
ന്യൂഡൽഹി: 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന 56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒഫ് ഇന്ത്യയിൽ (ഐ.എഫ്.എഫ്.ഐ) 81 രാജ്യങ്ങളിൽ നിന്നുള്ള 240ലേറെ സിനിമകൾ പ്രദർശിപ്പിക്കും. ബ്രസീലിയൻ ചലച്ചിത്രകാരൻ ഗബ്രിയേൽ മസാറോയുടെ സൈ- ഫൈ ഫാന്റസി സിനിമ 'ദ ബ്ലൂ ട്രെയിൽ" ആണ് ഉദ്ഘാടന ചിത്രം.
ചലച്ചിത്രോത്സവത്തിന്റെ കർട്ടൻ റെയ്‌സർ പരിപാടി ഇന്നലെ ഡൽഹിയിൽ നടന്നു. ഇത്തവണ 50 വനിതാ സംവിധായകരുടെ സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ഡോ. എൽ.മുരുഗൻ പറഞ്ഞു. ഒ.ടി.ടി അവാർഡുകൾ ഇത്തവണയും ഉണ്ടാകുമെന്നും അറിയിച്ചു.
കൺട്രി ഫോക്കസിൽ ഇത്തവണ ജപ്പാനാണ്. ജപ്പാനിൽ നിന്നുള്ള ആറു മികച്ച സിനിമകൾ ഉൾപ്പെടുത്തും. ചലച്ചിത്രലോകത്തെ ഇതിഹാസങ്ങളായ ഗുരു ദത്ത്, രാജ് ഖോസ്‌ല, റിത്വിക് ഘട്ടക്, പി.ഭാനുമതി, ഭൂപൻ ഹസാരിക, സലിൽ ചൗധരി എന്നിവരെ അനുസ്മരിച്ച് അവരുടെ സിനിമകൾ പ്രദർശിപ്പിക്കും. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ തമിഴ് സൂപ്പർതാരം രജനീകാന്തിനെ സമാപന ചടങ്ങിൽ ആദരിക്കും.
ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളും ഉൾപ്പെടുത്തിയിട്ടുണ്ട്. തമിഴ് ചിത്രമായ അമരനാണ് ഉദ്ഘാടന ചിത്രം. നോൺ ഫീച്ചർ വിഭാഗത്തിൽ കകോരിയാണ് ആദ്യം പ്രദർശിപ്പിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |