
തിരുവനന്തപുരം: കടം വരുത്തിവയ്ക്കുന്നതിൽ സംസ്ഥാന സർക്കാരും ജനങ്ങളും മത്സരിക്കുന്നു.. ഏറ്റവും കൂടുതൽ പൊതുകടമുള്ള രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ കേരളം ഒൻപതാമതാണെങ്കിലും സ്വയം കടക്കെണിയിലാകുന്നതിൽ ജനങ്ങൾ മൂന്നാം സ്ഥാനത്താണ്. കേരളത്തിലെ കുടുംബങ്ങളിൽ 29.9% കടബാദ്ധ്യതയിലാണ്. വീടുകളുടെയും വാഹനങ്ങളുടെയും വായ്പകൾ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇരട്ടിയായി. വിദ്യാഭ്യാസവായ്പകൾ 30%വർദ്ധിച്ചു.
വീടുവായ്പകൾ 45%, വിദ്യാഭ്യാസ വായ്പകൾ 18%, വ്യക്തിഗത വായ്പകൾ 27%, വാഹന വായ്പകൾ എന്നിങ്ങനെയാണ് അതിന്റെ പോക്ക്.
വായ്പകളുടെ തിരിച്ചടവ് മുടക്കുന്നവരുടെ എണ്ണം 18% വർദ്ധിച്ചത് സാമ്പത്തിക അസ്ഥിരതയിലേക്കാണ് കേരളത്തിന്റെ പോക്കെന്നതിന്റെ സൂചനയായി.
സംസ്ഥാനം മാത്രമല്ല കേരളത്തിലെ ജനങ്ങളും കടക്കെണിയിലാണെന്നും ഈ പോക്ക് ശരിയല്ലെന്നും സെൻട്രൽ സ്റ്റാറ്റിക്സ് ഓഫീസ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് മുന്നറിയിപ്പ് നൽകുന്നത്.
വടക്കേ ഇന്ത്യയിൽ കടംവാങ്ങൽ ജീവൽ പ്രശ്നമല്ല, ദക്ഷിണേന്ത്യയിൽ അത് ജീവിതരീതിയുടെ ഭാഗമാണ്.
മികച്ചവീടുകൾ, ലേറ്റസ്റ്റ് വാഹനം, മികച്ച വിദ്യാഭ്യാസം, വിദേശയാത്രകൾ, മെഡിക്കൽ സുരക്ഷ ഇവയൊക്കെ വായ്പയിലൂടെ കൈവരിക്കാനുള്ള പ്രവണത കേരളത്തിൽ അതിശക്തമാണ്.
സർക്കാരിൽ സർവം കടമയം
1. സാമൂഹിക ക്ഷേമപദ്ധതികൾ പെൻഷൻ,മെഡിക്കൽ സഹായം,കിഫ്ബി പദ്ധതികൾ എന്നിവ വായ്പയെ ആശ്രയിച്ചാണ്. നെല്ല് സംഭരണം പോലെയുള്ള കാര്യങ്ങളും വായ്പയെടുത്താണ് കൊടുത്തുതീർക്കുന്നത്. ലൈഫ് മിഷൻ പോലുള്ള ഭവനപദ്ധതികളും വായ്പകൊണ്ടാണ് നിറവേറ്റുന്നത്. ശമ്പളം,പെൻഷൻ പോലുള്ളവ നൽകുന്നത് വായ്പയിലൂടെയാണ്.
2. പ്രതിമാസം 15000കോടിയോളം ചെലവ് ചെയ്യുമ്പോൾ 3000കോടിയോളവും കണ്ടെത്തുന്നത് വായ്പയിലൂടെയാണ്. ഇതിനിടയിലാണ് 10000കോടിയോളം രൂപയുടെ ബാദ്ധ്യതയുണ്ടുക്കുന്ന ക്ഷേമപെൻഷൻ അടക്കമുള്ളവയുടെ വർദ്ധന പ്രഖ്യാപിച്ചത്. ജി.എസ്.ടി.നികുതി പരിഷ്കരണത്തിലൂടെ 10000കോടിയോളം രൂപയുടെ വരുമാനക്കുറവുണ്ടാകുമെന്ന് ധനമന്ത്രി ആവർത്തിക്കുമ്പോഴാണ് പുതിയ ബാദ്ധ്യതകൾ ഏറ്റെടുക്കുന്നത്.
3. ജീവനക്കാർക്ക് ക്ഷാമബത്ത കുടിശികകൾ കൊടുക്കാനാകുന്നില്ല.സർക്കാർ ജീവനക്കാർക്ക് ആരോഗ്യഇൻഷ്വറൻസ് കാര്യക്ഷമമല്ല,ശമ്പളപരിഷ്ക്കരണത്തിന്റെ കുടിശിക നൽകിയിട്ടില്ല. കുടിശികയുടെ പകുതിയും ഈ സാമ്പത്തികവർഷാവസാനം പി.എഫിൽ ലയിപ്പിക്കുമെന്നും ഒരുവർഷം കഴിഞ്ഞ് എടുക്കാമെന്നുമാണ് ഉറപ്പ്. ഈ ഉറപ്പ് മൂന്നാമത്തെ തവണയാണ് ആവർത്തിക്കുന്നത്.
ഡിസംബർ വരെ 29529കോടിയാണ് വായ്പാലഭ്യത.നിലവിൽ 26000കോടി വായ്പയെടുത്ത് തീർന്നു.
വീടുവയ്പിലെ കടം
ആന്ധ്രാപ്രദേശ്...................................................43.7%
തെലങ്കാന...............................................................37.2%
കേരള.........................................................................29.9%
തമിഴ്നാട്................................................................29.4%
കർണാടക................................................................23%
ഡൽഹി......................................................................3.2%
ചണ്ഡീഗഡ് ..............................................................6.5%
കടക്കെണിയിൽ
മുന്നിൽ തമിഴ്നാട്
(2025 സാമ്പത്തിക വർഷം, തുക ലക്ഷം കോടിയിൽ)
തമിഴ്നാട് ..................................................................8.3
ഉത്തർപ്രദേശ്...........................................................7.7
മഹാരാഷ്ട്ര...............................................................7.2
പശ്ചിമബംഗാൾ ......................................................6.6
കർണാടക..................................................................6.0
രാജസ്ഥാൻ................................................................5.6
ആന്ധ്രാപ്രദേശ് .......................................................4.9
ഗുജറാത്ത്..................................................................4.7
കേരളം...........................................................................4.3
മധ്യപ്രദേശ്.................................................................4.2
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |