ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ സ്ഥാനാർത്ഥി നിർണയം സി.പി.എമ്മിന് തലവേദനയാകുന്നതായി സൂചനയുണ്ട്. ചില നേതാക്കളെ സ്ഥാനാർത്ഥിയാക്കിയാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വിട്ടു നിൽക്കുമെന്നും റെബലായി മൽസരിക്കുമെന്നും ഒരു വിഭാഗം പ്രവർത്തകർ മുന്നറിയിപ്പ് നൽകിയതായാണ് പുറത്തുവരുന്ന വിവരം. പ്രശ്നപരിഹാരത്തിന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കുടിയായ പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചർച്ച നടന്നെങ്കിലും ഫലം കണ്ടില്ല.
ഘടകകക്ഷികളുമായി ചർച്ചകൾ പ്രശ്‌നമില്ലാതെ പുരോഗമിക്കുന്നതിനിടയിലാണ് നഗരസഭയിലെ സ്‌ഥാനാർത്ഥി നിർണയം സി.പി.എമ്മിന് തലവേദനയാകുന്നത്. നഗരത്തിൻറെ വടക്കൻ മേഖലയിലെ ചില വാർഡുകളിലെ സ്‌ഥാനാർത്ഥി നിർണയമാണ് പരിഹരിക്കാൻ പറ്റാതെ നീളുന്നത്. സി.പി.എമ്മും ഘടക കക്ഷികളും തമ്മിലുള്ള ചർച്ചയും തുടരുകയാണ്. നിലവിലുള്ള വാർഡുകളിൽ അവരവർ മൽസരിക്കുക എന്നതാണ് ധാരണ. അധികമായുണ്ടായ വാർഡ് വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സി.പി.എം വഴങ്ങിയിട്ടില്ല. എൻ.സി.പി മൽസരിക്കുന്ന മുല്ലയ്ക്കൽ വാർഡ് സി.പി.എം ഏറ്റെടുത്ത് മറ്റൊരു വാർഡ് നൽകാമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ടെങ്കിലും ചർച്ച തുടരുകയാണ്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ അടുത്ത ദിവസം സി.പി.എം ജില്ല കമ്മിറ്റി യോഗവും ചേരും. യു.ഡി.എഫിൽ പല വാർഡുകളിലും മൂന്നിലധികം പേരുകൾ ഉയർന്നത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടുമുണ്ട്. കേരള കോൺഗ്രസ് കഴിഞ്ഞതവണ മത്സരിച്ച സീറ്റ് വനിതാ സംവരണമായതോടെ ജനറൽ സീറ്റ് ആവശ്യപ്പെട്ടു. ബി.ജെ.പി സ്ഥാനാർത്ഥി നിർണയം ഏറെക്കുറെ പൂർണമാണ്. പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനായി മുൻ കൗൺസിലറടക്കം മത്സരരംഗത്ത് നിന്ന് മാറി നിൽക്കുന്നുണ്ട്.
ഭരണം : എൽ.ഡി.എഫ്
കക്ഷിനില
സി.പി.എം - 24
സി.പി.ഐ - 9
കോൺഗ്രസ് - 10
ബി.ജെ.പി - 3
സ്വതന്ത്രൻ - 1
കേരള കോൺ - 1
എസ്.ഡി.പി.ഐ - 1
എൽ.ജെ.ഡി - 1
പി.ഡി.പി - 1
എൻ.സി.പി - 1
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |