
ടോക്കിയോ : വടക്കൻ ജപ്പാനിൽ കരടി ശല്യം രൂക്ഷമായതോടെ സൈന്യത്തെ വിന്യസിച്ച് സർക്കാർ. കരടിയുടെ ആക്രമണങ്ങൾ തടയാനാകാതെ നാട്ടുകാരും പ്രാദേശിക ഭരണകൂടങ്ങളും പ്രതിസന്ധിയിലായതോടെയാണ് അവയെ കെണിയിൽ വീഴ്ത്താനുള്ള ദൗത്യം സൈന്യത്തിന് നൽകിയത്.
പർവ്വത-വന പ്രദേശമായ കാസുനോയിൽ നിന്ന് സൈന്യത്തിന്റെ ദൗത്യം തുടങ്ങി. സൈന്യം പിടികൂടുന്ന കരടികളെ പ്രത്യേക പരിശീലനം ലഭിച്ച വേട്ടക്കാർ വെടിവച്ചു കൊല്ലും. കഴിഞ്ഞ ഏതാനും ആഴ്ചകളായി കാസുനോയിൽ ജനങ്ങൾ നേരം ഇരുട്ടിയാൽ വീടിന് പുറത്തിറങ്ങാറില്ല. ഭക്ഷണം തേടി കരടികൾ കാടിറങ്ങി ജനവാസ കേന്ദ്രങ്ങളിൽ എത്താൻ തുടങ്ങിയതോടെയാണ് ഇത്. നിബിഡ വനങ്ങളിലേക്ക് പോകരുതെന്ന് ജനങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏപ്രിൽ മുതൽ നൂറിലേറെ പേരാണ് ജപ്പാനിലുടനീളം കരടിയുടെ ആക്രമണത്തിന് ഇരയായത്. 12 പേർ കൊല്ലപ്പെട്ടു. മരണത്തിൽ മൂന്നിൽ രണ്ട് കേസുകളും കാസുനോ അടങ്ങുന്ന അകിറ്റ പ്രവിശ്യയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവാറ്റെ പ്രവിശ്യയാണ് തൊട്ടുപിന്നിൽ. അകിറ്റയിൽ ഇക്കൊല്ലം 8000ത്തിലേറെ തവണയാണ് കരടികളെ ജനവാസ മേഖലയിൽ കണ്ടെത്തിയത്.
അടുത്ത കാലത്ത് ഒരു സൂപ്പർ മാർക്കറ്റിനുള്ളിലെ കസ്റ്റമേഴ്സിനെയും ബസ് സ്റ്റോപ്പിൽ നിന്ന വിനോദ സഞ്ചാരിയേയും കരടി ആക്രമിച്ചിരുന്നു. കരടിയുടെ ഭീഷണി കണക്കിലെടുത്ത് ചില സ്കൂളുകൾക്ക് താത്കാലിക അവധി നൽകേണ്ടിയും വന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് കരടിയുടെ സാന്നിദ്ധ്യം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് വ്യാപകമായി കാണുന്ന ജാപ്പനീസ് ബ്ലാക്ക് ബിയറുകൾക്ക് 130 കിലോഗ്രാം വരെ ഭാരമുണ്ടാകും. വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ 400 കിലോഗ്രാം വരെ ഭാരമുള്ള ഭീമൻ ബ്രൗൺ ബിയറുകളുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |