
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചതോടെ തെരുവുനായ്‌ശല്യം മുതൽ റോഡുകളുടെ നിർമ്മാണത്തിലെ കാലതാമസമടക്കമുള്ള വിഷയങ്ങൾ പ്രചാരണവഴികളിൽ തീപാറിക്കും. ഗ്രാമ, നഗര ജീവിതങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങൾ യു.ഡി.എഫും എൻ.ഡി.എയും പ്രചാരണ ആയുധമാക്കുമ്പോൾ പഞ്ചായത്തുകളിലെ വാർഡുകൾ മുതൽക്കുള്ള വികസനനേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞാകും എൽ.ഡി.എഫിന്റെ പ്രചാരണം.
ദേശീയ, സംസ്ഥാന പാതകളിൽ നിർമ്മാണപ്രവർത്തനങ്ങൾ വലയ്ക്കുന്നുണ്ടെങ്കിലും പഞ്ചായത്ത് റോഡുകളും ബൈപ്പാസുകളും ആധുനികരീതിയിൽ പൂർത്തിയാക്കാനായതാണ് ഇടതുമുന്നണി ചൂണ്ടിക്കാട്ടുക.
കോർപറേഷൻ നിർണായകം
തൃശൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി സജീവമായി രംഗത്തുണ്ട്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് പൾസ് തൃശൂരിൽ നിന്ന് അറിയാമെന്നായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിക്കുന്നതിന് തൊട്ടുമുൻപ് സുരേഷ് ഗോപിയുടെ പ്രതികരണം. എൽ.ഡിഎഫിനായി പ്രചാരണത്തിനിറങ്ങില്ലെന്ന് മേയർ എം.കെ.വർഗീസ് വ്യക്തമാക്കിക്കഴിഞ്ഞു. സ്വതന്ത്രനായാണ് നിൽക്കുന്നതെന്നും ആർക്കാണ് തന്നെ ആവശ്യം എന്നതിനനുസരിച്ച് മൂന്നു മാസത്തിനുശേഷം തീരുമാനമെടുക്കുമെന്നാണ് എം.കെ.വർഗീസിന്റെ നിലപാട്. ശക്തമായ മത്സരത്തിന് എൻ.ഡി.എ തന്ത്രങ്ങൾ മെനയുമ്പോൾ കോർപറേഷൻ തിരഞ്ഞെടുപ്പിൽ തീപ്പൊരി പാറുമെന്ന് ഉറപ്പായി.
ജില്ലാ പഞ്ചായത്ത് പോരാട്ടം കടുക്കും
ജില്ലാ പഞ്ചായത്തിലെ 29 ഡിവിഷനുകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 24 എണ്ണത്തിലാണ് വിജയിച്ചത്. യു.ഡി.എഫിന് അഞ്ച് ഡിവിഷനാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തിൽ ബി.ജെ.പി വെല്ലുവിളിയാകില്ലെന്നാണ് എൽ.ഡി.എഫും യു.ഡി.എഫും കരുതുന്നത്.
തിരിച്ചുപിടിക്കാനും നിലനിറുത്താനും
ഏഴ് നഗരസഭകളിൽ എൽ.ഡി.എഫ് അഞ്ചിടത്താണ് ഭരിച്ചത്, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം. ചാലക്കുടിയും ഇരിങ്ങാലക്കുടയുമാണ് യു.ഡി.എഫിന് ലഭിച്ചത്. 86 പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് 69 എണ്ണത്തിലായിരുന്നു ഭരണം. യു.ഡി.എഫ് 16ലും ബി.ജെ.പി ഒരു പഞ്ചായത്തിലും. 16 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് 13 എണ്ണത്തിൽ ഭരിച്ചപ്പോൾ യു.ഡി.എഫിന് ലഭിച്ചത് മൂന്നെണ്ണം. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ, ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫും നിലനിറുത്താൻ എൽ.ഡി.എഫും ജീവൻമരണ പോരാട്ടം പുറത്തെടുക്കുമെന്ന് ഉറപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |