
ന്യൂഡൽഹി: ബംഗ്ലാദേശ് സ്വേച്ഛാധിപത്യ ഭീഷണിയിലാണെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ രാജ്യത്തിന്റെ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും കടുത്ത ഭീഷണിയാണെന്നും വിവിധ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ ഹസീന പറഞ്ഞു. മുഹമ്മദ് യൂനുസിനെ ജനം തിരഞ്ഞെടുത്തതല്ല. സാമ്പത്തികവിദഗ്ദ്ധനാണെങ്കിലും അദ്ദേഹം മികച്ച രാഷ്ട്രീയക്കാരനോ ഭരണാധികാരിയോ അല്ല. ഇടക്കാല സർക്കാരിനുമേൽ യൂനുസിന് നിയന്ത്രണമില്ല. ജനം തിരഞ്ഞെടുക്കാത്ത ഇടക്കാല സർക്കാരിന് ഭരണഘടനാ സാധുതയുമില്ല-ഹസീന പറഞ്ഞു.'ഇന്ത്യ-ബംഗ്ലാദേശ് ബന്ധം തകർക്കാനുള്ള ശ്രമമാണ് ഇടക്കാല സർക്കാർ നടത്തുന്നത്. തനിക്ക് അഭയം നൽകിയ ഇന്ത്യയോട് എന്നും കടപ്പാടുണ്ട്. തനിക്കും പാർട്ടിക്കുമെതിരായ കോടതി നടപടികൾ അന്താരാഷ്ട്ര ക്രമിനൽ കോടതിയിൽ ചോദ്യം ചെയ്യും. തന്റെ സർക്കാരിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ ആളുകൾ കൊല്ലപ്പെട്ടതിൽ നേതാവെന്ന നിലയിൽ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ബംഗ്ലാദേശിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ അവാമി ലീഗ് പങ്കെടുക്കും " - അവർ പറഞ്ഞു. അതേസമയം, ഹസീനയ്ക്ക് അഭയം നൽകുന്നത് തുടരുമെന്ന് കേന്ദ്രസർക്കാർ സൂചിപ്പിച്ചു. 2024 ആഗസ്റ്റ് 5നാണ് ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഹസീന ബംഗ്ലാദേശ് വിട്ട് ഇന്ത്യയിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |