
ഏറെക്കാലമായി സുരക്ഷിത ആസ്തിയായി കരുതപ്പെടുന്ന സ്വർണവില ഒക്ടോബർ 20 ലെ റെക്കാഡായ ഔൺസിന് 4381 ഡോളറിൽ നിന്ന് 10 ശതമാനത്തിലേറെ ഇടിഞ്ഞു. സമാനമായി ആഭ്യന്തര വിപണിയിലും വിലത്തകർച്ചയുണ്ടായി. 10 ഗ്രാമിന് 1,31,000 രൂപ എന്ന വിലയിൽ നിന്നുണ്ടായ താഴ്ച നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. കൂടുതൽ വാങ്ങണോ, വിറ്റ് ലാഭമെടുക്കണോ എന്നതാണ് അവരെ കുഴക്കുന്ന ചോദ്യം.
ഹ്രസ്വകാല പരിധിയിൽ ഇനിയും ഏകീകരണത്തിന് സാദ്ധ്യതയുണ്ട്. യു.എസ് ഡോളറിന്റ കരുത്ത്, ട്രഷറി യീൽഡ്, ഫെഡ് പണ നയം എന്നിവയായിരിക്കും മുഖ്യ ചാലകങ്ങൾ. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ ഇനിയും വർദ്ധിക്കുകയും ഫെഡ് പണനയം കർശനമാക്കുകയും ചെയ്താൽ സ്വർണവില ഇനിയും കുതിച്ചേക്കും.
ഘടനാപരമായി പിന്തുണ നൽകുന്ന കേന്ദ്ര ബാങ്കുകളുടെ സ്വർണ്ണം വാങ്ങൽ, പണപ്പെരുപ്പ ആശങ്കകൾ, ആഗോള പ്രശ്‌നങ്ങൾ എന്നിവ നില നിൽക്കുവോളം ദീർഘകാല നിക്ഷേപകർക്ക് ഗുണകരമായിരിക്കും. പോർട്ഫോളിയോ വൈവിദ്ധ്യവൽക്കരണത്തിനും സമ്പത്ത് സംരക്ഷണത്തിനും ഏറ്റവും അനുയോജ്യമാണ് സ്വർണം.
അസാധാരണമായ കുതിപ്പിനു ശേഷമുണ്ടായ ആരോഗ്യകരമായ ഇടവേളയാണ് സ്വർണവിലയിൽ ഈയിടെയുണ്ടായ തിരുത്തൽ. നിക്ഷേപകർ കാര്യങ്ങൾ നിരീക്ഷിക്കുകയും പരിഭ്രാന്തി ഒഴിവാക്കുകയും അവരവരുടെ സാമ്പത്തിക ലക്ഷ്യത്തിനനുസരിച്ച് കാര്യങ്ങൾ നീക്കുകയുമാണ് വേണ്ടത്.
1. ലാഭമെടുപ്പ്
ഈ വർഷം ഒക്ടോബർ പകുതി വരെ സ്വർണവിലയിൽ 54 ശതമാനത്തോളം കുതിപ്പുണ്ടായി. വില റെക്കാഡുയരം പ്രാപിച്ചതോടെ നിക്ഷേപ സ്ഥാപനങ്ങളും സ്വർണ ഉത്പാദകരും ലാഭമെടുക്കാൻ തുടങ്ങി. ഇത് വില്പന തരംഗം സൃഷ്ടിച്ചു.
2. വെടി നിർത്തൽ
ഗാസയിലെ വെടി നിർത്തൽ കരാർ ഭൗമ രാഷ്ട്രീയ സംഘർഷത്തിന് പെട്ടെന്ന് അയവുണ്ടാക്കിയത് സുരക്ഷിത ആസ്തി എന്ന സ്വർണത്തിന്റെ പദവിക്ക് ഇളക്കം സൃഷ്ടിച്ചു.
3. ഫെഡ് നയം
യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഒക്ടോബർ ഒടുവിൽ പലിശ നിരക്കിൽ 25 ബി.പി.എസ് കുറവു വരുത്തിയിട്ടും സ്വർണവില ഉയർന്നില്ല. പലിശ കുറയ്ക്കൽ ഇനിയുണ്ടാവില്ലെന്ന് ഫെഡ് മേധാവി ജെറോം പോവെൽ നടത്തിയ പ്രസ്താവന ഫെഡിന്റെ നയ പ്രഖ്യാപനം കൂടിയായി. ഈ വ്യക്തതയില്ലായ്മ യു.എസ് ഡോളറും ട്രഷറി യീൽഡും ശക്തിപ്പെടുത്തിയത് സ്വർണവിലയിൽ സമ്മർദ്ദമേൽപ്പിച്ചു.
4. ട്രഷറി യീൽഡ്
യു.എസ് ട്രഷറി യീൽഡിലുണ്ടായ കുതിപ്പും ഡോളറിന്റെ മൂല്യം വീണ്ടെടുത്തതും സ്വർണത്തിന്റെ ആകർഷണീയത കുറച്ചു. യീൽഡ് വർദ്ധിച്ചതോടെ സ്വർണം പോലുള്ള പലിശ രഹിത ആസ്തികൾ കൈവശം വെയ്ക്കുന്നതിന്റെ ചിലവു കൂടുന്നത് വില്പന സമ്മർദ്ദത്തിലേക്കു നയിച്ചു.
5 ആഗോള സംഘർഷങ്ങൾ
മിഡിൽ ഈസ്റ്റ് സംഘർഷത്തിൽ അയവു വന്നെങ്കിലും, അമേരിക്കയും റഷ്യയും തമ്മിലുള്ള സംഘർഷം വർദ്ധിക്കുകയാണ് ചെയ്തത്. എന്നാൽ, ഇത് സ്വർണവിലയിൽ പ്രതിഫലിച്ചില്ല. നയതന്ത്ര തലത്തിൽ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.
നിക്ഷേപ തന്ത്രം
ലാഭകരമായ സ്ഥിതിയിലുള്ളവർക്ക് ഭാഗികമായ ലാഭമെടുപ്പിനെക്കുറിച്ചു ചിന്തിക്കാവുന്നതാണ്. വരും ആഴ്ചകളിൽ വില താഴ്ന്നു തന്നെ നിൽക്കുകയാണെങ്കിൽ പ്രത്യേകിച്ചും. സാമ്പത്തിക സ്ഥിതി ഭദ്രമായതിനാൽ ദീർഘകാല നിക്ഷേപകർ നിക്ഷേപം നിലനിർത്തുന്നതാണ് നല്ലത്. സ്വർണവിലയിൽ ഇപ്പോഴുണ്ടായ കുറവ് പുതിയ നിക്ഷേപകർക്ക് രംഗപ്രവേശം ചെയ്യാൻ അനുയോജ്യമാണ്. ഗോൾഡ് ഇ.ടി.എഫുകളിലെ എഫ്.ഐ.പിയും സ്വർണനാണയ ബോണ്ടുകളും ശരാശരി ചിലവു കുറവിനും ടൈമിംഗ് റിസ്‌ക് കുറയ്ക്കാനും സഹായിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |