
ന്യൂഡൽഹി: ഇന്ത്യയിൽ ഭീകരവാദം നിറയ്ക്കുന്നതിനായി പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസ് ഇന്റലിജൻസ് (ഐഎസ്ഐ)ന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം നിലനിൽക്കുന്നുവെന്ന് വിവരം. 'എസ്1' എന്ന യൂണിറ്റാണ് ഇതിന് വേണ്ടി പ്രവർത്തിക്കുന്നത്. 'സബ്‌വേർഷൻ1' നെയാണ് 'എസ്1' എന്ന് അറിയപ്പെടുന്നത്.
1993ലെ മുംബയ് സ്ഫോടനം മുതൽ പഹൽഗാം ആക്രമണംവരെ ഈ യൂണിറ്റിന്റെ പങ്കാളിത്തത്തോടെയാണ് നടന്നത്. പാകിസ്ഥാൻ ആർമി കേണലാണ് എസ് 1-ന് നേതൃത്വം നൽകുന്നത്. ഗാസി1, ഗാസി2 എന്നിങ്ങനെ അറിയപ്പെടുന്ന രണ്ട് റാങ്കിംഗ് ഓഫീസർമാരും ഇതിലുണ്ട്. ഇസ്ലാമാബാദ് ആസ്ഥാനമായുള്ള ഈ യൂണിറ്റിന്റെ സാമ്പത്തിക സ്രോതസ് മയക്കുമരുന്ന് പ്രവർത്തനങ്ങളാണ്. വ്യത്യസ്ത തരത്തിലുള്ള ബോംബുകളും സ്ഫോടക വസ്തുക്കളും നിർമിക്കാൻ പരിശീലനം നേടിയവരാണ് ഇതിലുള്ളവർ. ഇന്ത്യയുടെ മിക്കയിടങ്ങളിലെയും വിശദമായ ഭൂപടങ്ങൾ ഇവരുടെ പക്കലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
25 വർഷമായി പ്രവർത്തിക്കുന്ന എസ് 1 യൂണിറ്റിനെക്കുറിച്ച് അടുത്തിടെയാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ മനസിലാക്കുന്നത്. പാകിസ്ഥാനിലെ ഒട്ടുമിക്ക ഭീകരഗ്രൂപ്പുകളുമായി ഒന്നിച്ചാണ് എസ്1 പ്രവർത്തിക്കുന്നത്. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നീ സംഘടനകളുടെ പരിശീലന ക്യാമ്പുകളിലും എസ് 1 ഉദ്യോഗസ്ഥരെ കണ്ടതായും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. സാധാരണക്കാരുടെ വേഷമണിഞ്ഞ് ഇത്തരക്കാർ അവിടുള്ളവരുമായി ഇഴുകിച്ചേരാനും ശ്രമിക്കുകയാണ്. അതീവ രഹസ്യമായാണ് എസ് 1 യൂണിറ്റ് പ്രവർത്തിക്കുന്നത്. ഇതിനോടകം നിരവധി ഭീകരവാദികളെ എസ് 1 പരിശീലിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |