
മികച്ച നടിക്കുള്ള കന്നട സർക്കാരിന്റെ അവാർഡ് ഏറ്റുവാങ്ങാൻ മേഘ്ന രാജ് എത്തിയത് വിവാഹ സാരി ധരിച്ച്. അകാലത്തിൽ വിട പറഞ്ഞ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ ( ചിരു) അപ്പോൾ ഒപ്പമുണ്ടെന്ന ഹൃദയസ്പർശിയായ കുറിപ്പും ചിത്രങ്ങളും മേഘ്ന രാജ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.
'' 2017 ൽ ഞാൻ മൂന്ന് കന്നട ചിത്രങ്ങൾ കരാർ ചെയ്തു. അതിലൊന്ന് നമ്മുടെ ഇന്റസ്ട്രിയിലെ മെഗാ ബഡ്ജറ്റ് ചിത്രമായിരുന്നു. അതുകൊണ്ട് തന്നെ ഇരുവുള്ളവ ബിട്ടു എന്ന ചിത്രം ചെയ്യണമോ വേണ്ടയോ എന്ന രണ്ട് മനസായിരുന്നു എനിക്ക്. അതിനൊപ്പം ഞാൻ എന്റെ വിവാഹ നിശ്ചയത്തിനായി തയ്യാറെടുക്കുകയാണ്, ഇക്കാര്യങ്ങൾ ഞാൻ ചിരുവിനോട് പറഞ്ഞു.
ഒരുമിച്ച അഭിനയിച്ച ആട്ടകാര എന്ന ചിത്രത്തിന് പുറമെ, ചിരു എന്റെ ഒരു സിനിമ ഷൂട്ടിംഗി ന്റെ സെറ്റിൽ മാത്രമേ വന്നിട്ടുള്ളൂ. അത് ഇരുവുള്ളുവ ബിട്ടു എന്ന ചിത്രത്തിന്റേതാണ്. ഞങ്ങൾ ഒരു ക്രൂഷ്യൽ സീൻ എടുക്കുമ്പോൾ ചിരു മോണിറ്ററിന്റെ മുന്നിൽ ഇരിക്കുന്നുണ്ടായിരുന്നു. ആ സീൻ കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ ചിരു പറഞ്ഞു, ഈ സിനിമയ്ക്ക് നിനക്ക് സ്റ്റേറ്റ് അവാർഡ് ലഭിക്കും എന്ന്. 2020 ൽ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ഞാൻ ആദ്യം വിളിച്ചത് ചിരുവിനെയാണ്. അഭിനന്ദനങ്ങൾ കുട്ടിമ്മാ, ഞാൻ പറഞ്ഞില്ലേ നിനക്ക് കിട്ടും എന്ന്, നീ വലിയ വിജയം നേടും- ചിരു സന്തോഷത്തോടെ പറഞ്ഞു. ഇന്ന് ഈ പുരസ്കാരം വാങ്ങാൻ പോകുമ്പോൾ ഞാൻ എന്റെ കല്യാണ സാരി ധരിച്ചത് ആവശ്യമായിരുന്നു എന്നല്ല, അത്യാവശ്യമായിരുന്നു. അവാർഡ് സ്വീകരിക്കാൻ ഞാൻ ചിരുവിനെ കൂടെ കൊണ്ടു പോകേണ്ടതാണ്. മേഘ്ന രാജിന്റെ വാക്കുകൾ 2020 ജൂൺ 7ന് ആണ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. അന്ന് മേഘ്ന നാല് മാസം ഗർഭിണിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |