
സഞ്ചാരികൾക്ക് വെല്ലുവിളിയായി പുതിയ മദ്യ നിയമങ്ങൾ
കൊച്ചി: സഞ്ചാരികളുടെ മദ്യപാനത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ തായ്ലൻഡ് സർക്കാരിന്റെ നടപടി ടൂറിസം മേഖലയ്ക്ക് വെല്ലുവിളിയാകുന്നു. മദ്യത്തിന്റെ വിൽപ്പനയ്ക്കും ഉപഭോഗത്തിനും നിരോധനമുള്ള നിശ്ചിത സമയത്ത് പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്ന സഞ്ചാരികളിൽ നിന്ന് 27,000 രൂപ(10,000 ബാത്ത്) വരെ പിഴ ഈടാക്കുമെന്ന് ആൽക്കഹോളിക് ബിവറേജ് നിയന്ത്രണ നിയമങ്ങളിൽ വരുത്തിയ ഭേദഗതിയിൽ പറയുന്നു. പുതിയ നിയന്ത്രണങ്ങൾ വെള്ളിയാഴ്‌ച മുതൽ നടപ്പിലായി. 1972ന് ശേഷം തായ്ലൻഡ് മദ്യ നയത്തിൽ സ്വീകരിക്കുന്ന ഏറ്റവും കടുത്ത നടപടിയാണിത്.
നിശാ ആഘോഷങ്ങളെയും മദ്യശാലകളെയും ഏറെ ആശ്രയിക്കുന്ന തായ്‌ലൻഡിലെ ടൂറിസം മേഖലയ്ക്ക് തീരുമാനം കനത്ത തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്. തായ്ലൻഡിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 20 ശതമാനവും ടൂറിസം മേഖലയുടെ സംഭാവനയാണ്. ചെറുകിട റെസ്റ്ററന്റുകൾ മുതൽ വൻ കിട ഹോട്ടലുകാരും ടൂർ ഓപ്പറേറ്റർമാരും തീരുമാനത്തിനെതിരെ രംഗത്തെത്തി.
എന്താണ് മാറ്റം
സൂപ്പർമാർക്കറ്റുകളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും പതിറ്റാണ്ടുകളായി ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ച് മണി വരെ മദ്യ വിൽപ്പനയ്ക്ക് നിരോധനമുണ്ട്. പുതിയ നിയമ ദേദഗതിയിൽ നിയന്ത്രണം വിൽപ്പനക്കാരിൽ നിന്ന് ഉപഭോക്താക്കളിലേക്ക് മാറുകയാണ്. അതായത് രണ്ട് മണിക്ക് മുൻപ് നിയമപരമായി വാങ്ങിയ ബിയർ ഉപഭോക്താവ് നിയന്ത്രണമുള്ള സ്ഥലങ്ങളിൽ വച്ച് കഴിച്ചാൽ പിഴ നൽകേണ്ടി വരും.
നിയന്ത്രണത്തിന് ഇളവുള്ള സ്ഥലങ്ങൾ
ലൈസൻസുള്ള എന്റർടെയിൻമെന്റ് കേന്ദ്രങ്ങൾ, ഹോട്ടലുകൾ, സർട്ടിഫൈഡ് ടൂറിസ്‌റ്റ് സംവിധാനങ്ങൾ, എയർപോർട്ട് ലോഞ്ചുകൾ എന്നിവിടങ്ങളിൽ നിരോധന സമയത്തും മദ്യം നൽകാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |