
തിരുവനന്തപുരം: അമ്മത്തൊട്ടിലിൽ ഇന്നലെ ഒരു പുതിയ അതിഥി കൂടിയെത്തി. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നഗരത്തിലെ അമ്മത്തൊട്ടിലിലാണ് കുഞ്ഞിനെ കിട്ടിയത്. വ്യാഴാഴ്ച രാത്രി 7.50നാണ് രണ്ട് ദിവസം മാത്രം പ്രായമായ 2.65 കി.ഗ്രാം ഭാരമുള്ള ആൺകുഞ്ഞിനെയാണ് സമിതിയിലെ അമ്മമാർക്ക് കിട്ടിയത്.
അലാറം മുഴങ്ങിയ ഉടനെ ദത്തെടുക്കൽ കേന്ദ്രത്തിലെ അമ്മമാർ എത്തുകയായിരുന്നു. കുഞ്ഞിനെ പരിചരണ കേന്ദ്രങ്ങളിൽ എത്തിച്ച് പ്രാഥമിക പരിശോധനകൾ നൽകുകയും ചെയ്തു. തൈക്കാട് കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രിയിൽ എത്തിച്ചാണ് കുഞ്ഞിന് വൈദ്യ പരിശോധനകൾ നൽകിയത്. കുഞ്ഞ് പൂർണ ആരോഗ്യവാനാണ്. ഒക്ടോബർ വിപ്ലവത്തിന്റെ സ്മരണയ്ക്കായി കുരുന്നിന് വ്ളഡിമർ എന്ന് പേരിടുകയും ചെയ്തു. ഒക്ടോബറിൽ മാത്രം തിരുവനന്തപുരത്ത് പത്ത് ദിവസത്തിനിടയിൽ ഏഴ് കുട്ടികളെയാണ് പരിചരണയ്ക്കായി ലഭിച്ചത്. നാല് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് അതിലുണ്ടായിരുന്നത്. സെപ്തംബർ മാസം നാല് കുട്ടികളും അമ്മത്തൊട്ടിലിൽ എത്തി.
'പല കാരണങ്ങളാലാണ് കുട്ടികളെ മാതാപിതാക്കൾ ഉപേക്ഷിക്കപ്പെടാൻ നിർബദ്ധിതരാകുന്നത്. കുഞ്ഞുങ്ങൾക്ക് വേണ്ട പരിചരണവും സംരക്ഷണവും സമിതി ഭംഗിയായി ഏറ്റെടുക്കുന്നുമുണ്ട്. ഇത്തരത്തിൽ ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് അമ്മത്തൊട്ടിലുകളിൽ കുരുന്നുകളുടെ വരവ് വർദ്ധിക്കുന്നത്' - സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പറഞ്ഞു. കുട്ടിയുടെ ദത്തെടുക്കൻ നടപടികൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |