
കൊച്ചി: സർക്കാരിനെതിരായ വിമർശനവും വിയോജിപ്പും പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാൻ മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്നും സഹായം നേരിട്ടു നൽകുന്നതാണ് നല്ലതെന്നും ഫേസ്ബുക്ക് പോസ്റ്റിട്ട എറണാകുളം അയ്യമ്പിള്ളി സ്വദേശി എസ്. മനുവിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്.
അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭരണഘടന നൽകുന്ന അവകാശത്തിൽ തന്നെ വിമർശനവും വിയോജിപ്പും ഉന്നയിക്കാനുള്ള സ്വാതന്ത്ര്യവും വേരൂന്നിയിട്ടുള്ളതാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കോ പൊതുജീവിത ക്രമത്തിനോ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് അഭിപ്രായ പ്രകടനം നിയന്ത്രിക്കാനാവുക. സർക്കാർ നടപടികളെ വിമർശിക്കുന്നത് ഇതിന്റെ പരിധിയിൽ വരില്ലെന്നും കോടതി പറഞ്ഞു.
2019 ആഗസ്റ്റ് 11നായിരുന്നു ഹർജിക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ദുരിതാശ്വാസ സഹായം കിട്ടാത്തതിനാൽ പിണറായി അസ്വസ്ഥനാണെന്നും, നൽകിയാൽ അത് തട്ടിയെടുക്കു"മെന്നുമായിരുന്നു പരാമർശം. പൊതുശല്യത്തിനുള്ള വകുപ്പുകളടക്കം ചുമത്തി എറണാകുളം സെൻട്രൽ പൊലീസ് സ്വമേധയാ കേസെടുത്തു. പൊലീസ് ആക്ട് പ്രകാരം, അവശ്യസേവനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റവും ഹർജിക്കാരനെതിരെ ചുമത്തിയിരുന്നു. എന്നാൽ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, നിയമത്തിൽ പറയുന്ന അവശ്യസേവനങ്ങളുടെ പട്ടികയിൽ വരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |