുടെ ശ്രമമെന്ന് സുരക്ഷാസേന മുന്നറിയിപ്പ് നൽകുന്നു.
ഇന്റലിജൻസ് റിപ്പോർട്ട് നിർണായകമാണെന്ന് വിലയിരുത്തിയ സൈന്യം അതീവ ജാഗ്രതയിലാണെന്ന് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |