
ജോയ് ക്രിസില്‍ഡയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തമിഴ് നടന്‍ മദംപട്ടി രംഗരാജ്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ ക്രിസില്‍ഡ ഗുരുതരമായ ആരോപണങ്ങളാണ് രംഗരാജിനെതിരെ ഉന്നയിച്ചത്. താന്‍ ജോയ് ക്രിസില്‍ഡയെ വിവാഹം കഴിച്ചത് സ്വന്തം ഇഷ്ടത്തോടെയല്ലെന്നും സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ചുള്ള ഭീഷണിയിലാണ് വിവാഹം നടന്നതെന്നും നടന്‍ പറയുന്നു. ജോയ് ക്രിസില്‍ഡ പ്രസവിച്ചത് തന്റെ കുഞ്ഞിനെയല്ലെന്നും ഇക്കാര്യം ഡിഎന്‍എ ടെസ്റ്റ് നടത്തിയാല്‍ തെളിയുമെന്നും നടന്‍ അവകാശപ്പെടുന്നു.
വനിതാ കമ്മീഷനില്‍ തന്റേതെന്ന പേരില്‍ രേഖപ്പെടുത്തിയിരിക്കുന്ന മൊഴികള്‍ തെറ്റാണെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും രംഗരാജ് വ്യക്തമാക്കി. ജോയ് ക്രിസില്‍ഡയെ വിവാഹം കഴിച്ചത് സ്വന്തം ഇഷ്ടത്തോടെയാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നാണ് നടന്റെ അവകാശവാദം. കമ്മീഷന് മുന്നില്‍ കേസ് നടന്നപ്പോള്‍ പ്രതിമാസം ഒന്നര ലക്ഷം രൂപയും അവര്‍ ഉപയോഗിക്കുന്ന ബിഎംഡബ്ല്യു കാറിന്റെ ഇഎംഐ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ താന്‍ ഇൗ ആവശ്യങ്ങള്‍ അപ്പോള്‍ തന്നെ നിരസിച്ചുവെന്നാണ് രംഗരാജ് പറയുന്നത്.
ജോയ് എന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ട് അപകീര്‍ത്തിപ്പെടുത്തുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയതിനാലാണ് വിവാഹം നടന്നത്. 2025 സെപ്റ്റംബറില്‍, വനിതാ പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥയ്ക്കു മുന്നിലും മദ്രാസ് ഹൈക്കോടതിയിലും ഞാന്‍ വിശദമായ മൊഴികള്‍ നല്‍കിയിട്ടുണ്ട്. ഈ വിവാഹം ഭീഷണിയെ തുടര്‍ന്ന് നടത്തിയതാണെന്നും എന്നില്‍ നിന്ന് പണം തട്ടുക എന്ന ഏക ലക്ഷ്യത്തോടെയാണ് ഇത് ചെയ്തതെന്നും ഞാന്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.- നടന്‍ പറയുന്നു.
അതേസമയം, രംഗരാജിന്റെ പ്രതികരണത്തിന് പിന്നാലെ നടന്‍ തനിക്ക് അയച്ച വീഡിയോകള്‍ ക്രിസില്‍ഡ ഇന്‍സ്റ്റാഗ്രാം വഴി പുറത്തുവിട്ടു. സ്‌നേഹത്തോടെയുള്ള സംഭാഷണമാണ് രംഗരാജ് താനുമായി നടത്തിയിരിക്കുന്നതെന്ന് വീഡിയോ കണ്ടാല്‍ മനസ്സിലാകുമെന്നും പണം തട്ടാന്‍ വേണ്ടി ആണെന്ന് അറിയാമായിരുന്നുവെന്ന് പറയുന്നത് പൊള്ളയായ വാദമാണെന്നും ക്രിസില്‍ഡ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |