സുൽത്താൻ ബത്തേരി: കഴിഞ്ഞ 96 വർഷം കൊണ്ട് നേടാൻ കഴിയാതിരുന്ന വികസനവും നേതൃത്വപാടവവുമാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കൊണ്ട് എസ്.എൻ.ഡി.പി യോഗത്തിന് കൈവരിക്കാൻ കഴിഞ്ഞതെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. അപ്പാട് എസ്.എൻ.ഡി.പി ശാഖയുടെ സുവർണ ജൂബിലിയുടെ ഭാഗമായി നിർമ്മിച്ച ശ്രീനാരായണ ധ്യാന പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മൈക്രോ ഫിനാൻസിന്റെ പേരിൽ ഒരു ചില്ലിക്കാശ് പോലും യോഗ നേതൃത്വം കൈപ്പറ്റിയിട്ടില്ല. ഓരോ യൂണിയന്റെയും വ്യക്തികളുടെ പേരിലാണ് മൈക്രോ ഫിനാൻസിൽ ബാങ്ക് ലോൺ നൽകിയത്. ഇതിൽ ചിലർ പണാപഹരണം നടത്തി. ഇവർക്കെതിരെ നിയമനടപടി നടന്നുവരികയാണ്. യോഗത്തെ തകർക്കുക എന്ന ലക്ഷ്യം വച്ച് ചിലർ മൈക്രോ ഫിനാൻസിന്റെ പേരിൽ യോഗ നേതൃത്വത്തിനെതിരെ കേസ് നൽകിയെങ്കിലും കേസ് നിലനിൽക്കുന്നതല്ലെന്ന് പറഞ്ഞ് തള്ളുകയാണുണ്ടായത്. മൂന്ന് പതിറ്റാണ്ടായി തുടർന്നുവരുന്ന യോഗ നേതൃത്വത്തിന്റെ പ്രവർത്തനഫലമായി വിദ്യാഭ്യാസ രംഗത്തും വ്യാവസായിക രംഗത്തും സംഘടനാ തലത്തിലും കാര്യമായ മുന്നേറ്റമാണ് നേടാനായത്. സംഘടനയുടെ ഈ കൂട്ടായ്മ കണ്ട് വിറളി പിടിച്ചവരാണ് സംഘടനക്കെതിരെ ഇപ്പോൾ ഇല്ലാത്ത ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബത്തേരി യൂണിയൻ കൺവീനർ എൻ.കെ.ഷാജി മുഖ്യ പ്രഭാഷണം നടത്തി. കൽപ്പറ്റ യൂണിയൻ സെക്രട്ടറി എം.മോഹനൻ,പി.സി. ബിജു,എം.ഡി.സാബു,രോഹ്ന ബിജുകുമാർ,കെ.എം.ദാസ്,ശ്രീനാഥ് കാക്കനാട്ട്,അഡ്വ.സിബിൽ,ജിഷു,വി.ജി.രാജൻ,വി.ആർ.ശിവൻ,തങ്കപ്പൻ അതംബുങ്കൽ,മോഹനൻ കേളനാം തടത്തിൽ,എം.ഇമ്പിച്ചിക്കുട്ടി,ആർ.പി.നളിനി,എൻ.എൻ.പ്രസാദ് എന്നിവർ പങ്കെടുത്തു.ശാഖ സെക്രട്ടറി പി. ബിന്ദു സ്വാഗതവും എം.ആർ.ശശിധരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |