SignIn
Kerala Kaumudi Online
Tuesday, 11 November 2025 9.07 AM IST

മുന്നണികളിൽ സീറ്റുചർച്ച തുടരുന്നു; കോർപറേഷനിൽ കടുക്കും

Increase Font Size Decrease Font Size Print Page
corparation

 കോൺഗ്രസ്-ലീഗ് രണ്ടാംഘട്ട ചർച്ചയിലും സമവായമായില്ല

കണ്ണൂർ: ചെങ്കോട്ടയായാണ് പൊതുവെ കണ്ണൂർ ജില്ല അറിയപ്പെടുന്നതെങ്കിലും കണ്ണൂർ കോർപ്പറേഷനിൽ കാര്യങ്ങൾ അങ്ങനെയല്ല. കോർപറേഷനായി ഉയർത്തപ്പെട്ടതിന് ശേഷം 2015ൽ ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ പക്ഷെ കോൺഗ്രസ് വിമതനായ പി.കെ.രാഗേഷിന്റെ സഹായത്തോടെ നഗരഭരണം പിടിക്കാനായെങ്കിലും അടുത്ത തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ശക്തമായി തിരിച്ചുവന്നു. സംസ്ഥാനത്തെ മറ്റ് അഞ്ച് കോർപറേഷനുകളും കൈയിലെത്തിയെങ്കിലും കണ്ണൂർ എൽ.ഡി.എഫിനെ കൈവിടുകയായിരുന്നു.

കൈവിട്ട ഭരണം ഏതുവിധേനയും തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കോർപറേഷനിൽ എൽ.ഡി.എഫ് നടത്തുന്നത്. മരയ്ക്കാർകണ്ടി മലിനജല പ്ളാന്റ് സംബന്ധിച്ച് വൻ അഴിമതിയാരോപണവുമായി യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയ്ക്കെതിരെ അതിശക്തമായ പ്രചാരണമാണ് എൽ.ഡി.എഫ് നടത്തുന്നത്.

മുന്നണിയിലെ ധാരണയനുസരിച്ച് ആദ്യ ഊഴത്തിൽ കോൺഗ്രസിലെ അഡ്വ.ടി.ഒ.മോഹനനായിരുന്നു കോർപറേഷൻ മേയർ.അവസാന രണ്ടുവർഷംമുസ്ലിം ലീഗിലെ മുസ്‌ലീഹ് മഠത്തിലിന് പദവി കൈമാറി. കഴിഞ്ഞ ദിവസങ്ങളിലായി സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് മേയർക്കെതിരെ ഉന്നയിച്ച ആഴിമതി ആരോപണങ്ങളാണ് നിലവിൽ എൽ.ഡി.എഫിന് കോർപ്പറേഷനെതിരായുള്ള പ്രധാന തിരഞ്ഞെടുപ്പ് ആയുധം.മരക്കാർകണ്ടിയിലെ മലിനജല ശുദ്ധീകരണ പ്ലാന്റുമായി 167.6 കോടി രൂപയുടെ അഴിമതിയാണ് മേയർക്കെതിരെ സി.പി.എം ജില്ലാ സെക്രട്ടറി ആരോപിച്ചത്.കെ.കെ.രാഗേഷിനെതിരെ കേസുമായി മുന്നോട്ടു പോകുമെന്നായിരുന്നു മേയറുടെ പ്രതികരണം.ഈ വിഷയത്തിൽ ഇരു മുന്നണികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

ആറാമത്തെ കോർപറേഷൻ

സംസ്ഥാനത്തെ ആറാമത്തെയും ഏറ്റവും അവസാനം രൂപീകരിച്ചതുമായ കോർപറേഷനാണ് കണ്ണൂർ കോർപറേഷൻ. മിലിറ്ററി കന്റോൺമെന്റ് ആയിരുന്ന കണ്ണൂർ 1867ലാണ് നഗരസഭയായി മാറിയത്. 2015 നവംബർ ഒന്നിന് കോർപറേഷനായി മാറി. കണ്ണൂർ നഗരസഭയും സമീപ പഞ്ചായത്തുകളായ എളയാവൂർ, പള്ളിക്കുന്ന് ചേലോറ, എടക്കാട് പഞ്ചായത്തുകളും കൂട്ടിച്ചേർത്തായിരുന്നു കോർപറേഷൻ രൂപീകരണം.

രാഗേഷ് ഇഫക്ട്

ആദ്യതിരഞ്ഞെടുപ്പിൽ ആകെയുള്ള 55 ‌ഡിവിഷനുകളിൽ 27 വീതം നേടി ഇരു മുന്നണികളും തുല്യത പാലിക്കുകയായിരുന്നു. അന്ന് കോൺഗ്രസ് വിമതനായി മത്സരിച്ചുജയിച്ച പി.കെ. രാഗേഷിന്റെ പിന്തുണയോടെ എൽ.ഡി.എഫ് ഭരണം നേടി. എന്നാൽ ഈ ഭരണസമിതി കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പി.കെ. രാഗേഷ് പിന്തുണ പിൻവലിച്ച് യു.ഡി.എഫ് ക്യാമ്പിലേക്ക് തിരിച്ചെത്തിയതോടെ സി.പി.എമ്മിന് ഭരണം നഷ്ടമായി.രാഗേഷിന്റെ പിന്തുണയോടെ കോൺഗ്രസിലെ സുമ ബാലകൃഷ്ണൻ മേയറായി ഏഴുമാസം ഭരിച്ചു.മുൻധാരണ പ്രകാരം പിന്നീട് മുസ്ലിം ലീഗിലെ സി.സീനത്തിന് മേയർ സ്ഥാനം കൈമാറി.പി.കെ രാഗേഷ് കോൺഗ്രസിലേക്ക് ചേക്കേറിയത് എൽ.ഡി.എഫിന്റെ കണക്കു കൂട്ടലുകൾ തെറ്റിക്കുകയായിരുന്നു. 2020ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 34 സീറ്റുകൾ നേടിയപ്പോൾ എൽ.ഡി.എഫ് വെറും 19 ഡിവിഷനുകളിൽ ഒതുങ്ങി. ഈ തവണ ബി.ജെ.പി ആദ്യമായി

തങ്ങളുടെ അക്കൗണ്ട് തുറക്കുകയും ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനായ കെ.കെ.രാഗേഷ് കോൺഗ്രസിൽ നിന്ന് വീണ്ടും പുറത്താക്കപ്പെട്ട് ഭരണസമിതിയ്ക്കെതിരെ ശക്തമായി നിലകൊള്ളുന്ന കാഴ്ചയും പിന്നീട് കണ്ടു. പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിർത്തിയതോടെയാണ് രാഗേഷ് കോൺഗ്രസിന് പുറത്തായത്. പല വാർഡുകളിലും രാജീവ് കൾച്ചറൽ ഫോറത്തിന്റെ പേരിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്ന് രാഗേഷ് നേരത്തെ പ്രഖ്യാപിച്ചിട്ടുമുണ്ട്.

തർക്കത്തിൽ തട്ടി യു.ഡി.എഫ് സീറ്റ് വിഭജനം നീളുന്നു
യു.ഡി.എഫിലെ സീറ്റ് വിഭജനചർച്ച രണ്ടുതവണയും തീരുമാനമാകാതെ പിരിയുകയായിരുന്നു.മുസ്ലിംലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്.കോർപറേഷനുകളിൽ നിലവിലെ സ്ഥിതി തുടരാനാണ് സംസ്ഥാന തല തീരുമാനമെന്നായിരുന്നു കോൺഗ്രസ് നിലപാട്.ലീഗ് ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ ചർച്ച വഴിമുട്ടി.പാർട്ടിയുടെ ശക്തിക്ക് അനുസരിച്ച സീറ്റ് കിട്ടണമെന്നാണ് ലീഗിന്റെ വാദം.വാരം, വെത്തിലപ്പള്ളി, ആദികടലായി, തെക്കിബസാർ ഡിവിഷനുകളാണ് ലീഗ് ആവശ്യപ്പെട്ടത്. കോൺഗ്രസ് കടുത്ത നിലപാട് സ്വീകരിച്ചതോടെ മുസ്ലീംലീഗ് പ്രതിനിധികൾ യോഗത്തിൽ നിന്ന് ഇറങ്ങിപോവുകയായിരുന്നു.

ഒരു വാർഡ് വർദ്ധിച്ചു

ഇത്തവണ ഒരു ഡിവിഷനാണ് കോർപറേഷനിൽ വർദ്ധിച്ചത്.പുതുതായി രൂപീകരിക്കപ്പെട്ട കാഞ്ഞിര ഡിവിഷൻ വിഭജിച്ചത് ൽ.ഡി.എഫിന് അനുകൂലമായാണെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. എന്നാൽ ഫലത്തെ ബാധിക്കില്ലെന്ന നിലപാടിലാണ് മുന്നണി. ഈ വാർഡ് സ്ത്രീ സംവരണമാണ്.

കണ്ണൂർ കോർപറേഷൻ കക്ഷി നില

ആകെ വാർഡ് - 55 (പുതുതായി 1)
കോൺഗ്രസ് -20
ലീഗ് - 14
സി.പി.എം -19
ബി.ജെ.പി -1
സ്വതന്ത്രൻ -1

ഏറെ അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത്.നിരവധി പദ്ധതികൾ പൂർത്തികരിക്കാൻ കോർപ്പറേഷന് സാധിച്ചു.സ്വപ്ന പദ്ധതിയായ മൾട്ടി ലെവൽകാർപാ‌ർക്കിംഗ് ഉൾപ്പെടെ ജനങ്ങൾക്ക് തുറന്ന് നൽകി.സൗന്ദര്യവത്ക്കരണം, കോർപറേഷൻ പരിധിയിലെ മുഴുവൻ വിടുകൾക്കും കുടിവെള്ള കണക്ഷൻ, രണ്ടായിരത്തോളം റോഡുകളുടെ ടാറിംഗ് എന്നിവയെല്ലാം പൂർത്തിയാക്കി. ഭിന്നശേഷിക്കാർ പട്ടികജാതി പട്ടികവർഗം മത്സ്യത്തൊഴിലാളികൾ എന്നിങ്ങനെ ഓരോ വിഭാഗത്തിന്റെയും ക്ഷേമത്തിനും ഉന്നമനത്തിനും വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.

മേയർ,മുസ്ലീഹ് മഠത്തിൽ

അഴിമതിയിൽ മുങ്ങിയ ഭരണമാണ് കോർപ്പറേഷന്റേത്.ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ട് മാത്രമാണ് ചില പദ്ധതികളുടെ ഉദ്ഘാടനം പേരിന് നിർവ്വഹിച്ചത്.വികസന പ്രവർത്തനങ്ങളെല്ലാം താളം തെറ്റിക്കിടക്കുകയാണ്.

എൻ.സുകന്യ,എൽ.ഡി.എഫ്

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.