
വിലയിലെ ചാഞ്ചാട്ടം വിൽപ്പനയ്ക്ക് തിരിച്ചടി
കൊച്ചി: സംസ്ഥാനത്തെ ജുവലറി മേഖലയ്ക്ക് ആശങ്ക സൃഷ്‌ടിച്ച് സ്വർണ വിലയിൽ ചാഞ്ചാട്ടം രൂക്ഷമാകുന്നു. ഒരു മാസമായി രാജ്യാന്തര വിലയിൽ പ്രതിദിനം അസാധാരണമായ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും വ്യാപാര സംഘർഷങ്ങളുമാണ് നിക്ഷേപകരുടെ വിശ്വാസത്തെ ബാധിക്കുന്നത്. അമേരിക്കൻ സർക്കാരിന്റെ ഷട്ട്‌ഡൗൺ അനിശ്ചിതമായി നീളുന്നതിനാൽ പ്രധാനപ്പെട്ട സാമ്പത്തിക വിവരങ്ങൾ ലഭ്യമല്ലാത്ത സാഹചര്യമുണ്ട്.
ഒക്ടോബർ 17ന് ട്രോയ് ഔൺസിന് 4,380 ഡോളർ വരെ ഉയർന്ന സ്വർണ വില പിന്നീട് കുത്തനെ ഇടിഞ്ഞു.ഇതോടെ 97,360 രൂപയിലെത്തി റെക്കാഡിട്ടതിനു ശേഷം കേരളത്തിൽ പവൻ വില മൂക്കുകുത്തി. റെക്കാഡ് ഉയരത്തിൽ നിന്നു വിലയിൽ പത്ത് ശതമാനം ഇടിവാണുണ്ടായത്. പല ദിവസങ്ങളിലും വിലയിൽ രണ്ട് തവണ മാറ്റമുണ്ടായി. ഇതോടെ ചെറുകിട ഉപഭോക്താക്കൾ വിപണിയിൽ നിന്ന് വിട്ടു നിൽക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.
നിലവിൽ പഴയ സ്വർണം മാറ്റിവാങ്ങുന്നതിന് മാത്രമാണ് ഉപഭോക്താക്കൾ താത്പര്യം പ്രകടിപ്പിക്കുന്നത്. ഇപ്പോഴത്തെ നിലയിൽ നിന്ന് വിലയിൽ കാര്യമായ ഇടിവുണ്ടാകില്ലെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് ഭാരവാഹികൾ പറയുന്നു.
വിപണി ഉറ്റുനോക്കുന്നത്
1. അമേരിക്കയിലെ നാണയപ്പെരുപ്പ കണക്കുകൾ
2. വ്യാപാര തീരുവയിൽ അമേരിക്കൻ കോടതി തീരുമാനം
3. അമേരിക്കൻ സർക്കാരിന്റെ ഷട്ട്‌ഡൗണിൽ രാഷ്ട്രീയ ധാരണ
4. വിപണിയിൽ പണമെത്തിക്കാനുള്ള ഫെഡറൽ റിസർവ് നീക്കം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |