
തിരുവനന്തപുരം: പ്രസവശേഷമുള്ള അണുബാധയെ തുടർന്ന് കരിക്കകം സ്വദേശി ശിവപ്രിയ മരിച്ച സംഭവത്തിൽ വിശദീകരണവുമായി എസ്.എ.ടി ആശുപത്രി അധികൃതർ. ചികിത്സയിലുണ്ടായിരുന്ന ദിവസങ്ങളിൽ ശിവപ്രിയയും കുഞ്ഞിനും യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്ന് എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു വ്യക്തമാക്കി. ശിവപ്രിയ ആരോഗ്യവതിയെന്ന് പരിശോധനയിൽ വ്യക്തമായ ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. ഗർഭസ്ഥ ശിശുവിന് ചലനം കുറവായിരുന്നുവെന്ന കാരണത്താലാണ് ഒക്ടോബർ 19 ന് ശിവപ്രിയയെ മറ്റൊരു ആശുപത്രിയിൽ നിന്ന് എസ് എ ടി ആശുപത്രിയിലേയ്ക്ക് റഫർ ചെയ്തത് . തുടർന്ന് 37 ആഴ്ച പൂർത്തിയായ ശിവപ്രിയയെ പ്രസവിപ്പിക്കാൻ തീരുമാനിച്ചു. അതിനുവേണ്ട മരുന്നുകളും ചികിത്സയും നൽകുകയും 22 ന് പ്രസവിക്കുകയും ചെയ്തു.
24 ന് ഡിസ്ചാർജ് ചെയ്തശേഷം 26 ന് പനിയും വയറിളക്കവും ബാധിച്ച് ആശുപത്രിയിലെത്തിയ ശിവപ്രിയയ്ക്ക് നടത്തിയ പരിശോധനയിൽ സെപ്ടിക് ഷോക്ക് എന്ന അവസ്ഥ സ്ഥിരീകരിച്ചു. തുടർന്ന് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സ ഏകോപിപ്പിക്കുകയും മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകുകയും ചെയ്തുവെങ്കിലും രോഗാവസ്ഥ മൂർച്ഛിക്കുകയായിരുന്നു. ഞായർ രാവിലെ 11.50 ന് മരിച്ചു.
എല്ലാ ദിവസവും 20 മുതൽ 30 വരെ പ്രസവങ്ങൾ ഇവിടെ നടക്കാറുണ്ട്. ശിവപ്രിയയയുടെ പ്രസവം നടന്ന 22 ന് 17 പ്രസവങ്ങളാണ് നടന്നത്. ഇവർക്കൊന്നും യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു.
എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ.യുള്ള ചികിത്സാ പിഴവിനെ തുടർന്നുള്ള അണുബാധയാണ് ശിവപ്രിയയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പോയപ്പോൾ ചെറിയ പനി ഉണ്ടായിരുന്നു. കൃത്യമായി ആശുപത്രിയിൽ നിന്ന് നോക്കാതെയാണ് വിട്ടത്. പിറ്റേദിവസം പനി കൂടിയതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ വന്നു. ഉള്ള് പരിശോധിച്ചശേഷം ഇവർ പറഞ്ഞു സ്റ്റിച്ച് പൊട്ടിയെന്ന്. സ്റ്റിച്ച് പൊട്ടിയെങ്കിൽ വേദന വരൂല്ലേ? തലകറക്കം വന്നതിന് ശേഷമാണ് എന്നെ വിളിച്ച് കാണിച്ചുതന്നത്. സംസാരിക്കുകയൊക്കെ ചെയ്തിരുന്നു. പിന്നെ ഓരോ ദിവസവും വയ്യാതായി. പിന്നാലെ വെന്റിലേറ്ററിലായി. കഴിഞ്ഞ ദിവസം ഭക്ഷണത്തിനായി ട്യൂബ് ഇട്ടു. അതിന് ശേഷം കണ്ണ് തുറന്നിട്ടില്ല. അണുബാധയേറ്റിരിക്കുന്നത് ആശുപത്രിയിൽ നിന്നാണ്. അതിന്റെ റിപ്പോർട്ട് കെെയിലുണ്ടെന്നും ശിവപ്രിയയുടെ സഹോദരൻ മനു വ്യക്തമാക്കിയിരുന്നു.
അതേസമയം, യുവതിയുടെ മരണത്തിൽ എസ്‌എടി ആശുപത്രിക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിർദേശം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |