
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അടുത്ത പ്രസിഡന്റായി കെ ജയകുമാർ എത്തിയേക്കുമെന്ന് വിവരം. മുൻ ചീഫ് സെക്രട്ടറിയായ അദ്ദേഹത്തിന്റെ പേര് സിപിഎം സജീവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനം പ്രഖ്യാപിക്കും. നിലവിൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്‌ടറാണ്.
സ്വർണപ്പാളി, കട്ടിളപ്പടി വിവാദങ്ങൾ ശബരിമലയിൽ വാർത്താപ്രാഥാന്യം നേടിയിരിക്കുന്ന സമയത്ത് ബോർഡിനെ നയിക്കാൻ ഭരണതലത്തിൽ ഏറെ പരിചയമുള്ളൊരാൾ വേണമെന്നാണ് സിപിഎം ആലോചന. ഇതനുസരിച്ച് മുൻ ചീഫ് സെക്രട്ടറിയും മുൻപ് ശബരിമല സ്‌പെഷ്യൽ കമ്മീഷണർ പദവിയും വഹിച്ച വ്യക്തമായ പരിചയവുമുള്ളതിനാലാണ് ജയകുമാറിനെ പ്രസിഡന്റാക്കുന്നത്.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ ഇന്ന് നടന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പാർട്ടി ചുമതലപ്പെടുത്തി. നാളെ ചർച്ചയ്ക്ക് ശേഷംതന്നെയാകും പേര് പ്രഖ്യാപിക്കുക. മുൻ ഹരിപ്പാട് എം.എൽ.എയും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കയർഫെഡ് ചെയർമാനുമായ ടി.കെ.ദേവകുമാറിനാണ് സാദ്ധ്യതയുണ്ടെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. മുൻ എം.പി എ. സമ്പത്തിന്റെ പേരും പരിഗണിച്ചിരുന്നതായി സൂചന വന്നിരുന്നു. ഇതിനിടെയാണ് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കെ.ജയകുമാറിന്റെ പേര് പരിഗണിച്ചത്.
നിലവിലെ പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെയും ബോർഡ് അംഗം എ.അജികുമാറിന്റെയും കാലാവധി 12 ന് അവസാനിക്കുകയാണ്. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം വിളപ്പിൽ രാധാകൃഷ്ണനാണ് അജികുമാറിന് പകരം അംഗമാവുക. മണ്ഡലകാലം കഴിയും വരെ നിലവിലെ ബോർഡ് തുടരട്ടെയെന്ന നിലപാടായിരുന്നു സർക്കാരിനും ദേവസ്വം വകുപ്പിനും ആദ്യമുണ്ടായത്. കാലാവധി നീട്ടി നൽകാൻ ഓർഡിനൻസ് കൊണ്ടുവരാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതിയുടെ പരാമർശം വരുന്നത്. ഓർഡിനൻസിലൂടെ തുടരാൻ അനുവദിച്ചാൽ കോടതിയിൽ അത് തിരിച്ചടിയുണ്ടാവമോ എന്ന ആശങ്കയും ഉയർന്നു. മാത്രമല്ല, കോടതി പരാമർശമുള്ള സ്ഥിതിക്ക് ഓർഡിനൻസ് ഗവർണർ ഒപ്പു വയ്ക്കാതിരുന്നാലും പ്രതിസന്ധിയാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |