
തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻഡിഎയിൽ ഭിന്നതയെന്ന് റിപ്പോർട്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബിഡിജെഎസ്. നാളെ 20 സീറ്റിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്നാണ് ബിഡിജെഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി മുന്നണി മര്യാദ പാലിച്ചില്ലെന്നാണ് ബിഡിജെഎസിന്റെ വിമർശനം. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം.
അൽപസമയം മുൻപാണ് തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തുവിട്ടത്. ആദ്യഘട്ടത്തിൽ 67 അംഗ സ്ഥാനാർത്ഥി പട്ടികയിൽ പ്രമുഖരെ അടക്കം ഉൾപ്പെടുത്തിയാണ് ബിജെപിയുടെ പ്രഖ്യാപനം. ശാസ്തമംഗലത്ത് മുൻ ഡിജിപി ആർ ശ്രീലേഖ മത്സരിക്കും. കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടം, പാളയത്ത് പത്മിനി തോമസ്, കരമന അജിത് എന്നിവരടക്കം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മുൻ പൂജപ്പുര കൗൺസിലറും കോൺഗ്രസ് നേതാവുമായിരുന്ന മഹേശ്വരൻ നായർ പുന്നയ്ക്കാമുകളിൽ മത്സരിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പട്ടിക പുറത്തുവിട്ടത്. സ്ഥാനാർത്ഥികളെ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഭരിക്കാൻ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |